ആത്മവിശ്വാസം പകരാന്‍ സജിതയുണ്ട് കൂടെ

sajithaവലിയ ലാഭങ്ങള്‍ കൊയ്യുന്ന വലിയൊരു ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കണമെന്നൊന്നുമല്ല സജിത റഷീദിന്റെ ആഗ്രഹം. അറിയാവുന്ന തൊഴില്‍ തൃപ്തികരമായ വിധത്തില്‍ ചെയ്യുക. അതേ അവര്‍ ആഗ്രഹിക്കുന്നുള്ളു.

സോഫ്റ്റ് സ്കില്‍ ട്രെയിനറാണ് തമ്മനം സ്വദേശിയായ സജിത. വിവിധ മേഖലകളിലായി 19 വര്‍ഷത്തെ പ്രവൃത്തി പരിചയം മുതല്‍ക്കൂട്ടായുണ്ട്. നിലവില്‍ ഫ്രീലാന്‍സായിട്ടാണ് ട്രെയിനിംഗ് പരിപാടികളുമായി മുന്നോട്ട് പോകുന്നത്. കൊച്ചിയിലാണ് പ്രധാനമായും പ്രവര്‍ത്തനങ്ങള്‍.

സ്കൂളുകള്‍, കോളേജുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ അങ്ങനെ ആവശ്യക്കാര്‍ക്കൊക്കെ സജിതയുടെ സേവനം ലഭ്യമാണ്. ഇഫക്റ്റീവ് കമ്മ്യൂണിക്കേഷന്‍, ബോഡി ലാംഗ്വേജ്, ഗോള്‍ സെറ്റിംഗ്, കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ ജീവിത വിജയത്തിനാവശ്യമായ എല്ലാ മേഖലകളിലും സജിത പരിശീലനം നല്‍കും.

കുട്ടികള്‍ക്കായി ലുലു ഗ്രൂപ്പ് 2013 ലും 2015 ലും സംഘടിപ്പിച്ച സമ്മര്‍ ക്യാംപിന്റെ കോഓര്‍ഡിനേറ്റര്‍, കേരള ഗവണ്‍മെന്റിന്റെ പ്രൊഡക്റ്റിവിറ്റി കൗണ്‍സിലിന്റെയും രാജഗിരി പബ്ലിക് സ്കൂളിന്റെയും സ്ഥിരം പരിശീലക, ഇന്റര്‍നാഷണല്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍, ഇന്‍ഫ്‌ളഫിറ്റ് ഏവിയേഷന്‍ എന്നിവിടങ്ങളിലെല്ലാം വിസിറ്റിംഗ് ഫാക്കല്‍റ്റി, 2010 ലെയും 2011 ലെയും ഹെയറോമാക്‌സിന്റെ ബ്യൂട്ടിഫുള്‍ ഹെയര്‍ മത്സരത്തില്‍ മത്സരാര്‍ഥികളുടെ പരിശീലക, ജീവന്‍ ടിവിയിലെ ഇംഗ്ലീഷ് വാര്‍ത്ത വായനക്കാരി എന്നിങ്ങനെ നീണ്ടു പോകുന്നതാണ് സജിതയുടെ അനുഭവ സമ്പത്ത്. നിലവില്‍ കല്‍പക ബില്‍ഡേഴ്‌സ് ആന്‍ഡ് കാര്‍ഗോമാര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ വാര്‍ഷിക പരിശീലന പരിപാടി സജിതയാണ് ചെയ്യുന്നത്.

സോഷ്യല്‍ മീഡിയ വഴിയായും മറ്റും പരിശീലനപരിപാടിയെക്കുറിച്ച് ജനങ്ങളില്‍ അറിവെത്തിച്ച് സ്വന്തമായി തന്നെയാണ് ഇപ്പോള്‍ പരിപാടികള്‍ സംഘടിപ്പിക്കാറ്. സ്കൂളുകള്‍, കോളേജുകള്‍, സ്ഥാപനങ്ങള്‍ എന്നിവരാണ് ആവശ്യമായി എത്തുന്നവരിലധികവും. സ്കൂളുകളില്‍ 5000 രൂപമുതലാണ് ഫീസായി ലഭിക്കുക. കോളേജുകളില്‍ ഒരു ദിവസം മുഴുവനും ക്ലാസുകള്‍ക്ക് ലഭിക്കാറില്ല അതിനാല്‍ അതിനനുസരിച്ചാണ് ഫീസീടാക്കാറ്. പിന്നെയുള്ള ഓഫീസുകളും സംഘടനകളുമൊക്കെയാണ് അവരില്‍ നിന്നുള്ള ഫീസ് 10000, 15000, 20000 എന്നിങ്ങനെ വ്യത്യാസപ്പെട്ടിരിക്കും. പിന്നെ മാസത്തില്‍ എല്ലാ ദിവസവും ജോലിയില്ലാത്തതിനാല്‍ ഇതിനെ ഒരു ബിസിനസായി കാണാന്‍ കഴിയില്ല എന്നാണ് സജിത പറയുന്നത്. പക്ഷേ, ഇഷ്ടപ്പെട്ട മേഖലയായതിനാല്‍ തൃപ്തികരമായി ജോലി ചെയ്യാം. മറ്റുള്ള ജോലികളെ അപേക്ഷിച്ച് സമ്മര്‍ദ്ദം വളരെ കുറവാണ്. സ്വന്തമായൊരു വരുമാന മാര്‍ഗവുമാണ്.

