നാഗ്പുരില്‍നിന്ന് സി.കെ. രാജേഷ്കുമാര്‍
രാഷ്ട്രീയവും വിവാദങ്ങളും തിരശീലയ്ക്കു പിന്നിലേക്ക്… കളി കാര്യമാകുന്നു. ക്രിക്കറ്റ് ലോകത്തെ ബോക്സ് ഓഫീസ് പോരാട്ടങ്ങള്‍ക്ക് ഇന്ന് അരങ്ങുണരും. മെഗാഹിറ്റുകള്‍ രചിക്കാന്‍ 10 സംവിധായകരും അവരുടെ മുന്നണിപ്പോരാളികളും. പരാജയപ്പെടുന്നവര്‍ക്കു സൂപ്പര്‍താരപദവി നഷ്ടമാകും, വിജയത്തുടര്ച്ചയുള്ളവര് മാത്രം പിടിച്ചുനില്ക്കും. ഓരോ ഹിറ്റും മുന്നോട്ടുള്ള യാത്രകള്‍ക്ക് ഊര്‍ജമാകുമ്പോള്‍ ഫ്ളോപ്പുകള്‍ അവരെ പിന്നോട്ടടിക്കും. ക്രിക്കറ്റിന്റെ ചെറുപതിപ്പായ ട്വന്റി-20യുടെ ലോക പോരാട്ടങ്ങളുടെ ഫൈനല്‍ റൗണ്ടിന് ഇന്നു തുടക്കം. ആദ്യമത്സരം തന്നെ ബോക്സ്ഓഫീസില്‍ ബില്യണ്‍ ഡോളര്‍ ചലനമുണ്ടാക്കാന്‍ പോകുന്ന ഇന്ത്യയുടെ പോരാട്ടമാണ്. എതിരാളികളാകട്ടെ, കുട്ടിക്രിക്കറ്റിലെ കൂറ്റന്‍ പോരാട്ടങ്ങളുടെ അമരക്കാരായ ന്യൂസിലന്‍ഡും. ഓറഞ്ചുകളുടെ നാടായ നാഗ്പുരില്‍ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്റെ ജമത സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് പോര്‍വിളിയുടെ ആദ്യകുളമ്പടി. എട്ടു സ്ഥിരം ടീമുകള്‍, രണ്ടു യോഗ്യതാ ടീമുകള്‍… അങ്ങനെ 10 ടീമുകള്‍. ഇനിയുള്ള 20 ദിവസങ്ങള്‍ അതിവേഗക്രിക്കറ്റിനെ പ്രണയിക്കുന്നവരുടെ ഉത്സകാലം.
ധോണിക്കും കുട്ടികള്‍ക്കും ആത്മവിശ്വാസം
ഏഷ്യാ കപ്പിലും മുമ്പുനടന്ന ഓസ്ട്രേലിയന്‍ പര്യടനം, ശ്രീലങ്കയ്ക്കെതിരായ പരമ്പര എന്നിവയില്‍ ടീം കൈവരിച്ച മികച്ച വിജയങ്ങള്‍ നല്കുന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ സൂപ്പര്‍-10ല്‍ പാഡ് കെട്ടുന്നത്. 2016ല്‍ ഇന്ത്യ കളിച്ച 11 മത്സരങ്ങളില്‍ പത്തിലും വിജയം നേടിയതിന്റെ മേല്‍ക്കൈയും ധോണിക്കും കൂട്ടര്‍ക്കും അവകാശപ്പെടാം. എന്നാല്‍, ന്യൂസിലന്ഡിനെതിരേ ഇന്ത്യയുടെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഇരുവരും മാറ്റുരച്ച നാലു മത്സരങ്ങളിലും വിജയം കിവീസിനൊപ്പംനിന്നു. ലോകകപ്പില്‍ ഇരുടീമും മുഖാമുഖം വന്നത് ഒരു തവണ, 2007 ലോകകപ്പില്‍. അന്ന് സൂപ്പര്‍ എട്ട് സ്റ്റേജില്‍ ഏറ്റുമുട്ടിയപ്പോള്‍ 10 റണ്‍സിനു തോല്‍വിയായിരുന്നു ഫലം.
