തിരുനക്കര പകല്‍പ്പൂരം നാളെ; നാളെ രണ്ടു മുതല്‍ എട്ടുവരെ ഗതാഗത നിയന്ത്രണം

ktm-pooramകോട്ടയം: നാടും നഗരവും ഉത്സവലഹരിയില്‍ തിരുനക്കര പകല്‍പ്പൂരം നാളെ. വര്‍ണവും താളവും സമന്വയിക്കുന്ന പകല്‍പ്പൂരത്തിലേക്ക് ഇനി ഏതാനു മണിക്കൂറുകള്‍മാത്രം. ചമയങ്ങളില്‍ അണിഞ്ഞൊരുങ്ങിയ ഗജവീരന്‍മാര്‍, കണ്ണിനും കാതിനും കുളിര്‍മ പകരുന്ന കുടമാറ്റവും താളമേളങ്ങളും  ഏതൊരു പൂരപ്രേമിയെയും കുളിരണയിക്കുന്ന കാഴ്ചകളുടെ വിരുന്നാകും നാളെ തിരുനക്കര ക്ഷേത്ര മുറ്റത്തൊരുങ്ങുന്നത്. തലയെടുപ്പാല്‍ പ്രശസ്തരായ 24 ഗജവീരന്മാരാണു പൂരപ്പറമ്പിനെ ആകര്‍ഷകമാക്കാന്‍ തിരുനക്കരയിലെത്തുന്നത്.

ഗജവീരന്‍മാരെ കാണാന്‍ മാത്രം വന്‍ പുരുഷാരം ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. ഉച്ചകഴിഞ്ഞു മൂന്നിനാണു പൂരസമാരംഭം. നാഗമ്പടം, തളിക്കോട്ട, പുത്തനങ്ങാടി, എരുത്തിക്കല്‍, മള്ളൂര്‍കുളങ്ങര, പാറപ്പാടം, കൊപ്രത്ത്, പള്ളിപ്പുറത്തുകാവ്, പുതിയ തൃക്കോവില്‍, അമ്പലക്കടവ്, തിരുനക്കര ശ്രീകൃഷ്ണ സ്വാമിക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍നിന്നുള്ള ചെറുപൂരങ്ങളും വിവിധ സംഘടനകളുടെ ശോഭായാത്രയും രാവിലെ 11ന് തിരുനക്കര തേവരുടെ നടയില്‍ എത്തിച്ചേരും. ശ്രീകോവിലിനു മുന്നില്‍ കൊടിമരചുവട്ടില്‍ അണിനിരക്കുന്ന ആനകളെ തീര്‍ഥം തളിച്ച് ചന്ദനക്കുറി തൊടുവിച്ച് തന്ത്രിയും മേല്‍ശാന്തിയും പൂരത്തിന് അനുവാദം നല്‍കും. തുടര്‍ന്ന് ആനകളെ ക്ഷേത്ര ഗോപുരം കടന്നു മൈതാനത്തേക്ക് എഴുന്നള്ളിക്കും. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വത്തിന്റെ ആനച്ചമയങ്ങളാണു പൂരത്തിനായി ഉപയോഗിക്കുന്നത്. സ്വര്‍ണത്തില്‍ നിര്‍മിച്ച 125 പവന്റെ തിടമ്പ് പൂരത്തിന് എഴുന്നള്ളിക്കും.

ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ ക്ഷേത്രത്തില്‍ ഉത്സവബലി ദര്‍ശനം നടക്കും. മൂന്നിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരും 60ല്‍പ്പരം കലാകാരന്മാരും പങ്കെടുക്കുന്ന ആല്‍ത്തറമേളം. വൈകുന്നേരം അഞ്ചിനു വര്‍ണവിസ്മയം വാരി വിതറി കുടമാറ്റവും നടക്കും. അഴകിന്റെ മുത്തക്കുട നിവരുന്ന സുവര്‍ണ നിമിഷത്തിനു കാത്തിരിക്കുകയാണു പൂരപ്രേമികള്‍. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. ജോസ് കെ.മാണി എംപി, തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് മെംമ്പര്‍മാരായ പി.കെ. കുമാരന്‍, അജയ് തറയില്‍, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ രാമരാജപ്രേമപ്രസാദ് എന്നിവരും പങ്കെടുക്കും.

