കോട്ടയത്ത് സ്വകാര്യ ബസ് സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക് ; രണ്ടു പേരുടെയും നില ഗുരുതരം; പള്ളം സ്പീച്ച്‌ലി കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ സ്വാമിനാഥന്‍, ഷെബിന്‍ ഷാജി എന്നിവർക്കാണ് അപകടം സംഭവിച്ചത്

കോട്ടയം: കോടിമത നാലുവരി പാതയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പള്ളം സ്പീച്ച്‌ലി കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിലെ വിദ്യാര്‍ഥികളായ സ്വാമിനാഥന്‍, ഷെബിന്‍ ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടു പേരുടെയും നില ഗുരുതരമാണ്. ഇരുവരെയും ആദ്യം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം സ്വാമിനാഥനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അപകടം.

വിദ്യാര്‍ഥികള്‍ സ്‌കൂട്ടറില്‍ കോളജിലേക്ക് വരികയായിരുന്നു. എതിരേ വന്ന ബസാണ് ഇവരെ ഇടിച്ചു വീഴ്ത്തിയത്. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി വാഹനം തടയുകയും നിരന്തരം അപകടം ഉണ്ടാകുന്നതില്‍ പ്രതിഷേധിക്കുകയും ചെയ്തത് ഗതാഗത കുരുക്കിന് ഇടയാക്കി. അപകടമുണ്ടാക്കിയ കോട്ടയം-ചങ്ങനാശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.

Related posts