ഇരുടീമും ഏറ്റുമുട്ടിയ നാലു മത്സരങ്ങളും ആവേശം നിറഞ്ഞുതുളുമ്പി. രണ്ടു മത്സരങ്ങളുടെ ഫലം നിര്‍ണയിച്ചത് അവസാന പന്തിലാണ്. അതുകൊണ്ടുതന്നെ ഈ മത്സരവും ആവേശം നിറഞ്ഞുതുളുമ്പുമെന്നുറപ്പ്.
ബിഗ് ത്രീ
ട്വന്റി-20 ക്രിക്കറ്റില്‍ ആദ്യത്തെ മൂന്നു ബാറ്റ്സ്മാന്മാരുടെ പ്രകടനം വളരെ നിര്‍ണായകമാണ്. സമീപകാലങ്ങളില്‍ ഇന്ത്യ കൈവരിച്ച വിജയങ്ങള്‍ക്ക് അടിസ്ഥാനമായത് ബിഗ് ത്രീയുടെ പ്രകടനമാണ്. രോഹിത് ശര്‍മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി എന്നിവരാണവര്‍. സമീപകാലത്തെ ഭൂരിഭാഗം മത്സരങ്ങളിലും ഇവരിലൊരാളുടെ പ്രകടനം ഇന്ത്യയെ വിജയത്തിലെത്തിച്ചിട്ടുണ്ട്. ഇതില്‍ത്തന്നെ വിരാട് കോഹ്ലിയുടെ മികവ് ശ്രദ്ധേയമാണ്. ഈ വര്‍ഷം കോഹ്ലിയുടെ ബാറ്റിംഗ് ശരാശരി 117.3 ആണ്. എട്ടു തവണ ബാറ്റ് ചെയ്ത കോഹ്്ലി നാലിലും അര്‍ധസെഞ്ചുറി നേടി. ബാക്കിയുള്ള നാലു മത്സരങ്ങളിലും പുറത്താകാതെനിന്നു. സ്ട്രൈക്ക് റേറ്റും മികച്ചതാണ്, 134.35. തുടക്കത്തിലേ വിക്കറ്റുകള്‍ വീണാലും കോഹ്ലിയുടെ സാന്നിധ്യം ടീമിനു ഗുണമാകും. രോഹിത് ശര്‍മ അപാര ഫോമിലാണ്. വളരെ വേഗം റണ്‍സ് കണെ്ടത്താനുള്ള സാങ്കേതികത്തികവ് രോഹിതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് സ്റ്റേഡിയത്തിലെത്തി പരിശീലനം നടത്തിയ രോഹിത് ഏറെസമയം നെറ്റ്സില്‍ ചെലവഴിച്ചു. ശിഖര്‍ ധവാനും കൃത്യസമയത്ത് ഫോമിലേക്കുയര്‍ന്നത് ഗുണം ചെയ്യും.
യുവ്രാജ് സിംഗ് ഫോമിലേക്കുയര്‍ന്നതാണ് ഇന്ത്യയെ സന്തുഷ്ടമാക്കുന്ന മറ്റൊരു ഘടകം. 2014 ലോകകപ്പില്‍ ഇന്ത്യയെ പരാജയത്തിലേക്കു തള്ളിവിട്ടത് യുവിയുടെ മെല്ലെപ്പോക്കു നയമായിരുന്നു. ഫൈനലില്‍ 21 പന്തില്‍നിന്ന് കേവലം 11 റണ്‍സാണ് യുവി നേടിയത്. ഒരറ്റത്ത് ബാറ്റ് ചെയ്ത കോഹ്ലിക്ക് കാഴ്ചക്കാരനാകാനേ കഴിഞ്ഞുള്ളൂ. എന്നാല്‍, സ്വന്തം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യക്കു കിരീടം നേടിത്തന്നത് യുവിയുടെ പ്രകടനമാണ്.
