ഹീറോ ഡ്യൂഎറ്റ്

heroഐപ്പ് കുര്യന്‍

സ്കൂട്ടര്‍ വിപണിയില്‍ ഹോണ്ടയെ പിന്നിലാക്കാനുള്ള തീവ്രശ്രമങ്ങളിലാണ് ഹീറോ മോട്ടോ കോര്‍പ്പ്. ഒരുമിച്ചു രണ്ട് പുതിയ സ്കൂട്ടറുകളാണ് കമ്പനി അവസാനമായി പുറത്തിറക്കിയത്, മയിസ്‌ട്രോ എഡ്ജും ഡ്യൂഎറ്റും. ഇതോടെ ഹീറോയുടെ സ്കൂട്ടര്‍ ശ്രേണിയില്‍ നാലു മോഡലുകളായി. ഇതില്‍ പ്ലഷര്‍ സ്ത്രീകള്‍ക്കായുള്ളതാണ്. മയിസ്‌ട്രോ പുരുഷന്മാര്‍ക്കും. രണ്ടുകൂട്ടര്‍ക്കും യോജിച്ച മോഡലായാണ് ഹീറോ ഡ്യൂഎറ്റിനെ ഹീറോ അവതരിപ്പിച്ചിരിക്കുന്നത്. ഹീറോ സ്വന്തമായി വികസിപ്പിച്ച പുത്തന്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ഡ്യൂഎറ്റിനെ അടുത്തു പരിചയപ്പെടാം.

രൂപകല്‍പ്പന

ലോഹ നിര്‍മിത ബോഡിയാണ് ഡ്യൂഎറ്റിന്. നമ്പര്‍ പ്ലേറ്റ് ഉറപ്പിച്ചിരിക്കുന്ന ഫ്രണ്ട് ഏപ്രണിലെ പാനലും ഹെഡ്‌ലൈറ്റ് കൗളും മാത്രം പ്ലാസ്റ്റിക് കൊണ്ടുള്ളതാണ്. മെറ്റല്‍ നിര്‍മിത ബോഡി കൂടുതല്‍ ഈടുനില്‍ക്കും. മെച്ചപ്പെട്ട ഫിനിഷിംഗുമുണ്ട്.

സ്കൂട്ടര്‍ വിപണിയിലെ താരമായ ആക്ടിവയോട് ഛായ തോന്നിക്കുന്ന മുന്‍ഭാഗമാണ് ഡ്യൂഎറ്റിനും. എന്നാല്‍ ചില പ്രത്യേകമായ ഡിസൈന്‍ ശകലങ്ങളും ഫീച്ചറുകളും ഹീറോ സ്കൂട്ടറിനുണ്ട്. ഫ്രണ്ട് ഏപ്രണിലെ “വി’ ആകൃതിയിലുള്ള ക്രോം സ്ട്രിപ്പ് സ്കൂട്ടറിനെ കൂടുതല്‍ സ്‌റ്റൈലിഷ് ആക്കുന്നു. ബോഡി നിറത്തില്‍ ഇന്‍സേര്‍ട്ടുള്ള റിയര്‍ വ്യൂ മിററുകളും സവിശേഷതയാണ്. സൈഡ് പാനലുകളിലും ക്രോം സ്ട്രിപ്പ് നല്‍കിയിട്ടുണ്ട്. വശങ്ങളില്‍ നിന്നുള്ള കാഴ്ചയില്‍ ഡ്യൂഎറ്റ് മറ്റു ഗീയര്‍ലെസ് സ്കൂട്ടറുകളില്‍ നിന്നു തികച്ചും വ്യത്യസ്തമാണ്.

അനലോഗ്, ഡിജിറ്റല്‍ സമ്മിശ്രമാണ് ഇന്‍സ്ട്രമെന്റ് പാനല്‍. സ്പീഡോമീറ്ററും ഫ്യുവല്‍ ഗേജും അനലോഗാണ്. ഓഡോ മീറ്റര്‍, രണ്ട് ട്രിപ്പ് മീറ്ററുകള്‍, സര്‍വീസ് റിമൈന്‍ഡര്‍ എന്നിവ ഡിജിറ്റല്‍ ഡിസ്‌പ്ലേയില്‍ കാണാം. സൈഡ് സ്റ്റാന്‍ഡ് നിവര്‍ന്നിരിക്കുന്നത് സൂചിപ്പിക്കാനുള്ള ഇന്‍ഡിക്കേറ്ററും ഇന്‍സ്ട്രമെന്റ് പാനലിലുണ്ട്. സ്വിച്ച് ഗീയറുകള്‍ക്കു ഗുണമേന്മയുണ്ട്. അനായാസം പ്രവര്‍ത്തിപ്പിക്കാവുന്ന ബ്രേക്ക് ലോക്കും ഏറെ ഉപകാരപ്രദമാണ്.

