മൂവാറ്റുപുഴ: പുതിയ പൈപ്പു സ്ഥാപിച്ചതിലെ അപാകതമൂലം വീണ്ടും നൂറുകണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായി. കച്ചേരിത്താഴം പഴയ പാലത്തിന്റെ നവീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പൈപ്പ് മാറ്റി സ്ഥാപിച്ചതോടെ മൂന്നു ദിവസം നഗരത്തില്‍ കുടിവെള്ളമില്ലായിരുന്നു. പ്രതിഷേധത്തിനൊടുവില്‍ ഇന്നലെ രാവിലെ കുടിവെള്ള വിതരണം പുന:രാരംഭിച്ചെങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ പൈപ്പ്തകരാറിലായി. വെള്ളത്തിന്റെ സമ്മര്‍ദം മൂലം പൈപ്പുകളുടെ ബന്ധം അറ്റതോടെ ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് ഇന്നലെ പാഴായത്. തുടര്‍ന്ന് ഉച്ചയോടെ പൈപ്പുകള്‍ കൂട്ടിയോജിപ്പിച്ച് കുടിവെള്ള വിതരണം പുനരാരംഭിച്ചെങ്കിലും രാത്രിയായതോടെ വീണ്ടും മറ്റൊരു ഭാഗത്ത് തകരാര്‍ സംഭവിക്കുകയായിരുന്നു.
ഇതോടെ വീണ്ടും കുടിവെള്ളം പാഴായി. റോഡ് നിറഞ്ഞൊഴുകിയ വെള്ളം നഗരസഭ കോമ്പൗണ്ടിലേക്ക് ഒഴുകുന്ന അവസ്ഥയായിരുന്നു. തുടര്‍ന്ന് ജീവനക്കാരെത്തി വീണ്ടും ചോര്‍ച്ച അടയ്ക്കുകയായിരുന്നു. കനത്ത വേനലില്‍ മൂന്നു ദിവസം കുടിവെള്ള വിതരണം തടസപ്പെടുത്തിയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.