കോഴിക്കോട്: നഗരത്തില്‍ വന്‍ അഗ്നിബാധ. കല്ലായ് റോഡ് -ആനിഹാള്‍ റോഡ് ജംഗ്ഷനിലെ ജയലക്ഷ്മി സില്‍ക്സിന്റെ കെട്ടിടത്തിലാണ് ഇന്നു രാവിലെ വന്‍ തീപിടിത്തമുണ്ടായത്.
മുകള്‍നിലയിലെ സാധനങ്ങള്‍ കത്തിനശിച്ചതു കൂടാതെ മുന്‍വശത്തെ പാര്‍ക്കിംഗ് ഏരിയയോടു ചേര്‍ന്ന് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തിനശിച്ചു.
കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകള്‍ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണം. കടയുടെ ഉള്ളില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത്.
കോഴിക്കോട് മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് എന്നിവിടങ്ങില്‍ നിന്നു 12 യൂണിറ്റ് ഫയര്‍ഫോഴ്സെത്തി എത്തി രണ്ടരമണിക്കൂറിലേറെ പണിപ്പെട്ടാണ് തീ ഏതാണ്ട് നിയന്ത്രണവിധേയമാക്കിയത്.
രാവിലെ ആറുമണിയോടെയാണ് തീയും പുകയും ഉയരുന്നത് കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമമറിയിച്ചു.
ബീച്ച് സ്റ്റേഷനില്‍ നിന്നു മൂന്നു യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘമാണ് ആദ്യമെത്തി തീയണയ്ക്കാന്‍ തുടങ്ങിയത്. കെട്ടിടത്തിന്റെ മുകള്‍നിലയിലാണ് തീ ആളിപ്പടര്‍ന്നത്. സ്ഥാപനത്തിന്റെ പരസ്യബോര്‍ഡുകളും മറ്റും ചുമരിലുണ്ടായിരുന്നു. ഇതും കത്തി നശിച്ചു.
കെട്ടിടത്തില്‍നിന്നു പുറത്തേക്ക് തീ ആളിപടര്‍ന്നതിനാല്‍ ഫയര്‍ഫോഴ്സ് സംഘത്തിന് ആദ്യഘട്ടത്തില്‍ അകത്തേക്കു കടക്കാനായില്ല. ഒരു മണിക്കൂറിലേറെ സമയം പുറത്തു നിന്നു വെള്ളം ചീറ്റി തീ കൂടുതലായി പടരാനുള്ള സാധ്യത ഇല്ലാതാക്കുകയാണ് അഗ്നിശമനസേന ചെയ്തത്.
തീ ആളുന്നതിന്റെ ശക്തി അല്പമൊന്ന് കുറഞ്ഞതോടെ ഗോവണി ഉപയോഗിച്ച് മുകളില്‍ കയറി അകത്തേക്കു വെള്ളം ചീറ്റി തീ കെടുത്തി. വസ്ത്രശേഖരങ്ങള്‍, ബോര്‍ഡുകള്‍, മേശ എന്നിവ കത്തിനശിച്ചു.
വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിക്കാനുള്ള കാരണമെന്ന നിഗമനമാണ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ ഉദ്യോഗസ്ഥര്‍ പ്രാഥമികമായി പങ്കുവച്ചത്.
എസിയൂണിറ്റുകള് പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ നിന്നാണ് തീ പടര്‍ന്നത്.അതിരാവിലെ ആയതിനാല്‍ നഗരത്തില്‍ തിരക്കും കുറവായിരുന്നു. പാളയം മാര്‍ക്കറ്റില്‍ നിന്നുള്ള ചുമട്ടുതൊഴിലാളികളും മറ്റും രക്ഷാപ്രവര്‍ത്തനത്തില്‍ സഹായമേകി.
തീപിടിച്ച കെട്ടിടത്തോടു ചേര്‍ന്ന് മറ്റു വലിയ കെട്ടിടങ്ങളില്ലാത്തതു രക്ഷാപ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകി. നാശനഷ്ടം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കോഴിക്കോട് മേയര്‍ ബീനാഫിലിപ്പ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.