കൊല്ലം: സിപിഎം മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസ് വേദിയിലേക്ക്. കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി നടത്തുന്ന ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനത്തിലാണ് അയിഷാ പോറ്റി പങ്കെടുക്കുന്നത്. സിപിഎമ്മുമായി കുറേക്കാലമായി അകന്നു നിൽക്കുന്ന അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നതിടയിലാണ് കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ അയിഷാ പോറ്റി പങ്കെടുക്കുന്നത്.
ഇന്നു കലയപുരം ആശ്രയ സങ്കേതത്തിൽ നടക്കുന്ന യോഗത്തിൽ ഉമ്മൻചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തുന്നത് അയിഷാ പോറ്റിയാണ്. കൊടിക്കുന്നിൽ സുരേഷ് എംപി യോഗം ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എംഎൽഎയും പരിപാടിയിൽ പങ്കെടുക്കും. മുൻ സഹപ്രവർത്തകൻ എന്ന നിലയിലാണ് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് അയിഷാ പോറ്റി പ്രതികരിച്ചു.
‘എനിക്കിപ്പോൾ പാർട്ടിയുമായി ബന്ധമില്ല. ഇഷ്ടമുള്ള കാര്യം ചെയ്യാമല്ലോ? വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുന്ന പരിപാടിണിതെന്നും’ അയിഷാ പോറ്റി പറഞ്ഞു. സിപിഎം നേതൃത്വവുമായുള്ള വിയോജിപ്പുകളെ തുടർന്ന് കഴിഞ്ഞ കുറച്ച് കാലമായി അയിഷാ പോറ്റി പാർട്ടി പരിപാടികളിൽ നിന്ന് അകലം പാലിച്ചു വരുകയാണ്.
ജില്ലാ കമ്മിറ്റി അംഗമായ അവർ വിയോജിപ്പുകളെ തുടർന്ന് സിപിഎം ജില്ലാസമ്മേളനത്തിൽ പോലും പങ്കെടുത്തിരുന്നില്ല. ഇതോടെ ജില്ലാ കമ്മിറ്റിയിൽനിന്ന് അവരെ ഒഴിവാക്കുകയായിരുന്നു.
- അജി വള്ളിക്കീഴ്