വലിയ ലാഭ നഷ്ടങ്ങളെക്കുറിച്ച് ഓര്‍ക്കേണ്ട. മുന്നിലെത്തുന്നവര്‍ക്ക് നല്ലൊരു ജീവിതവും സമ്മാനിക്കാം. എന്നിങ്ങനെയൊക്കെയുള്ള നേട്ടങ്ങളിലാണ് സജിതയുടെ സന്തോഷം. സ്വന്തമായി വരുമാനം നേടുന്നതിനോടൊപ്പം മറ്റു കാര്യങ്ങള്‍ക്കു കൂടി സമയം നീക്കിവെക്കാം, വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാം എന്നിങ്ങനെയുള്ള നേട്ടം കൂടി ഈ ജോലിക്കുണ്ട്. കൊച്ചിക്കു പുറത്തു കേരളത്തില്‍ പലയിടങ്ങളിലും പരിശീലന പരിപാടികള്‍ക്ക് പോകാറുണ്ടെങ്കിലും രാത്രിയില്‍ തിരിച്ചെത്താന്‍ പറ്റുന്ന തരത്തിലുള്ള പരിപാടികളെ ഏറ്റെടുക്കാറുള്ളു.

സ്കൂള്‍ വിദ്യാഭ്യാസം സജിത പൂര്‍ത്തിയാക്കിയത് മസ്കറ്റിലെ ഇന്ത്യന്‍ സ്കൂളില്‍ നിന്നാണ്. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിഎ ഇംഗ്ലീഷും എംഎ സോഷ്യോളജിയും പൂര്‍ത്തിയാക്കി. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സൈക്കോളജിയും കൊച്ചിയിലെ കൗണ്‍സിലിംഗ് ആന്‍ഡ് ട്രാന്‍സാക്ഷണല്‍ അനാലിസിസില്‍ നിന്ന് ബെര്‍ണിയന്‍ ട്രാന്‍സാക്ഷണല്‍ അനാലിസിസും പൂര്‍ത്തിയാക്കി. ഇതിനൊക്കെ പുറമെ യോഗ, വാര്‍ത്ത വായന, ഫോട്ടോഗ്രാഫി, ടൂറിസം മാനേജ്‌മെന്റ് എന്നീ അറിവുകള്‍ക്കൂടി സജിതക്കുണ്ട്. പരിശീലന പരിപാടികള്‍ ഇല്ലാത്ത സമയം വെറുതെ കളയുകയല്ല സജിത. സ്ത്രീകള്‍ക്കായുള്ള റെയിസിംഗ് ഔര്‍ വോയിസസ് ഫൗണ്ടേഷന്റെ സെക്രട്ടറിയാണ്. അവരോടൊപ്പം ചേര്‍ന്ന് കാക്കനാടുള്ള ചില്‍ഡ്രന്‍സ് ഹോമിനായി സമയം നീക്കിവെക്കുന്നു, മോഹിനിയാട്ടം പഠിക്കാനായും, ബ്ലോഗും മറ്റും എഴുതാനായും സമയം കണ്ടെത്തുന്നു. ഇങ്ങനെ പോകുന്നു സജിതയുടെ പ്രവര്‍ത്തനങ്ങള്‍. ഭര്‍ത്താവ് ഷാജഹാനും മക്കള്‍ക്കുമൊപ്പം തമ്മനത്താണ് താമസിക്കുന്നത്.

തന്റെ പ്രവര്‍ത്തനങ്ങളെയെല്ലാം ഏകോപിപ്പിച്ച് മിത്ര് എന്ന പേരില്‍ ഒരു സ്ഥാപനം കൊച്ചിയില്‍ രൂപീകരിക്കാനാണ് സജിതയുടെ ആഗ്രഹം. അതിനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ് സജിതയിപ്പോള്‍. തനിക്ക് മുന്നിലെത്തുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ ജീവിത വിജയം നേടാന്‍ താനുണ്ടാകും കൂടെ എന്നുള്ള ഉറപ്പോടെ.

Related posts