ലിവര്‍പൂള്‍ തകര്‍ന്നു

sp-liverpoolലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലിവര്‍പൂളിന് സതാംപ്ടണിനോട് അപ്രതീക്ഷിത തോല്‍വി. സതാംപ്ടണിന്റെ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഇടവേളയ്ക്കു പിരിയും മുമ്പ് വരെ രണ്ടു ഗോളിനു മുന്നില്‍ നിന്ന ലിവര്‍പൂള്‍ ഇടവേളയ്ക്കുശേഷം മൂന്നു ഗോള്‍ വഴങ്ങി നിനച്ചിരിക്കാതെയുള്ള പരാജയമേറ്റുവാങ്ങി. ഫിലിപ്പെ കുടീഞ്ഞോ (17), ഡാനിയല്‍ സ്റ്റുറിഡ്ജ് (22) എന്നിവരിലൂടെ സന്ദര്‍ശകര്‍ ആദ്യപകുതി തീരുംമുമ്പ് മുന്നിലെത്തി.

രണ്ടാം പകുതിയില്‍ സതാംപ്ടണ്‍ സാഡിയോ മാനെ പകരക്കാനായി ഇറങ്ങിയതോടെ കളിയില്‍ മാറ്റം വന്നു. 49-ാം മിനിറ്റില്‍ മാനെയുടെ പെനാല്‍റ്റി കിക്ക് ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ സൈമണ്‍ മിഗന്‍ലെറ്റ് രക്ഷപ്പെടുത്തി. ഈ നഷ്ടത്തിന് മാനെ രണ്ടു ഗോളുകൊണ്ടാണു കണക്കു തീര്‍ത്തത്. 64-ാം മിനിറ്റിലെ ആദ്യഗോളിനുശേഷം 86-ാം മിനിറ്റിലെ വിജയ ഗോളും മാനെയുടെ വകയായിരുന്നു. ഇതിനിടെ ഗാര്‍സിയാനോ പെലെ 83-ാം മിനിറ്റില്‍ സതാംപ്ടണിനെ ലിവര്‍പൂളിന് ഒപ്പമെത്തിച്ചിരുന്നു. 31 കളിയില്‍ 47 പോയിന്റുമായി സതാംപ്ടണ്‍ ഏഴാം സ്ഥാനത്തെത്തി. രണ്ടു കളി കുറച്ചു കളിച്ച ലിവര്‍പൂള്‍ 44 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.

Related posts