എംജി സര്‍വകലാശാല കലോത്സവം:ആറാം തവണയും സെന്റ് തെരേസാസിനു കലാകിരീടം

KTM-KALOLSAVAMതൊടുപുഴ: 27-ാം എംജി സര്‍വകലാശാല കലോത്സവത്തില്‍ എറണാകുളം സെന്റ് തെരേസാസ് കോളജിന് തുടര്‍ച്ചയായി ആറാം വര്‍ഷവും കലാ കിരീടം. 83 പോയിന്റുകള്‍ നേടിയാണ് ഇവര്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിനെ പിന്തള്ളി ഒന്നാമതെത്തിയത്.ആര്‍എല്‍വിക്ക് 69 പോയിന്റു ലഭിച്ചു. മൂന്നാമതെത്തിയ എറണാകുളം മഹാരാജാസ് കോളജിന് 67 പോയിന്റു ലഭിച്ചു. തേവര എസ്എച്ച് കോളജിന് 48 ഉം എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിന് 42 പോയിന്റും ലഭിച്ചു. മ്യൂസിക്കല്‍ ഇവന്റില്‍ 24 പോയിന്റും ഡാന്‍സ് ഇവന്റില്‍ 42 പോയിന്റുമായി എറണാകുളം സെന്റ് തെരേസാസാണ് ചാമ്പ്യന്‍മാര്‍.

ലിറ്ററസി ഇവന്റില്‍ 19 പോയിന്റുമായി ആലുവ യുസി കോളജും തീയറ്റര്‍ ഇവന്റില്‍ 22 പോയിന്റുമായി എറണാകുളം മഹാരാജാസും ഫൈന്‍ ഇവന്റില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജും ചാമ്പ്യന്‍മാരായി. ചലച്ചിത്ര താരം നിവിന്‍ പോളി ഓവറോള്‍ ട്രോഫി സമ്മാനിച്ചു.

മിഥുന്‍ രാധാകൃഷ്ണന്‍ കലാപ്രതിഭ

തൊടുപുഴ: എംജി കലോത്സവത്തില്‍ കലാപ്രതിഭാപട്ടം മിഥുന്‍ രാധാകൃഷ്ണനു സ്വന്തം. പോസ്റ്റര്‍ ഡിസൈനിംഗ്, കൊളാഷ് എന്നീ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് തൃപ്പൂണിത്തുറ ആര്‍എല്‍വി മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ് കോളജിലെ മിഥുന്‍ രാധാകൃഷ്ണന്‍ കലാപ്രതിഭാപട്ടം കൈപ്പിടിയില്‍ ഒതുക്കിയത്.

നിലവില്‍ രണ്ട് ഒന്നാം സ്ഥാനം മിഥുന് മാത്രമാണ് കരസ്ഥമാക്കാനായത്. പോസ്റ്റര്‍ ഡിസൈനിംഗിന് മാലിന്യം എന്നതായിരുന്നു വിഷയം.

കോട്ടയത്തു നടന്ന കഴിഞ്ഞ എംജി കലോത്സവത്തിലും പോ സ്റ്റര്‍ ഡിസൈനിംഗില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. എംഎഫ്എ അപ്ലൈഡ് ആര്‍ട്ടില്‍ അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ചേറായി ഈരേഴത്ത് രാധാകൃഷ്ണന്‍-മിനി ദമ്പതികളുടെ മകനാണ്. സഹോദരന്‍ നിധിന്‍.

