കൂത്തുപറമ്പ്: കോളയാട് കെഎസ്ഇബി ഓഫീസിന് മുന്നിൽ സൂക്ഷിച്ചിരുന്ന എട്ടു ലക്ഷത്തോളം രൂപ വില വരുന്ന കമ്പികളും വയറുകളും മോഷ്ടിച്ചു കടത്താൻ ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശികളായ രവി, അമൻ കുമാർ എന്നിവരെയാണ് കണ്ണവം പൊലിസ് പിടികൂടിയത്.
മോഷണ വസ്തുക്കൾ കടത്താൻ ഉപയോഗിച്ച ഹരിയാന രജിസ്ട്രേഷനിലുള്ള നാഷണൽ പെർമിറ്റ് ലോറിയും പൊലിസ് കസ്റ്റഡിയിൽ എടുത്തു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കണ്ണവം എസ്ഐ അനൂപ് കെ. ഗോവിന്ദും സംഘവും നടത്തിയ പരിശോധനയിൽ കണ്ണവത്ത് നിന്നു തൊടീക്കളത്തേക്ക് പോകുന്ന വഴിയിൽ ലോറി നിർത്തിയിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കവർച്ചാ സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലിസിന് ലഭിക്കുന്ന വിവരം.
നേരത്തെ മട്ടന്നൂർ മേഖലയിലും സമാന രീതിയിൽ കെഎസ്ഇബിയുടെ വസ്തുക്കൾ കടത്തിക്കൊണ്ടു പോകാൻ ശ്രമം നടന്നിരുന്നു.