സീനിയര്‍ താരങ്ങളുടെ തിളക്കത്തിലും ഒളിമങ്ങാതെ ടീമിനു സുഗന്ധം പകരുകയാണ് ഹര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും. 22കാരായ ഇരുവരും ഇന്ത്യന്‍ ടീമില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചു മുന്നേറുകയാണ്. ഇവരുടെ ബൗളിംഗ് പാടവത്തെ നായകന് ധോണി തന്നെ പ്രശംസകൊണ്ടു മൂടി. ഏഷ്യാ കപ്പില്‍ ബുംറയുടെ പ്രകടനം അനുപമമായിരുന്നു. 18 പന്തുകളെറിഞ്ഞ ബുംറയുടെ 16 പന്തും ഡോട്ട് ബോളുകളായിരുന്നു. ഹര്‍ദിക്കിന്റെ കൃത്യത ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. ബൗളിംഗില്‍ മുഹമ്മദ് ഷാമിയുടെ ഫോമിലേക്കുള്ള മടങ്ങിവരവ് ഇന്ത്യന്‍ ക്യാമ്പിന് ആത്മവിശ്വാസം പകരുന്നു.
മക്കല്ലമില്ലാതെ കിവികള്‍
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ടി20 ബാറ്റ്സ്മാനായ ബ്രണ്ടന്‍ മക്കല്ലം വിരമിച്ചതോടെ മക്കല്ലം രഹിത യുഗത്തിനാണ് ലോകകപ്പ് നാന്ദിയാകുന്നത്. ഇന്ത്യയുമായി ഏറ്റുമുട്ടിയപ്പോഴൊക്കെ മക്കല്ലത്തിന്റെ പ്രഭ നാം കണ്ടതാണ്. നാലു മത്സരങ്ങളില്‍ മൂന്നിലും മാന്‍ ഓഫ് ദ മാച്ചായതും മറ്റാരുമല്ല. 130.5 ശരാശരിയാണ് മക്കല്ലത്തിന് ഇന്ത്യക്കെതിരേയുള്ളത്. എന്നാല്‍, മക്കല്ലം ഇല്ലാത്ത കിവീസിനു നഷ്ടമാകുന്നത് മികച്ച ബാറ്റ്സ്മാനു പുറമേ, മികച്ച നായകനെക്കൂടിയാണ്. 2012 സെപ്റ്റംബറില്‍ ചെന്നൈയില്‍ അദ്ദേഹം നേടിയ 91 റണ്‍സാണ് ഇന്ത്യക്കെതിരായ മികച്ച വ്യക്തിഗത സ്കോര്‍. ട്വന്റി-20 മത്സരങ്ങളില്‍ രണ്ടു സെഞ്ചുറി നേടിയിട്ടുള്ള ഏക ബാറ്റ്സ്മാന്, 2000 റണ്‍സ് കടന്ന ഏക ബാറ്റ്സ്മാന് തുടങ്ങിയ ബഹുമതികളെല്ലാം അലങ്കരിക്കുന്ന ബാറ്റ്സ്മാനാണ് മക്കല്ലം.
കെയ്ന്‍ വില്യംസണ് നയിക്കുന്ന ടീം വെടിക്കെട്ട് ബാറ്റ്സ്മാന്മാരെക്കൊണ്ടു സമ്പന്നമാണ്. സന്നാഹമത്സരങ്ങളില്‍ ശരാശരി മികച്ച പ്രകടനമാണ് അവരുടെ ഭാഗത്തുനിന്നുണ്ടാ യത്. ശ്രീലങ്കയോടു മിന്നും ജയം സ്വന്തമാക്കിയപ്പോള്‍ കോളിന് മുന്റോ, കോറി ആന്ഡേഴ്സണ്, ഗ്രാന്‍ഡ് എലിയട്ട് എന്നിവര്‍ അര്‍ധസെഞ്ചുറി നേടിയിരുന്നു.അതുപോലെ ഇംഗ്ലണ്ടിനോടു പരാജയപ്പെട്ടെങ്കിലും നായകന് കെയ്ന്‍ വില്യംസണിന്റെ പ്രകടനം ശ്രദ്ധ പിടിച്ചുപറ്റി.