‘താളം ആദിതാളം താമരപ്പൂവിട്ട് വിരിയുന്ന…” ഗാനം വീണ്ടും

തൊടുപുഴ: 17-ാം വര്‍ഷവും സംഘഗാനത്തില്‍ ഒരേ ഗാനത്തിന് ഒന്നാം സമ്മാനം. ആര്‍.കെ. ദാമോദരന്‍- സെബി ടീമിന്റെ “താളം ആദിതാളം താമരപ്പൂവിട്ട് വിരിയുന്ന…’ എന്ന ഗാനമാണ് ഒന്നാം സമ്മാനാര്‍ഹമായിരിക്കുന്നത്. ഇത്തവണ തേവര എസ്.എച്ച് കോളജാണ് ഈ പാട്ട്് പാടി ഒന്നാം സമ്മാനാര്‍ഹരായിരിക്കുന്നത്. 17 വര്‍ഷം മുന്‍പ് യുവജനോത്സവത്തിനായി ചിട്ടപ്പെടുത്തിയ പാട്ടാണിത്. ആറു താളവും അഞ്ചു രാഗങ്ങളും ഉള്‍പ്പെടുത്തി ചിട്ടപ്പെടുത്തിയ ഗാനം പഠിച്ചവതരിപ്പിക്കാന്‍ കഠിന പരിശ്രമം വേണ്ടിവന്നുവെന്ന് തേവര എസ്എച്ച്ടീം പറഞ്ഞു.

അര്‍ച്ചിത അനീഷ് കുമാര്‍ കലാതിലകം

തൊടുപുഴ: എംജി കലോത്സവത്തില്‍ മൂന്നാം തവണയും കലാതിലകം ചൂടി അര്‍ച്ചിത അനീഷ് കുമാര്‍. 2014ല്‍ എറണാകുളത്തും, 2015ല്‍ കോട്ടയത്തുമായി നടന്ന കലോത്സവങ്ങളില്‍ അര്‍ച്ചിത അനിഷ്കുമാറിനു കലതിലകപട്ടം ലഭിച്ചിരുന്നു.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചപ്പിടി, നാടോടി നൃത്തം, കേരളനടനം എന്നി ഇനങ്ങളിലാണ് അര്‍ച്ചിത മത്സരിച്ചത്. ഭരതനാട്യം, കേരളനടനം, എന്നിവയില്‍ ഒന്നാം സ്ഥാനവും നാടോടിനൃത്തത്തില്‍ മൂന്നാം സ്ഥാനവും നേടി. കുച്ചിപ്പിടി മത്സരഫലത്തില്‍ തര്‍ക്കം നിലവിലുള്ളതിനാല്‍ ഫലം പുറത്തു വിട്ടിട്ടില്ല. എങ്കിലും 16 പോയിന്റുകള്‍ ലഭിച്ചതിനാല്‍ കലാതിലക പട്ടം അര്‍ച്ചിതയ്ക്കു ലഭിക്കുകയായിരുന്നു.

എറണാകുളം സെന്റ് തെരേസാസ് കോളജില്‍ എംഎ സോഷ്യോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കലാമണ്ഡലം ലീലാമണിയാണ് ഭരതനാട്യത്തില്‍ അര്‍ച്ചിതയുടെ ഗുരു. എല്‍കെജി വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ അര്‍ച്ചിത വിവിധ ഇനങ്ങളിലായി മത്സരിക്കുന്നു. കണ്ണൂര്‍ സ്വദേശിയാണ് അര്‍ച്ചിത.കലാജിവിതം മെച്ചപ്പെടുത്തന്നതിനായും കൂടുതല്‍ അവസരങ്ങള്‍ക്കുമായി എറണാകുളം പാലാരിവട്ടത്താണ് ഇപ്പോള്‍ താമസിക്കുന്നത്.

നര്‍ത്തകര്‍ക്ക് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നു അര്‍ച്ചിത പരിഭവപ്പെടുന്നു.കഴിഞ്ഞ വര്‍ഷം അര്‍ച്ചിതയ്ക്ക് ഒരു ടിവി സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. കുച്ചുപ്പുടിയാണ് ഇഷ്ടയിനം. പിതാവ് അനിഷ്കുമാര്‍ ബിസിനസുകാരനും അമ്മ അനിതവീട്ടമ്മയുമാണ്.

Related posts