തിരുവനന്തപുരം: ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് പോലീസിന് നിയമോപദേശം. പ്രസംഗത്തിൽ എസ്സി, എസ്ടി വിഭാഗങ്ങൾക്കെതിരെ പരാമർശമില്ല.
സിനിമാ നയരൂപീകരണ യോഗത്തില്‍ അടൂര്‍ നടത്തിയ ഒരു അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഒരു കേസ് എടുക്കാന്‍ സാധിക്കില്ലെന്നും നിയമോപദേശത്തിൽ പറയുന്നു. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണം.
ചലച്ചിത്ര കോര്പ്പറേഷന് വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞതാണ് വിവാദമായത്.
പ്രസംഗം മുഴുവന്‍ പരിശോധിച്ചാല്‍ പരാതിക്കാരന് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ നിലനില്‍ക്കുന്നതല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. എസ്സി, എസ്ടി വിഭാഗത്തിനും സ്ത്രീകള്‍ക്കും നല്കുന്ന ഫണ്ട് നിര്‍ത്തലാക്കണമെന്നോ അത്തരമൊരു വിഭാഗത്തിന് ഫണ്ട് നല്കരുതെന്നോ പ്രസംഗത്തില്‍ പറയുന്നില്ല.
പരിശീലനം നല്‍കണമെന്നാണ് പറഞ്ഞത്. സിനിമ നയരൂപീകരണയോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ഒരു നിര്‍ദേശമായി കണ്ടാല്‍ മതി. അത് ഒരു അധിക്ഷേപ പരാമര്‍ശമല്ലെന്നും പറയുന്നു
അതേസമയം അടൂരിന്റെ പരാമർശത്തിനെതിരെ ഡബ്ല്യുസിസി, ദിശ, അന്വേഷി ഉൾപ്പെടെ വനിതാ സംഘടനകൾ വനിതാ കമ്മീഷന് പരാതി നൽകി. അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നും പരാതിയിൽ പറയുന്നു.