ടിവിഎസ് ജൂപ്പിറ്ററിലുള്ളതുപോലെ പാസ് ബൈ സ്വിച്ച് ഡ്യൂഎറ്റിലുണ്ട്. ഈ സ്വിച്ച് അമര്‍ത്തിയാല്‍ ഹെഡ് ലാംപ് െ്രെബറ്റ് മോഡില്‍ പ്രകാശിപ്പിക്കും. ഹൈവേകളില്‍ ഓവര്‍ടേക്ക് ചെയ്യും മുമ്പ് തൊട്ടുമുന്നിലുള്ള വാഹനത്തിനു സൂചന നല്‍കാനും ഹോണ്‍ നിരോധിത മേഖലയിലും പാസ് ബൈ സ്വിച്ച് ഉപയോഗപ്പെടും. ഓവര്‍ടേക്ക് ചെയ്യുകയാണെന്ന് എതിരേ വരുന്നവരെ അറിയിക്കാനായി ഇത് ദുരുപയോഗപ്പെടുത്തരുതെന്ന് അപേക്ഷ.

സീറ്റ് ഉയര്‍ത്താതെ തന്നെ പെട്രോള്‍ നിറയ്ക്കാനാവും വിധമാണ് ഫ്യുവല്‍ ലിഡ് നല്‍കിയിരിക്കുന്നത്. ടെയ്ല്‍ ലാംപിനും ഇന്ധനടാങ്കിന്റെ ലിഡിനുമൊക്കെ സംരക്ഷണം നല്‍കും വിധം നീളം കൂടിയ ഗ്രാബ് റെയില്‍ ഉപയോഗിച്ചിരിക്കുന്നു. ഇതില്‍ 10 കിലോഗ്രാം വരെ കെട്ടിവയ്ക്കാം. ഹാന്‍ഡില്‍ ലോക്ക് ചെയ്യാനും സീറ്റ് ഉയര്‍ത്താനും ഫ്യുവല്‍ ലിഡ് തുറക്കാനുമെല്ലാമുള്ള സംവിധാനം ഇഗ്‌നീഷന്‍ കീയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സീറ്റിന് അടിയിലെ സ്‌റ്റോറേജ് സ്‌പേസില്‍ ഫുള്‍ ഫേസ് ഹെല്‍മെറ്റ് വച്ചതിനുശേഷവും സ്ഥലം ബാക്കിയുണ്ട്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി യുഎസ്ബി 3.0 ചാര്‍ജിംഗ് പോയിന്റ് സീറ്റിനടിയില്‍ നല്‍കിയിട്ടുണ്ട്. ലഗേജ് സ്‌പേസിലെ സാധനങ്ങള്‍ ഇരുട്ടത്ത് തപ്പിത്തടയേണ്ടി വരില്ല, വെളിച്ചം നല്‍കാന്‍ ലാംപുണ്ട്. ട്യൂബ്‌ലെസ് ആണ് ടയറുകള്‍.

പെട്ടെന്ന് പഞ്ചറാവില്ല എന്നതാണ് ഇതിന്റെ മെച്ചം. അലോയ് വീലുകള്‍ക്കുപകരം പത്ത് ഇഞ്ച് സ്റ്റീല്‍ വീലുകളാണ് നല്‍കിയിരിക്കുന്നത്.

എന്‍ജിന്റെ പ്രകടനം

ഹീറോയുടെ മുന്തിയ സ്കൂട്ടറായ മയിസ്‌ട്രോ എഡ്ജിന്റെ തരം 8.3 ബിഎച്ച്പി 8.3 എന്‍എം ശേഷിയുള്ള 110.9 സിസി, സിംഗിള്‍ സിലിണ്ടര്‍, ഫോര്‍ സ്‌ട്രോക്ക് എന്‍ജിനാണ് ഡ്യൂഎറ്റിനും കരുത്തേകുന്നത്. എതിരാളികളായ ഹോണ്ട ആക്ടിവ, ടിവിഎസ് ജൂപ്പിറ്റര്‍ മോഡലുകളുടേതിനു സമാനമാണ് ഈ എന്‍ജിന്‍ പവര്‍.

