പത്തനംതിട്ട: കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയവർക്കെതിരെ ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുളള നിയമം (പോക്സോ നിയമം) നിർദേശിക്കുന്ന തരത്തിൽ കേസ് രജിസ്റ്റർ ചെയ്യാതെയും നിയമനടപടി സ്വീകരിക്കാതെയുമിരുന്ന പോലീസ് സബ് ഇൻസ്പെക്റ്റർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇയാൾക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിച്ചതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനെ അറിയിച്ചു.മുൻ ആറൻമുള പോലീസ് സബ് ഇൻസ്പെക്റ്റർ അശ്വിത് എസ്. കാരാണ്മയിലിന് എതിരെയാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ശുപാർശപ്രകാരം പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പു പ്രകാരം നടപടി സ്വീകരിച്ചത്.
13 വയസുളള കുട്ടിയോട് അയൽവാസി മോശമായി പെരുമാറിയെന്നും നഗ്നത പ്രദർശിപ്പിച്ചുവെന്നുമുളള പരാതി അറിയിച്ചിട്ടും അന്ന് ആറൻമുള പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന ഇയാൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്താനോ നിയമനടപടി സ്വീകരിക്കാനോ തയാറായിരുന്നില്ല.
പല പ്രാവശ്യം സമൻസ് അയച്ചിട്ടും കമ്മീഷന്റെ മുന്പാകെ ഹാജരാകാനും സബ് ഇൻസ്പെക്റ്റർ കൂട്ടാക്കിയില്ല. ഈ സാഹചര്യത്തിലാണ് കൃത്യവിലോപവും നിയമവിരുദ്ധനടപടിയും മുൻനിർത്തി ഈ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ കമ്മീഷൻ ശിപാർശ ചെയ്തത്.