കോട്ടയം: മെഡിക്കല് കോളജ് ആശുപത്രി കെട്ടിടം തകര്ന്നു വീണതു സംബന്ധിച്ചു വിശദമായ റിപ്പോര്ട്ട് നല്കാന് ജില്ലാ കളക്ടര് ജോണ് വി. സാമുവലിന്റെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലം സന്ദര്ശിച്ചു. ഏഴു ദിവസത്തിനുള്ളില് റിപ്പോര്ട്ട് സമര്പ്പിക്കും.
60 വര്ഷം പഴക്കമുള്ള കെട്ടിടത്തിനു 12 വര്ഷങ്ങള്ക്കു മുമ്പു തന്നെ ബലക്ഷയമുണ്ടെന്നു പഞ്ചായത്ത് അധികൃതര് അറിയിച്ചിരുന്നതാണ്. കെട്ടിടം ഉപയോഗിച്ചിരുന്നില്ലെന്നു ബന്ധപ്പെട്ട അധികൃതര് പറയുമ്പോഴും ആയിരക്കണക്കിനു പേര് എത്തുന്ന സ്ഥലത്തെ ഉപയോഗ ശൂന്യമായി കെട്ടിടത്തില് ആളുകള് പ്രവേശിക്കാതിരിക്കാനുള്ള മുന്കരുതല് സ്വീകരിച്ചിരുന്നില്ല.
സംഭവത്തില് വ്യാപക പ്രതിഷേധം ഉയര്ന്നതോടെയാണ് അതിവേഗത്തില് സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷണം നടത്തി റിപ്പോര്ട്ട് സമര്പ്പിക്കാന് ജില്ലാ കളക്ടര് ജോണ് വി. സാമുവലിന് സര്ക്കാര് നിര്ദേശം നല്കിയത്.
ഫയര്എഞ്ചിന് കടന്നുവരാന് വഴിയുണ്ടാകണമെന്ന പുതിയ കെട്ടിട നിര്മാണ ചട്ടങ്ങള് പ്രാബല്യത്തിലാകുംമുമ്പ് നിര്മിച്ച കെട്ടിടമാണ് ഇതെന്നും ബലക്ഷയം സംബന്ധിച്ചുള്ള തദ്ദേശ സ്ഥാപന റിപ്പോര്ട്ട് പരിശോധിച്ച ശേഷം വ്യക്തമാക്കാമെന്നും കളക്ടര് പറഞ്ഞു.
മെഡിക്കല് കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. വി. ജയകുമാര്, പ്രിന്സിപ്പല് ഡോ. വര്ഗീസ് പി. പുന്നൂസ്, റവന്യു, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ എന്നിവരാണ് കളക്ടറുടെ സംഘത്തില് ഉണ്ടായിരുന്നത്.