സംവരണത്തെ എതിര്‍ക്കുന്നവരെ കേരളം തിരസ്കരിക്കും: പിണറായി

knr-pinaraiതലശേരി: സംവരണത്തെ എതിര്‍ക്കുന്ന ആര്‍എസ്എസിനെ കേരളം തിരസ്കരിക്കുമെന്നു സിപിഎം പോളിറ്റ്ബ്യൂറോ അംഗവും ധര്‍മടത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പിണറായി വിജയന്‍. സംവരണം ആവശ്യമില്ലെന്നാണ് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചത്. ദേശീയതലത്തില്‍ ഇതിനെതിരേ വലിയ പ്രതിഷേധമുയര്‍ന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ടികജാതി-വര്‍ഗക്കാര്‍ക്കു സംവരണം തുടരുമെന്നുതിരുത്തി. ലക്ഷക്കണക്കിനു പിന്നോക്കക്കാര്‍ക്കുള്ള സംവരണം ഇല്ലാതാക്കുമെന്നാണു മോദി വാക്കുകള്‍ക്കിടയിലൂടെ വ്യക്തമാക്കിയത്.

എന്തായാലും ഈ രണ്ട് നയവും കേരളീയര്‍ക്കു സ്വീകാര്യമല്ല. ഇതുമായി കേരളത്തിലേക്കു വന്നാല്‍ ജനം അംഗീകരിക്കില്ല. ജനങ്ങളില്‍നിന്ന് അകന്ന കോണ്‍ഗ്രസും ആര്‍എസ്എസും അവിശുദ്ധസഖ്യം രൂപീകരിച്ചു ബിജെപിക്കു നിയമസഭയില്‍ അക്കൗണ്ട് തുടങ്ങാന്‍ നടത്തുന്ന നീക്കം കേരളത്തിന്റെ മതേതര മനസ് തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. ധര്‍മടം മണ്ഡലത്തിലെ ബൂത്ത് പര്യടനത്തിന്റെ ഭാഗമായി വിവിധകേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപിഎ സര്‍ക്കാരിന്റെ നയം മോദി സര്‍ക്കാര്‍ കൂടുതല്‍ തീവ്രതയോടെ പിന്തുടരുകയാണ്. ഇതേനയം നടപ്പാക്കുന്നതിനാലാണു കേരളം തകര്‍ച്ചയിലേക്കു നീങ്ങിയത്.  ഇന്നു യുഡിഎഫിനെ അധികാരത്തിലേറ്റിയവര്‍ പോലും ഭരണമാറ്റം കൊതിക്കുകയാണെന്നും പിണറായി പറഞ്ഞു.

Related posts