ആക്രിയോടൊപ്പം ലഭിച്ച എടിഎം കാർഡും, പിൻനമ്പരും ഉപയോഗിച്ച് വിദേശ മലയാളിയുടെ ലക്ഷങ്ങൾ തട്ടി! യുവാവ് പിടിയിൽ

ആക്രി സാധനങ്ങൾക്കൊപ്പം പെട്ടുപോയ എടിഎം കാർഡ് ഉപയോഗിച്ച് വിദേശ മലയാളിയുടെ ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിലായി.

ചെങ്ങന്നൂർ പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ അക്കൗണ്ടിൽ നിന്നാണ് പണം ആറ് ലക്ഷത്തിലേറെ രൂപ നഷ്ടമായത്.

ആക്രി സാധനങ്ങൾക്കൊപ്പം ലഭിച്ച എടിഎം കാർഡും ഇതോടൊപ്പം ഉണ്ടായിരുന്ന സ്വകാര്യ പിൻ നമ്പറും ഉപയോഗിച്ച് തമിഴ്നാട് സ്വദേശിയാണ് പണം തട്ടിയത്.

സംഭവത്തിൽ തെങ്കാശി സ്വദേശി ബാലമുരുകൻ പൊലീസ്പി ടിയിലായി. 61 തവണകളായി 6.31 ലക്ഷം രൂപയാണ് പ്രതി പിൻവലിച്ചത്.

ഷാജിയുടെ എസ്ബിഐ ചെങ്ങന്നൂർ ശാഖയിലെ ബാങ്ക് അക്കൗണ്ടിന്റെ എടിഎം കാർഡാണ് നഷ്ടമായത്. 2018 ൽ എടിഎം കാർഡ് ലഭിച്ചിരുന്നെങ്കിലും, വിദേശത്തേക്ക് പോയതിനാൽ ഷാജി കാർഡ് ഉപയോഗിച്ചിരുന്നില്ല.

2018 ലുണ്ടായ പ്രളയത്തിൽ ഷാജിയുടെ വീട്ടിലും വെള്ളം കയറി. കഴിഞ്ഞ ഒക്ടോബറിൽ നാട്ടിലെത്തിയ ഷാജി വീട്ടിലെ ഉപയോഗശൂന്യമായ സാധനങ്ങൾ ആക്രിവിലയ്ക്ക് വിറ്റു.

ഇതിനൊപ്പം കാർഡും ഉൾപ്പെടുകയായിരുന്നു. പിന്നീട് ഒക്ടോബർ 25ന് ചെങ്ങന്നൂരിലെ എസ്ബിഐ ശാഖയിലെത്തി ചെക്ക് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചു.

എന്നാൽ, അക്കൗണ്ടിൽ പണം ഇല്ലായിരുന്നു. എടിഎം കാർഡ് ഉപയോഗിച്ച് 6.31 ലക്ഷം രൂപ പിൻവലിച്ചെന്ന് ബാങ്ക് ജീവനക്കാർ അറിയിച്ചു.

തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ അബുദാബിയിൽ ആയതിനാൽ മെസ്സേജ് കണ്ടില്ലെന്നും ഷാജി പറയുന്നു.

2022 ഒക്ടോബർ ഏഴിനും 22നും ഇടയിൽ 61 തവണ ഷാജിയുടെ അക്കൗണ്ടിൽ നിന്നും എടിഎം ഉപയോഗിച്ച് പണം പിൻവലിച്ചെന്ന്  പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

തിരുവനന്തപുരം, ഇടമണ്ണ്, പുനലൂർ, കറ്റാനം, തമിഴ്നാട്ടിലെ മധുര, നാമക്കൽ, സേലം എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ നിന്നാണ് പണം പിൻവലിച്ചത്.

തുടർന്ന് ഈ എടിഎം കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. എല്ലാ ദൃശ്യങ്ങളിലും ഒരു ലോറിയുണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലമുരുകൻ പിടിയിലായത്.

Related posts

Leave a Comment