ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ തള്ളി കോഴിക്കോട് സിപിഐയില്‍ കൂട്ടരാജി, കൂടുല്‍ ഹിന്ദു വിശ്വാസികള്‍ പാര്‍ട്ടി വിടുമോയെന്ന ഭയത്തില്‍ പാര്‍ട്ടി, സുധീഷിനെയും കൂട്ടരെയും പുറത്താക്കിയതെന്ന് സിപിഐയും

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും നിലയ്ക്കലും പോലീസ് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് സിപിഐയില്‍ രാജി. സിപിഐ കോഴിക്കോട് നോര്‍ത്ത് മണ്ഡലം എക്സിക്യൂട്ടീവ് കമ്മറ്റി അംഗം സി.സുധീഷും വെസ്റ്റ്ഹില്‍സൗത്ത് ബ്രാഞ്ച് സെക്രട്ടറി കെ. കണ്ണനും ഉള്‍പ്പെടെ എട്ടുപേരാണ് രാജിവച്ചത്. അതേസമയം സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഐ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.

സുധീഷ് ഇത് നിഷേധിച്ചിട്ടുണ്ട്. തന്നെ പുറത്താക്കിയിട്ടില്ലെന്നും സ്വമേധയാ രാജിവയ്ക്കുകയാണെന്നും സുധീഷ് പറഞ്ഞു. സിപിഐയില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട് പത്രക്കുറിപ്പുകള്‍ പുറത്തിറിക്കിയിരുന്നില്ല.

കൂടാതെ പ്രവര്‍ത്തകര്‍ക്കും സുധീഷിന് പുറത്താക്കിയതിനെ കുറിച്ച് അറിയില്ലായിരുന്നു. രാജിവച്ചുകൊണ്ട് സുധീഷ് ഫേസ്ബുക്ക് പോസ്റ്റിട്ടതോടെയാണ് സിപിഐ പ്രവര്‍ത്തകര്‍ വരെ ഇക്കാര്യം അറിയുന്നത്. അതേസമയം ഇതിനു മുമ്പും പലതവണ സംഘടനാവിരുദ്ധമായി സുധീഷ് പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാത്തത് ഏറെ ചര്‍ച്ചയായിരുന്നു.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്‍ക്കാറിനെതിരെ കോഴിക്കോട്ട് മാനാഞ്ചിറയില്‍ സുധീഷിന്റെ നേതൃത്വത്തില്‍ പ്രതിഷേധപരിപാടി സംഘടിപ്പിച്ചരുന്നു. സുധീഷും മറ്റു ചില നേതാക്കളുമായിരുന്നു പ്രതിഷേധ സംഗമത്തിന് നേതൃത്വം നല്‍കിയത്. സിപിഐ കോടതി വിധിയോട് അനുകൂലമായി പ്രതികരിച്ച സാഹചര്യത്തിലായിരുന്നു സുധീഷ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഇതു കൂടാതെ കത്വയില്‍ എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തോടനുബന്ധിച്ച് ഹനുമാന്‍സേന നേതാവിനൊപ്പം വേദി പങ്കിട്ടിരുന്നു. പ്രോഗ്രസീവ് ഹിന്ദു ഫോറമെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് സുധീഷ്, ഷനൂബ് തുടങ്ങിയവര്‍ പങ്കെടുത്തത്. കോഴിക്കോട് ഉള്‍പ്പെടെ നിരവധി സദാചാര അക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹനുമാന്‍സേന മുന്‍കൈയെടുത്ത പരിപാടിയില്‍ പ്രസംഗിച്ചത് പാര്‍ട്ടിയില്‍ വിവാദത്തിന് തിരികൊളുത്തിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

സുധീഷ് നേരത്തെ ബിജെപി പ്രവര്‍ത്തകനായിരുന്നു. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ബിഡിജെഎസില്‍ എത്തി. ഇവിടെ നിന്നുമാണ് സിപിഐയിലേക്ക് മാറിയത്. സുധീഷിനൊപ്പം മറ്റു ചില പ്രവര്‍ത്തകരുമുണ്ടായിരുന്നു. സിപിഐ ദേശീയ കൗണ്‍സില്‍അംഗം സി എന്‍ ചന്ദ്രനായിരുന്നു ഇവരെ സ്വീകരിച്ചത്. സിപിഐയില്‍ എത്തിയപ്പോഴും സുധീഷ് എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ലെന്നാണ് പറയുന്നത്. ഈ സ്ഥാനം ഉപയോഗിച്ചാണ് അദ്ദേഹം പ്രതിഷേധ യോഗത്തില്‍ സംബന്ധിച്ചത്.

രാജി അറിയിച്ചുകൊണ്ടുള്ള സുധീഷിന്റെ പോസ്റ്റ്-

‘ശബരിമലയിലെ അയ്യപ്പഭക്തന്‍മാരുടെ സഹനസമരത്തെ രാഷ്ട്രീയവല്‍ക്കരിച്ചു കൊണ്ട് പമ്പയിലും നിലക്കലിലും സ്ത്രീകളുള്‍പ്പെടെയുള്ള ഭക്തന്‍മാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് പോലീസ് നടത്തിയ നരനായാട്ട് അപലപനീയവും വേദനാജനകവുമാണ്.

പിറവം ക്രൈസ്തവ ദേവാലയത്തിന്റെ കാര്യത്തില്‍ സുപ്രീം കോടതി വിധി ഉണ്ടായിട്ടുപോലും വിശ്വാസികളുടെ എതിര്‍പ്പ് കാരണം കഴിഞ്ഞ ഒരു വര്‍ഷക്കാലമായി വിധി നടപ്പിലാക്കുന്നത് വൈകിപ്പിച്ച പിണറായി സര്‍ക്കാര്‍ ശബരിമലയിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ കാണിച്ച തിടുക്കവും ഹൈന്ദവ ആചാരങ്ങളോടും വിശ്വാസപ്രമാണങ്ങളോടും കാണിക്കുന്ന ശത്രുതാ മനോഭാവവും അസഹനീയമാണ്.

അയ്യപ്പഭക്തരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും വ്രണപ്പെടുത്തുന്ന എല്‍ഡിഎഫ് സര്‍ക്കാറിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടില്‍ വിശ്വാസി എന്ന നിലയില്‍ അംഗീകരിക്കാന്‍ സാധ്യമല്ല.

ആയതിനാല്‍ ഈയൊരു നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട് ഞങ്ങള്‍ രണ്ടുപേരും ടി.ഷനൂബ്, കെ.ബിനുകുമാര്‍, പി.കെ. ശ്രീലത, പി.വി. സുരേഷ് ബാബു, പി.സരോജം, കെ.പവിത്രന്‍, എം. ഷിംജിത്ത്, പി. സജീവ് എന്നീ പാര്‍ട്ടി അംഗങ്ങളും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും നിരുപാധികം രാജിവെച്ചതായി അറിയിക്കുന്നു. തുടര്‍ന്ന് സ്വതന്ത്രമായ പൊതുപ്രവര്‍ത്തനരംഗത്ത് ശക്തമായി തുടരുന്നതാണ്.’

Related posts