മഞ്ചേരി: വാഹനാപകടക്കേസിൽ കോടതി വിധിച്ച നഷ്ടപരിഹാരത്തുക നൽകുന്നതിൽ വീഴ്ച വരുത്തിയ ഇൻഷ്വറൻസ് കന്പനിയുടെ ഒഫീസിലെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടു. നാഷണൽ ഇൻഷ്വറൻസ് കന്പനിയുടെ മഞ്ചേരി ശാഖാ ഓഫീസ് ജപ്തി ചെയ്യുന്നതിന് മഞ്ചേരി മോട്ടോർ ആക്സിഡണ്ട് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി വിൻസെന്റ് ചാർളിയാണ് ഉത്തരവിട്ടത്.
ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ ആശ്രിതർ നൽകിയ പരാതിയിലാണ് കോടതി നടപടി. അരിന്പ്ര പൂക്കോടൻ ചോലയിൽ അബുബക്കറിന്റെ മകൻ പൂക്കോടൻ അബ്ദുൽ നാസർ (29) ആണ് മരിച്ചത്. 2012 ഫെബ്രുവരി 29ന് മൂന്നിനാണ് മൊറയൂർ – കൊണ്ടോട്ടി റോഡിലായിരുന്നു അപകടം. ബൈക്ക് യാത്രികനായ അബ്ദുൽ നാസറിനെ എതിരെ വന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.റോഡിൽ വീണ ബൈക്ക് യാത്രികന്റെ ദേഹത്ത് പിറകിൽ വന്ന ബസ് കയറിയിറങ്ങുകയും ചെയ്തു.
അപകടത്തിൽ 2016 ഓഗസ്റ്റ് 27ന് ഇതേ കോടതി 41, 01, 000 രൂപ നഷ്ട പരിഹാരം നൽകാൻ വിധിച്ചിരുന്നു. എന്നാൽ ഇത് കോടതിയിൽ കെട്ടിവയ്ക്കാൻ നാഷണൽ ഇൻഷ്വറൻസ് കന്പനി തയാറാകാത്തതിനെ തുടർന്ന് പരാതിക്കാർ വീണ്ടും കെ.രാജേന്ദ്രൻ മുഖേന കോടതിയെ സമീപിക്കുകയായിരുന്നു. പലിശയടക്കം പരാതിക്കാർക്ക് ഇൻഷ്വറൻസ് കന്പനി 60,69,480 രൂപ നൽകാനുണ്ടെന്നും കോടതി കണ്ടെത്തി.