എല്ലാ റോഡ് നിയമങ്ങളും പാലിച്ച് വേണം റോഡിലേക്ക് വാഹനം ഇറക്കാവു എന്ന് പറയുന്നത് വെറുതേയല്ല. ഒരു നിമിഷത്തെ അശ്രദ്ധ ചിലപ്പോൾ വലിയ അപകടങ്ങൾക്ക് വഴി തെളിക്കും. അത് തെളിയിക്കുന്നൊരു സംഭവമാണിപ്പോൾ ചർച്ചയാകുന്നത്.
വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർ അശ്ലീല വീഡിയോ കണ്ടു. വണ്ടിയുടെ നിയന്ത്രണം വിട്ട് എതിരേ വന്ന ഒരു കാറിൽ ഇടിച്ചു. കാറിലുണ്ടായിരുന്ന ഡാനി ഐച്ചിസൺ (38) എന്ന യുവാവ് കൊല്ലപ്പെടുകയും ചെയ്തു. 2024 മെയ് 17 -ന് ലങ്കാഷെയറിലെ സ്കെൽമേഴ്സ്ഡേലിൽ വച്ചാണ് അപകടം നടന്നത്. നീൽ പ്ലാറ്റ് (43) എന്ന ട്രക്ക് ഡ്രൈവർ ആണ് അശ്രദ്ധയോടെ വാഹനം ഓടിച്ചത്. റോഡിൽ ശ്രദ്ധിക്കുന്നതിന് പകരം ഇയാൾ തന്റെ ഫോണിൽ അശ്ലീല വീഡിയോകൾ കാണുകയായിരുന്നു.
അതിദാരുണമായിരുന്നു അപകടം. ഐച്ചിസന്റെ കാറിലേക്ക് ട്രക്ക് വന്നിടിച്ചപ്പോൾ നിമിഷങ്ങൾക്കുള്ളിൽ കാറിന് തീപിടിച്ചു, അയാൾ കാറിനുള്ളിൽ കുടുങ്ങിപ്പോയി. അപകടം നടക്കുന്ന സമയത്ത് ഇയാൾ ഭാര്യയുമായി ഫോണിൽ സംസാരിക്കുകയായിരുന്നു, അദ്ദേഹം മരണത്തോട് മല്ലിടുന്ന നിമിഷങ്ങൾ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ഫോണിലൂടെ കേൾക്കേണ്ടിവന്നത് ഹൃദയം നുറുങ്ങുന്ന സംഭവമായിരുന്നു. രണ്ട് ചെറിയ കുട്ടികളുടെ പിതാവായ ഐച്ചിസൺ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
2025 സെപ്റ്റംബർ 19 -ന് കോടതി പ്ലാറ്റിന് 10 വർഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷയുടെ മൂന്നിൽ രണ്ട് ഭാഗം പൂർത്തിയാക്കിയ ശേഷം മാത്രമേ അയാൾക്ക് പരോളിന് അർഹതയുണ്ടാകൂ. ജയിൽവാസം കഴിഞ്ഞാലും ഇയാൾക്ക് ഏഴ് വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കില്ല