ഐസിസി ഇവന്റുകളില്‍ സ്ഥിരയില്ലാത്ത പ്രകടനമാണ് എപ്പോഴും കിവീസിനു തലവേദന സൃഷ്ടിക്കുന്നത്. ഏകദിനത്തില്‍ മികവു തെളിയിക്കുമ്പോഴും ടി20യില്‍ അമ്പേ പരാജപ്പെടുകയാണ്. 2007നു ശേഷം ഗ്രൂപ്പ് ഘട്ടം പിന്നിടാന്‍ അവര്‍ക്കായിട്ടില്ല. അന്ന് സെമിയില്‍ പാക്കിസ്ഥാനോടു തോറ്റു പുറത്തായി. എന്നാല്‍, സ്വന്തം നാട്ടില്‍ പാക്കിസ്ഥാന്, ശ്രീലങ്ക തുടങ്ങിയ ടീമുകള്‍ക്കെതിരേ ഈയിടെ നേടിയ പരമ്പര വിജയം അവര്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. വെടിക്കെട്ട് ബാറ്റ്സ്മാര്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത ടീമാണ് കിവികള്‍. മാര്ട്ടിന് ഗപ്ടില്‍, ഹെന്റി നിക്കോള്‍സ്, കോളിന് മുന്റോ, റോസ് ടെയ്ലര്, ലൂക്ക് റോഞ്ചി, വില്യംസണ്, കോറി ആന്ഡേഴ്സണ് തുടങ്ങിയവരടങ്ങുന്ന ലൈനപ് ഏതു ടീമിനെയും ഭീതിപ്പെടുത്തുന്നതാണ്.
വില്യംസണ് നയിച്ച എട്ടു മത്സരങ്ങളില്‍ ആറിലും കിവീസ് ജയിച്ചു. ഗ്രാന്‍ഡ് എലിയട്ട്, ടിം സൗത്തി, ട്രെന്‍ഡ് ബോള്‍്ട്ട്, നഥാന്‍ മക്കല്ലം എന്നിവരടങ്ങുന്ന ബൗളിംഗ് നിരയും ശക്തമാണ്. ടി20 ലോകകപ്പില്‍ ഇതുവരെ 25 മത്സരങ്ങളില്‍ കളിച്ച കിവീസിനു പക്ഷേ, 11 മത്സരങ്ങളില്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ബംഗ്ലാദേശും സിംബാബ്വെയും മാത്രമാണ് ഇതിലും പിന്നിലുള്ള ടീം.
സ്പിന്‍ പിച്ച്
വിസിഎ സ്റ്റേഡിയത്തില്‍ സ്പിന്‍ പിച്ചാണ് ഒരുക്കിയിരിക്കുന്നത്. ഇവിടെ നടന്ന ആറു യോഗ്യതാ മത്സരങ്ങളിലും അതു നാം കണ്ടു. വലിയ ബൗണ്‍സ് ലഭിക്കാത്ത പിച്ചില്‍നിന്ന് അഫ്ഗാനിസ്ഥാന്റെയും സിംബാബ്വെയുടെയും ബൗളര്‍മാര്‍ നേട്ടം കൊയ്തു. ആര്. അശ്വിനും രവീന്ദ്ര ജഡേജയ്ക്കും യുവ്രാജ് അടക്കമുള്ള പാര്‍ട്ട് ടൈം സ്പിന്നര്‍മാര്‍ക്കും ശോഭിക്കാനാകും. ബാറ്റിംഗിന് അനുയോജ്യമായ പിച്ച് കൂടിയാണിത്. മികച്ച അന്തരീക്ഷമായിരിക്കും ഇന്ന്. ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കു മുമ്പ് ഈ സ്റ്റേഡിയത്തില്‍ ഒരു ടി20 മത്സരം മാത്രമാണ് നടന്നിട്ടുള്ളത്.
സാധ്യതാ ടീം
ഇന്ത്യ- രോഹിത് ശര്‍മ, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, സുരേഷ് റെയ്ന, യുവ് രാജ് സിംഗ്, എം.എസ്. ധോണി, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്. അശ്വിന്, ആശിഷ് നെഹ്റ, ജസ്പ്രീത് ബുംറ.ന്യൂസിലന്‍ഡ്- മാര്ട്ടിന് ഗപ്ടില്‍, കെയ്ന്‍ വില്യംസണ്, കോളിന് മുന്റോ, കോറി ആന്ഡേഴ്സണ്, റോസ് ടെയ്ലര്, ഗ്രാന്‍ഡ് എലിയട്ട്, ലൂക്ക് റോഞ്ചി, മീച്ചല്‍ സാന്ഡ്നര്, നഥാന്‍ മക്കല്ലം, ആദം മില്‍നെ, ട്രെന്‍ഡ് ബോള്‍ട്ട്.
