ആ യുവാവ് ആര് ? കൊലചെയ്യപ്പെട്ട യുവതിയും ഒരു യുവാവും ആള്‍ട്ടോ കാറില്‍ പോകുന്നത് കണ്ടതായി ട്രാഫിക് പോലീസിന്റെ വെളിപ്പെടുത്തല്‍; മോഷണശ്രമമല്ലെന്നു സൂചന

yuvathiമട്ടാഞ്ചേരി: വഴിയോരത്ത് പാര്‍ക്ക് ചെയ്തിരുന്ന ലോറിക്കടിയില്‍ യുവതിയെ കൊന്നുതള്ളിയത് മോഷണത്തിന് വേണ്ടിയല്ലെന്നു സൂചന.  ശരീരത്തിലെ മുഴുവന്‍ സ്വര്‍ണവും നഷ്ടപ്പെടാത്തതും കൊലചെയ്യപ്പെട്ട യുവതിയും മറ്റൊരു യുവാവും ആള്‍ട്ടോ കാറില്‍ പോകുന്നത് കണ്ടതായി ട്രാഫിക് പോലീസിന്റെ വെളിപ്പെടുത്തലകളും അന്വേഷണം മറ്റൊരു ദിശയിലേക്ക് എത്തിച്ചിരിക്കുകയാണ്. എന്നാല്‍, അന്വേഷണം വഴിതെറ്റിക്കാനായിരിക്കാം ആഭരണങ്ങള്‍ പ്രതികള്‍ എടുത്തുമാറ്റിയതെന്നും പോലീസ് കണക്കുകൂട്ടുന്നു. ഇവരുടെ ശരീരത്തില്‍ ഉണ്ടായിരുന്ന 14 പവന്‍ സ്വര്‍ണാഭരണങ്ങളില്‍ 12 പവന്‍ കാണാതായതും ശരീരത്തില്‍ കണ്ട മുറിവേറ്റ പാടുകളും യുവതിയുടെ കൊലപാതകം മോഷണശ്രമത്തിനിടെയാണെന്നു തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് പോലീസ് പറയുന്നത്.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി തെളിഞ്ഞിട്ടുണ്ട്. കാറില്‍ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം ഇവിടെ കൊണ്ടുവന്ന് ഉപേക്ഷിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാര്‍ വന്നു പോയതിന്റെ പാടുകള്‍ ഫോറന്‍സിക്ക് വിദഗ്ധര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യുവതിയും മറ്റൊരാളും കാറില്‍ യാത്ര ചെയ്തത് ശ്രദ്ധയില്‍പ്പെട്ടു എന്ന ട്രാഫിക് പോലീസിന്റെ വെളിപ്പെടുത്തല്‍ നിര്‍ണായകമായത്. ഇതിനിടെ സന്ധ്യ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ അന്വേഷണം നടത്തുന്നുണ്ട്. ഇവര്‍ യാത്ര ചെയ്തു എന്നു കരുതുന്ന കാര്‍ കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്.

ഇന്നലെ രാവിലെയാണ് ഫോര്‍ട്ടുകൊച്ചി അമരാവതി ശ്രീ ഗോപാലകൃഷ്ണ ക്ഷേത്രം റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന അജിത്തിന്റെ ഭാര്യ സന്ധ്യ (37)യെ  ഐലന്റ് കുണ്ടന്നൂര്‍ റോഡില്‍ ഡോ. അംബേദ്കര്‍ പ്രതിമയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച എട്ടുമണിയോടെ ചേര്‍ത്തലയിലെ ജോലി സ്ഥലത്തു നിന്ന് വരികയാണെന്നും വന്നതിനു ശേഷം ആലുവ മണപ്പുറത്ത് ശിവരാത്രിക്കു പോകാമെന്നും സന്ധ്യ ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഏറെ വൈകിയിട്ടും സന്ധ്യ വീട്ടില്‍ എത്തിയില്ല. പലയിടത്തും അന്വേഷിച്ചിട്ടും വിവരം കിട്ടാത്ത സാഹചര്യത്തില്‍ അജിത് ഫോര്‍ട്ടുകൊച്ചി പോലീസില്‍ പരാതി നല്‍കി. പോലീസ് രാത്രി ഏറെ വൈകിയും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലോറി ഡ്രൈവറാണ് മൃതദേഹം കണ്ട വിവരം പോലീസിനെ അറിയിച്ചത്. ഇന്നലെ രാവിലെ പത്തോടെ സംഭവ സ്ഥലത്തെത്തിയ ഭര്‍ത്താവാണ് സന്ധ്യയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.എന്‍. അനിരുദ്ധന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Related posts