എന്നാല്‍ മണിക്കൂറില്‍ 50 കിലോമീറ്ററിനു മേല്‍ വേഗമെടുക്കുന്ന കാര്യത്തില്‍ ഡ്യൂഎറ്റ് അല്‍പ്പം തണുപ്പനാണ്. ഉയര്‍ന്ന ഭാരമാണ് (116 കിലോഗ്രാം ) ഇതിനു കാരണം. നഗരങ്ങളിലെ ഉപയോഗത്തിനു ഡ്യൂഎറ്റിന്റെ എന്‍ജിന്‍ പിക്കപ്പ് പര്യാപ്തമാണ്. ഭാരം കൂടുതലുള്ളതുകൊണ്ട് മെച്ചപ്പെട്ട സ്ഥിരത ഡ്യൂഎറ്റിനുണ്ട്.
നല്ല യാത്രാസുഖം നല്‍കിയാണ് ഡ്യൂഎറ്റ് മനം കവരുന്നത്. ബൈക്കുകളുടേതുപോലെയുള്ള ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷന്‍ ഗട്ടറുകളുടെ ആഘാതം തീര്‍ത്തും കുറയ്ക്കുന്നു. ഗട്ടര്‍ നിറഞ്ഞ റോഡിലൂടെ പോകുമ്പോഴും ഹമ്പ് കടക്കുമ്പോഴുമൊക്കെ സ്കൂട്ടറിനു നല്ല സ്ഥിരതയുണ്ട്. വീതിയുള്ള സീറ്റുകളാണ് ഡ്യുഎറ്റിലെ യാത്ര സുഖകരമാക്കുന്ന മറ്റൊരു ഘടകം.

മുന്നിലും പിന്നിലും ഡ്രം ബ്രേക്ക് ഉപയോഗിക്കുന്ന ഗീയര്‍ലെസ് സ്കൂട്ടറിന് ഇന്റഗ്രേറ്റഡ് ബ്രേക്കിംഗ് സിസ്റ്റമുണ്ട്. ആക്ടിവയുടെ കോംബി ബ്രേക്ക് സിസ്റ്റത്തിനു സമാനമാണിത്. പിന്നിലെ ബ്രേക്ക് പ്രയോഗിക്കുമ്പോള്‍ നിശ്ചിത അനുപാതത്തില്‍ മുന്നിലെ ബ്രേക്ക് കൂടി പ്രവര്‍ത്തിപ്പിച്ച് ബ്രേക്കിംഗ് കൂടുതല്‍ സുരക്ഷിതമാക്കും ഈ സാങ്കേതികവിദ്യ. സഡന്‍ ബ്രേക്കിംഗിലും മെച്ചപ്പെട്ട സ്ഥിരത ഡ്യൂഎറ്റ് കാഴ്ച വച്ചു. ലീറ്ററിന് 65.8 കിലോമീറ്റര്‍ മൈലേജാണ് ഡ്യൂഎറ്റിന് ഹീറോ വാഗ്ദാനം ചെയ്യുന്നത്.

വില

എല്‍എക്‌സ്, വിഎക്‌സ് എന്നീ രണ്ട് വകഭേദങ്ങള്‍ ഡ്യൂഎറ്റിനുണ്ട്. ടെലിസ്‌കോപ്പിക് ഫോര്‍ക്ക് സസ്‌പെന്‍ഷന്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ, സര്‍വീസ് റിമൈന്‍ഡര്‍, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ്, ലഗേജ് സ്‌പേസില്‍ ലൈറ്റ് എന്നിവ എല്‍എക്‌സ് വകഭേദത്തിനില്ല. ഇതിന് കേരളത്തില്‍ 51,150 രൂപയാണ് എക്‌സ്‌ഷോറൂം വില. എല്ലാ ഫീച്ചറുകളുമുളള വിഎക്‌സ് വകഭേദത്തിന് 1,500 രൂപ മാത്രം അധികം കൊടുത്താല്‍ മതി. 52,650 രൂപ. സൈഡ് സ്റ്റാന്‍ഡ്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍ എന്നിവ ഓപ്ഷണലാണ്. അവയ്ക്ക് 350 രൂപയാണ് വില. റോഡ് ടാക്‌സും ഇന്‍ഷുറന്‍സും അടക്കം വിഎക്‌സിന് 58,950 രൂപയാണ് വില.

അവസാനവാക്ക്

ആക്ടിവയെക്കാള്‍ ഫീച്ചറുകളും വിലക്കുറവുമുള്ള ഗീയര്‍ലെസ് സ്കൂട്ടര്‍. യാത്രാസുഖം, ഇന്ധനക്ഷമത, രൂപഭംഗി എന്നിവയിലും ഡ്യുവറ്റ് ഒരു പടി മുന്നില്‍ തന്നെ. ഹീറോയുടെ വിപുലമായ സര്‍വീസ് ശൃംഖല ഡ്യൂഎറ്റിന്റെ മറ്റൊരു പ്ലസ് പോയിന്റ. ടെസ്റ്റ് െ്രെഡവ് വാഹനത്തിനു കടപ്പാട്: ജൂബിലി ഹീറോ,കോട്ടയം. ഫോണ്‍ : 94460 48601, 94460 58601.

Related posts