പാലാ: മഴക്കാലമെത്തിയതോടെ ആഫ്രിക്കന്‍ ഒച്ച് പെരുകുന്നതു കര്‍ഷകര്‍ക്ക് ആശങ്കയായി. ഭരണങ്ങാനം, മീനച്ചില്‍, ഏഴാച്ചേരി, കരൂര്‍, കാനാട്ടുപാറ തുടങ്ങിയ പ്രദേശങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം വര്‍ധിച്ചുവരുന്നത്. കപ്പ, വാഴ, കമുക്, പച്ചക്കറികള്‍, ചേന, ചെടികള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള കൃഷികള്‍ ഒച്ചുകള്‍ തിന്നു നശിപ്പിക്കുന്നുണ്ട്.
മീനച്ചിലാറിന്റെയും ളാലം തോടിന്റെയും തീരങ്ങളിലാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ കൂടുതലും കണ്ടുവരുന്നത്.രണ്ടു വര്‍ഷംമുമ്പ് ഭരണങ്ങാനം പഞ്ചായത്തിലെ അറവക്കുളം പ്രദേശത്താണ് ആഫ്രിക്കന്‍ ഒച്ചിന്റെ സാന്നിധ്യം വന്‍തോതില്‍ കണ്ടെത്തിയത്. തുടര്‍ന്നു മീനച്ചില്‍ പഞ്ചായത്തിന്റെ തീരഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. വേനല്‍ക്കാലത്ത് ഇവയുടെ ശല്യം കുറവാണ്.
ഭരണങ്ങാനം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളില്‍ ഇവയെ നശീകരിക്കുന്നതിനു നടപടികളെടുത്തിരുന്നു. സമീപകാലത്ത് മഴ ശക്തമായതോടെ ആറിന്റെയും തോടുകളുടെയും സമീപ പ്രദേശങ്ങളിലെ ചപ്പുചവറുകള്‍ കൂടിക്കിടക്കുന്ന ഭാഗങ്ങളില്‍ ഒച്ചുകളെ കണ്ടു തുടങ്ങുകയായിരുന്നു.
പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് പടര്‍ന്നു. വീടുകള്ക്കുള്ളിലേയ്ക്കും ഇവ കടന്നുതുടങ്ങിയത് പലവിധമുള്ള രോഗസാധ്യതയും വര്‍ധിപ്പിച്ചിട്ടുണ്ട്.
നടപടി വേണം
ആഫ്രിക്കന്‍ ഒച്ച് വ്യാപകമാകുന്നതു തടയുവാന്‍ തുടക്കം മുതല്‍ നടപടിയെടുക്കണമെന്ന് പഞ്ചായത്തംഗം റെജി വടക്കേമേച്ചേരി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കൃഷി വ്യാപകമായി നശിപ്പിക്കുന്നതിന് ഇടയാക്കും. ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കുന്നതിന് ആരോഗ്യ, കൃഷി വകുപ്പുകള്‍ ഏകോപിച്ച് നടപടിയെടുക്കണം.
പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം: കൃഷി വകുപ്പ്
പരിസര ശുചീകരണമാണ് ആഫ്രിക്കന്‍ ഒച്ചുകള്‍ പെരുകുന്നത് തടയുന്നതില്‍ പ്രധാനമെന്നു കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജൈവ അവശിഷ്ടങ്ങള്‍ കൂട്ടിയിടുന്നതു തടയുകയും കൃഷി സ്ഥലത്തെ ഈര്‍പ്പമുള്ള അടിക്കാടുകള്‍ വെട്ടുന്നതും ഇവയുടെ മുട്ടകളെ നശിപ്പിക്കാനും വളര്‍ച്ച തടയാനും സഹായിക്കും.
വൈകുന്നേര സമയത്തു വിവിധ തരത്തിലുള്ള കെണികളൊരുക്കി ആകര്‍ഷിച്ച് പിടിച്ച് നശിപ്പിക്കുകയാണ് ഒച്ചുകളെ നിയന്ത്രിക്കുവാനുള്ള പ്രധാന വഴി. താറാവുകളെ വളര്‍ത്തുന്നതാണ് ഒച്ചുകള്ക്കെതിരേയുള്ള ഏറ്റവും ഫലപ്രദമായ ജൈവനിയന്ത്രണമാര്ഗം.