റോഡപകടങ്ങളില്‍ വീണ്ടും വര്‍ധനവ്; ഈ വര്‍ഷം ജനുവരിയില്‍ മാത്രം 3688 അപകടങ്ങള്‍

ktmACCIDENTകോട്ടയം: കേരളത്തിലെ റോഡുകള്‍ വീണ്ടും കുരുതിക്കളമാകുന്നു.  കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ അപകടങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നതാ യി കണക്കുകള്‍ വ്യക്തമാക്കുന്നു. ജീവന്‍ നഷ്ടപ്പെടുന്നവരുടെയും, ഗുരുതര പരിക്കേല്‍ക്കുന്നവരുടെയും എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ബൈക്കുകളി ല്‍ യാത്രചെയ്യുന്ന വിദ്യാര്‍ഥികളടക്കമുള്ളവരുടെ അമിതവേഗതയും, ഗതാഗതനിയമങ്ങള്‍ പാലിക്കാത്തതുമാണു റോഡപകടങ്ങള്‍ പെരുകാന്‍ കാരണമായി പോലീസ് പറയുന്നത്.

ഈ വര്‍ഷം ജനുവരി മാസത്തില്‍ മാത്രം 3688 അപകടങ്ങള്‍ സംസ്ഥാനത്തുണ്ടായി. 2015ല്‍  39,014 അപകടങ്ങളാണ് കേരളത്തില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു 2005ലായിരുന്നു. 42,363 അപകടങ്ങളാണു ഉണ്ടായത്.   തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 2010 വരെ അപകടങ്ങള്‍ കുറഞ്ഞു. എന്നാല്‍ പിന്നീടു വാഹനാപകടങ്ങള്‍ വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.  അപകടത്തില്‍പ്പെട്ടു ജീവന്‍ പൊലിഞ്ഞവരുടെ കണക്കുകളും ഞെട്ടിക്കുന്നതാണ്.

കഴിഞ്ഞ വര്‍ഷം മാത്രം കേരളത്തില്‍ 4196പേര്‍ മരണപ്പെടുകയും, 43,735 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ജനുവരിയില്‍ മാത്രം 420 പേര്‍ മരണപ്പെടുകയും 4073 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.   മരണ നിരക്കില്‍ 10 ശതമാനവും, പരിക്കേറ്റവരുടെ നിരക്കില്‍ 9.31 ശതമാനവും വര്‍ധനവുണ്ടായിട്ടുണ്ട്. പുതുതലമുറ വാഹനങ്ങളാണു കൂടുതലും അപകടത്തില്‍പ്പെടുന്നത്. സ്വകാര്യ ബസുകളുടെയും ടിപ്പര്‍ ലോറികളുടെയും മത്സരയോട്ടവും അപകടങ്ങള്‍ക്കു കാരണമായി അധികൃതര്‍ പറയുന്നു. മദ്യപിച്ചു വാഹനമോടിച്ച് അപകടത്തില്‍പ്പെടുന്നവരുടെ എണ്ണവും കുറവല്ല. ഏറ്റവും കൂടുതല്‍ അപകടത്തില്‍പ്പെടുന്നത് ഇരുചക്ര വാഹന യാത്രക്കാരാണ്.

ബൈക്ക് യാത്രക്കാരെ മരണത്തിലേക്കു നയിക്കുന്നതിന്റെ പ്രധാന കാരണം അമിത വേഗതയും, ഹെല്‍മെറ്റ് ധരിക്കാത്തതുമാണ്. പിന്നിലിരിക്കുന്ന യാത്രക്കാരനും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ടും 90 ശതമാനം ആളുകളും ഈ നിയമം പാലിക്കുന്നില്ല. റോഡ് നിയമങ്ങളെക്കുറിച്ചു ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാവുകയെന്നതാണ് അപകടങ്ങള്‍ കുറയ്ക്കാനുള്ള പ്രധാന മാര്‍ഗം. വഴിയാത്രക്കാര്‍ക്കും  ചെറുവാഹനങ്ങള്‍ക്കും മതിയായ പരിഗണന നല്‍കുകയും മത്സരയോട്ടങ്ങളും അമിത വേഗതയും ഒഴിവാക്കുകയും ചെയ്താല്‍ റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നു ട്രാഫിക് പോലീസ് പറഞ്ഞു.

Related posts