കോട്ടയത്തു നാളെ രണ്ടു മുതല്‍  എട്ടുവരെ ഗതാഗത നിയന്ത്രണം
കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പകല്‍പ്പൂരത്തോടനുബന്ധിച്ചു കോട്ടയം നഗരത്തില്‍ നാളെ ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ രാത്രി എട്ടു വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. രാവിലെ 11 മുതല്‍ ഭാരവണ്ടികള്‍ നഗരത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഉച്ചകഴിഞ്ഞ് രണ്ടിന് തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും നിര്‍ത്തും. തുടര്‍ന്നുള്ള എല്ലാ ബസ് സര്‍വീസുകളും നാഗമ്പടം സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച് അവിടെത്തന്നെ അവസാനിക്കും. നഗരത്തിന്റെ പ്രധാന റോഡുകളില്‍് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന ജില്ലാ പോലീസ് അറിയിച്ചു.

ചങ്ങനാശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഏറ്റുമാനൂര്‍, മണര്‍കാട്, തലപ്പാടി വഴി പോകണം. ഏറ്റുമാനൂരിനും നാഗമ്പടത്തിനും ഇടയ്ക്കു നിന്നു വരുന്ന ഭാരവണ്ടികള്‍ എസ്എച്ച് മൗണ്ട്, വട്ടമൂട്പാലം, ഇറഞ്ഞാല്‍, കഞ്ഞിക്കുഴി, കടുവാക്കുളം ചങ്ങനാശേരി വഴി പോകണം. വടക്കോട്ട് പോകേണ്ട വാഹനങ്ങള്‍ ചിങ്ങവനം, കടുവാക്കുളം, കഞ്ഞിക്കുഴി, ഇറഞ്ഞാല്‍, വട്ടമൂട്പാലം, എസ്എച്ച് മൗണ്ട് വഴി പോകണം. ചിങ്ങവനത്തിനും കോടിമതയ്ക്കും ഇടയ്ക്കു നിന്നു വരുന്ന വാഹനങ്ങള്‍ കോടിമതയില്‍ നിന്നും മണിപ്പുഴ ഈരേകടവ് (പുതിയ റോഡ്) വഴി മനോരമ ജംഗ്ഷനിലെത്ത നാഗമ്പടത്തേക്ക പോകണം.

കെകെ റോഡിലൂടെ വരുന്ന സര്‍വീസ് ബസുകള്‍ ഉച്ചകഴിഞ്ഞു രണ്ടു മുതല്‍ കളക്്‌ട്രേറ്റ്് ജംഗ്ഷനില്‍ നിന്നു തിരിഞ്ഞു ലോഗോസ് ജംഗ്ഷന്‍, കുര്യന്‍ ഉതുപ്പു റോഡ് വഴി നാഗമ്പടം ബസ്‌സ്റ്റാന്‍ഡില്‍ എത്തണം. തിരികെ ബേക്കര്‍ ജംഗ്ഷന്‍, ശാസ്ത്രി റോഡു വഴി പോകണം. കാരാപ്പുഴ, തിരുവാതുക്കല്‍, തിരുവാര്‍പ്പ് ഭാഗത്തേക്കു പോകേണ്ട ബസുകള്‍ നാഗമ്പടം സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് ബേക്കര്‍ ജംഗ്ഷന്‍, ചാലുകുന്ന്, അറുത്തൂട്ടി കുരിശുപള്ളി വഴി പോകണം. ഈ ഭാഗത്തു നിന്നു നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ പുത്തനങ്ങാടി, ഉപ്പൂട്ടിക്കവല, ബേക്കര്‍ ജംഗ്ഷന്‍ വഴി നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ എത്തണം.

കുട്ടികളുടെ ലൈബ്രറി ഭാഗത്തു നിന്നു നഗരത്തിലേക്കു വരുന്ന എല്ലാ വാഹനങ്ങളും വാഹനങ്ങളും ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ ലൈബ്രറി ഭാഗത്തു നിന്നു തിരിഞ്ഞ് പടിഞ്ഞാറോട്ട് തിരിഞ്ഞു കുരിശുപള്ളി, ഉപ്പൂട്ടി, ചാലുകുന്ന്, ബേക്കര്‍ ജംഗ്ഷന്‍, ശാസ്ത്രി റോഡ് വഴി പോകണം.

Related posts