അക്രമിക്കപ്പെട്ട നടിയെ പിന്തുണച്ചതിന്റെ പ്രത്യാഘാതം കരുതിയതിലും വലുതായി ! മികച്ച വേഷങ്ങള്‍ ഇനി തനിക്ക് ലഭിക്കാന്‍ സാധ്യതയില്ലെന്നു മനസ്സിലാക്കിയതോടെ നടി പാര്‍വതി സംവിധാനത്തിലേക്ക് കളം മാറ്റുന്നു…

നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയ്‌ക്കൊപ്പം ഉറച്ചു നിന്നതിന്റെ പ്രത്യാഘാതം മലയാള സിനിമയില്‍ തന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കാന്‍ പോന്നതാണെന്ന് അന്ന് നടി പാര്‍വതി തിരിച്ചറിഞ്ഞില്ല.

മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഇഷ്ടംപിടിച്ചു പറ്റിയ നടിയ്ക്ക് പക്ഷെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിലൂടെ പലരുടെയും അനിഷ്ടത്തിനും പാത്രമായി.

ഇതോടെ ഒരു കാലത്ത് തന്നെ വച്ച് സിനിമയെടുക്കാന്‍ മത്സരിച്ചവര്‍ ആരും ഇനിയുണ്ടാവില്ലെന്ന തിരിച്ചറിവ് വന്നതോടെ നടി അഭിനയത്തിന് താല്‍ക്കാലിക ഇടവേള നല്‍കി സംവിധായികയുടെ കുപ്പായത്തിലേക്ക് മാറുന്നതായി വിവരം.

സംവിധായക സംരംഭത്തിനായുള്ള എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അഭിനയത്തിന് ഇടവേള എടുക്കുന്നതായാണ് നടി പറയുന്നതെങ്കിലും ചില അഭിപ്രായ പ്രകടനങ്ങളുടെ അനന്തരഫലമാണ് ഇപ്പോഴത്തെ ഈ അവസ്ഥയെന്നാണ് പലരും വ്യാഖ്യാനിക്കുന്നത്. പല പ്രമുഖ നടന്മാരും പാര്‍വ്വതിക്കൊപ്പം അഭിനയിക്കുന്നതിനും തയ്യാറല്ലെന്നാണ് സൂചന.

സംവിധായികയുടെ ജോലിയ്‌ക്കൊപ്പം അഭിനയം തുടരുന്നതിനും താരത്തിനു പദ്ധതിയുണ്ടെന്നാണ് സൂചന.

ഏതായാലും ലോക്ക്ഡൗണ്‍ അവസാനിച്ചാലും ഉടനെ മറ്റു സിനിമകളിലെ അഭിനയം തുടരുമോ അതോ തത്കാലത്തേക്ക് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുമോ എന്നതില്‍ പാര്‍വതി പ്രതികരിച്ചിട്ടില്ല.

ചെയ്യാന്‍ പോകുന്ന സിനിമകളുടെ തിരക്കഥകള്‍ ഏകദേശം പൂര്‍ത്തിയായെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ടും വ്യത്യസ്തമായ രീതിയിലുള്ള ത്രില്ലറുകളായിരിക്കുമെന്നും വിവരങ്ങളുണ്ട്.

ബാഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ടേക്ക് ഓഫ്, ചാര്‍ളി, ഇങ്ങനെ ഹിറ്റുകളുമായി മലയാള സിനിമയില്‍ നിറയുമ്പോഴാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടാവുന്നത്.

ഒട്ടുമിക്ക നടിമാരും ഇക്കാര്യത്തില്‍ അഴകൊഴമ്പന്‍ നയം പിന്തുടര്‍ന്നപ്പോള്‍ നടിയ്‌ക്കൊപ്പം ശക്തമായി നിന്ന ആളായിരുന്നു പാര്‍വതി. പാര്‍വതിയുടെ കരിയറില്‍ തിരിച്ചടിയായതും ആ തീരുമാനമായിരുന്നു.

നടിയെ ആക്രമിച്ച സംഭവത്തില്‍ ആദ്യമായി ഗൂഢാലോചന ആരോപിച്ച മഞ്ജു വാര്യര്‍ വരെ പതിയെ പിന്മാറിയെങ്കിലും പാര്‍വതി നടിയുടെ ഒപ്പം ഉറച്ചു നിന്നു.

ഇതോടെ മലയാള സിനിമയിലെ പലരും പാര്‍വതിയെ ശത്രു സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. ലയാളസിനിമയില്‍ മാത്രമല്ല തമിഴിലും കന്നഡയിലും ഹിന്ദിയിലും വരെ പാര്‍വ്വതിക്ക് അവസരങ്ങള്‍ നഷ്ടമായി.

അഭിനയിച്ച പല സിനിമകളിലും പലയിടങ്ങളിലും നായകനേക്കാള്‍ ഒരുപടി മേലെ പാര്‍വതിയുടെ പ്രകടനം എത്തിയിട്ടുമുണ്ട്. രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാനപുരസ്‌കാരം സ്വന്തമാക്കി.

ടേക്ക് ഓഫിലെ അഭിനയത്തിന് ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. റേഡിയോ പ്രോഗ്രാം നിര്‍മ്മാതാവായാണ് പാര്‍വ്വതിയുടെ തുടക്കം.

പിന്നീട് റേഡിയോയില്‍ നിരവധി പേരുടെ അഭിമുഖങ്ങളൂം നടത്തിയിട്ടുണ്ട്. സിനിമയില്‍ ഡബിങ് കലാകാരിയായും പ്രവര്‍ത്തിക്കുന്നുണ്ട്.

ഔട്ട് ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് നോട്ട് ബുക്ക്, വിനോദയാത്ര, ഫ്‌ളാഷ്, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി.

ഇടവേളയ്ക്കു ശേഷം ബാംഗ്ലൂര്‍ ഡെയ്‌സിലൂടെ താരമായി മാറുകയായിരുന്നു. തമിഴിലും ഹിറ്റുകളുണ്ടായി.

എന്നു നിന്റെ മൊയ്തീന്‍ സിനിമയിലെ കാഞ്ചന മാലയെ അവിസ്മരണീയമാക്കിയതോടെ പിന്നെ പാര്‍വതിയ്ക്കു തിരിഞ്ഞു നോക്കേണ്ടി വന്നില്ല.

എന്നാല്‍ നിലവിലെ സ്ഥിതിഗതികള്‍ പാര്‍വതിയുടെ അഭിനയ ജീവിതത്തെ തകിടം മറിയ്ക്കുകയാണ്. ഇതേത്തുടര്‍ന്നാണ് നടി സംവിധായികയുടെ കുപ്പായത്തിലേക്ക് മാറാന്‍ ആലോചിക്കുന്നതും.

Related posts

Leave a Comment