പയ്യോളി: കൊല്ലപ്പെട്ട ബിഎംഎസ് നേതാവ് സി.ടി. മനോജിന്റെ ഭാര്യ കെ.ടി.പുഷ്പയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസ് നടപടി വിവാദമാകുന്നു. പുഷ്പയെ കൂടാതെ സഹോദരന് ബിജു, മനോജിന്റെ സഹോദരി മിനി, പുഷ്പയുടെ ബന്ധു ഗീത, കണ്ടാലറിയാവുന്ന മറ്റ് രണ്ട് സ്ത്രീകള്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തത്. കുരിയാടി നാണുവെന്ന കടപ്പുറം കിഴക്കെ താരേമ്മല്‍ നാണുവിന്റെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ്. വീട് വൃത്തിയാക്കാന്‍ വന്ന തന്നെ ഇവര്‍ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് നാണുവിന്റെ പരാതി.
മനോജിന്റെ വധത്തെ തുടര്‍ന്ന് വിഷമതകള്‍ അനുഭവിക്കുന്ന ഭാര്യ പുഷ്പയെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ബിജെപി നേതാക്കള്‍ ആരോപിക്കുന്നു. അരോഗദൃഢഗാത്രനായ ഒരാളെ പുഷ്പയെ പോലുള്ള ദുര്‍ബലയായ സ്ത്രീ വധിക്കാന്‍ ശ്രമിച്ചു എന്ന് പറയുന്നതിലെ പൊള്ളത്തരം പൊതുസമൂഹത്തിന് മുമ്പില്‍ തുറന്നുകാണിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനായി സംഘപരിവാര്‍ സംഘടനകളുടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ ഇന്ന് പയ്യോളിയില്‍ അടിയന്തര യോഗം ചേരുന്നുണ്ട്.
മനോജിന്റെ നാലാം ബലിദാനദിനത്തിന് രണ്ട് ദിവസം മുമ്പ് അര്‍ധരാത്രിയില്‍ വീടിന്റെ വാതിലില്‍ ആരോ അടിച്ചതായി പുഷ്പ പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ യാതൊന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ പോലീസ് കേസെടുത്തിരുന്നില്ല. ഈ സംഭവത്തിനുശേഷം സഹോദരന്റെ വീട്ടിലാണ് പുഷ്പയും മക്കളും ഉറങ്ങുന്നത്. ഇവിടെ നിന്ന് ഞായറാഴ്ച രാവിലെ സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് പുഷ്പയെ നാണു ആക്രമിച്ചതായി പറയുന്നത്.
പുഷ്പ ഇപ്പോഴും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പുഷ്പയുടെ പരാതിയില്‍ നാണുവിനെതിരെ ഐപിസി 354 ഉള്‍പ്പെടെയുള്ള വകുപ്പ് അനുസരിച്ച് കേസെടുത്തിട്ടുണ്ട്. ഇതിനിടെ പുഷ്പയുടെ പരാതി പ്രകാരം കസ്റ്റഡിയില്‍ എടുത്ത വീരപ്പന് എന്ന നിധീഷിന് സംഭവത്തില്‍ ബന്ധമില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വിട്ടയച്ചതായി എസ്ഐ കെ.കെ.ആഗേഷ് അറിയിച്ചു. സി.ടി. മനോജ് വധക്കേസിലെ പ്രതിയാണ് നിധീഷ്.