പൂര്‍ണ സജ്ജം: കോഹ്ലി
ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യ പൂര്‍ണസജ്ജമെന്ന് ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലി. ഏഷ്യാ കപ്പില്‍നിന്നും വളരെ വ്യത്യസ്തമാണ് ലോകകപ്പ്. കൂടുതല്‍ ടീമുകളെയും കൂടുതല്‍ തന്ത്രങ്ങളെയും നേരിടണം. അതുകൊണ്ടുതന്നെ വളരെ വെല്ലുവിളി നിറഞ്ഞതാണ് ലോകകപ്പ്. എങ്കിലും ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിന് ഇന്ത്യ പൂര്‍ണസജ്ജമെന്ന് കോഹ്ലി ഇന്നലെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സൂപ്പര്‍ 10ല്‍ കളിക്കുന്ന എല്ലാം ടീമും ഒന്നിനൊന്നു മികച്ചതാണ്. അതുകൊണ്ടുതന്നെ അവരുടെ ദൗര്‍ബല്യം കണെ്ടത്തി തന്ത്രങ്ങള്‍ മെനയുന്നതിനേക്കാല് നമ്മുടെ ശക്തി രാകിമിനുക്കുകയാണു വേണ്ടത്. അതാണ് ഇന്ത്യ ചെയ്യുന്നതും. ശിഖര്‍ധവാനും രോഹിത് ശര്‍മയും താനും കഴിഞ്ഞ മിക്ക മത്സരങ്ങളിലും ശോഭിച്ചതു ടീമിനു ഗുണം ചെയ്യും. ആദ്യത്തെ 12 ഓവറുകള്‍ക്കിടെ ഞങ്ങള്‍ക്ക് ആര്‍ക്കെങ്കിലും വലിയ സ്കോര്‍ കണെ്ടത്താനാകുന്നുണ്ട്. മധ്യനിരയുടെ പ്രകടനവും ആശ്വാസകരമാണ്. വിജയത്തോടെ ആദ്യമത്സരം തുടങ്ങാനാണ് ശ്രമിക്കുന്നത് -കോഹ്ലി കൂട്ടിച്ചേര്‍ത്തു.
ഈ ലോകകപ്പ് ക്രോയ്ക്കു വേണ്ടി: വില്യംസണ്
ഇതിഹാസതാരം മാര്ട്ടിന് ക്രോയുടെ ഓര്‍മകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തിലായിരുന്നു കിവീസ് നായകന് കെയ്ന്‍ വില്യംസണ് മാധ്യമങ്ങളെ കണ്ടത്. ടീമിന് എല്ലാക്കാലത്തും പ്രചോദനമായിരുന്ന മാര്ട്ടിന് ക്രോ മരിച്ചശേഷം ആദ്യമായി കിവീസ് കളിക്കുന്ന ടൂര്‍ണമെന്റാണിത്. അതുകൊണ്ടുതന്നെ ഓരോ മത്സരവും വിജയിച്ച് ലോകകപ്പ് അദ്ദേഹത്തിനായി നേടാനാണ് ആഗ്രഹമെന്ന് വില്യംസണ് പറഞ്ഞു. മാര്ട്ടിന് ഗപ്ടില്‍ അടക്കമുള്ളവര്‍ അദ്ദേഹത്തിന്റെ സ്ഫുരിക്കുന്ന ഓര്‍മയിലാണ്. ഓരോ ന്യൂസിലന്‍ഡുകാരനും മാര്ട്ടിന് ക്രോ ആവേശവും പ്രചോദനവുമായിരുന്നു. മക്കല്ലത്തിന്റെ അഭാവം ബാധിക്കില്ലെന്നു കരുതുന്നുവെന്നു വില്യംസണ് കൂട്ടിച്ചേര്‍ത്തു.