ഹരിപ്പാട്: രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നത് എസ്എൻഡിപി യോഗത്തെ തകർക്കാനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ പാർട്ടികളാണ് നാൾക്കുനാൾ പിളരുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപി യോഗം ചേപ്പാട് യൂണിയൻ ടി.കെ മാധവൻ സ്മാരക 4755-ാം നന്പർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ച് നടന്ന ക്ഷേത്രസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്റെ അനുഗ്രഹ പ്രഭയിൽ പ്രവർത്തിക്കുന്ന എസ്എൻഡിപി യോഗത്തെ പിളർക്കാൻ ഒരു ശക്തിയ്ക്കും കഴിയില്ല. സത്യത്തിന്റെ വഴിയിൽ മാത്രമാണ് എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനം. എല്ലാ രാഷ്ട്രീയ കക്ഷികളും സവർണരുടെ കയ്യാളന്മാരാണ്. എല്ലാ സംവരണവും സവർണർക്ക് നൽകിയിട്ടും അവർണരെപറ്റി ഇടതും വലതും മിണ്ടുന്നില്ല. അവർണർ വോട്ട് ചെയ്യാനും, സവർണർ ഭരണം കയ്യാളാനും ഉള്ളവരാണെന്നതാണ് ഇപ്പോഴത്തെ രീതിയെന്നും അദ്ദേഹം പറഞ്ഞു.
ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അദ്ധ്യക്ഷനായി. കോണ്‍ഫ്രൻസ് ഹാൾ ഉദ്ഘാടനം ചേപ്പാട് യൂണിയൻ വൈസ് പ്രസിഡന്റ് ഡി.കാശിനാഥനും ഓഫീസ് ഉദ്ഘാടനം ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകനും റ്റി.കെ.മാധവന്റെ ഫോട്ടോ അനാശ്ചാദനം ഡയറക്ടർ ബോർഡ് അംഗം എം.കെ ശ്രീനിവാസനും നിർവഹിച്ചു. യൂണിയൻ കമ്മറ്റി അംഗം ഡോ.സോമനാഥൻ റിപ്പോർട്ട് അവതരണവും സച്ചിദാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.
വിശ്വപ്രകാശം എസ്.വിജയാനന്ദ് മുഖ്യ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ഡി.ധർമ്മരാജൻ, കൗണ്‍സിലർമാരായ യു.ചന്ദ്രബാബു, അയ്യപ്പൻ കൈപ്പള്ളിൽ, എൻ.അനിൽകുമാർ, ആർ.ഓമനക്കുട്ടൻ, തൃക്കുന്നപ്പുഴ പ്രസന്നൻ, എസ്.ജയറാം, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് മഹിളാമണി, സെക്രട്ടറി രാധാ അനന്തകൃഷ്ണൻ, യൂത്ത് മൂവ്മെൻറ് യൂണിയൻ പ്രസിഡന്റ് എസ്.മനോജ്, സെക്രട്ടറി ജിതിൻ ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.