പഠിക്കാം, നാറ്റ്വേക്കോ ഫാമിംഗ്

kar2016dec16ha1വ്യത്യസ്തവും വിഭിന്നവുമായ ഒട്ടേറെ കൃഷിരീതികളെ കുറിച്ച് നമുക്കറിയാം. ഓരോ കാലഘട്ടത്തിലും വിവിധ ദേശങ്ങളിലെ ജനങ്ങള്‍ കാലാവസ്ഥക്കും പ്രകൃതിക്കും ഇണങ്ങുന്ന പുതിയ കണ്ടെത്തലുകള്‍ നടത്തി, കാര്‍ഷിക വൃത്തിയില്‍ വേറിട്ട വഴികളിലൂടെ മുന്നേറി. സമ്പൂര്‍ണ ജൈവകൃഷി നടപ്പാക്കുന്ന നറ്റ്വേക്കോ ഫാമിംഗ് രീതി തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ കര്‍ഷകര്‍ ആവേശത്തോടെ ഇതു നടപ്പിലാക്കുന്നു.

എസ്. ഒബോല്‍ക്കര്‍ എന്ന ഗണിതശാസ്ത്രജ്ഞന്‍ തന്റെ നാല്‍പതു വര്‍ഷത്തെ പഠനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും കണ്ടെത്തിയ ശാസ്ത്രീയ കൃഷി ദര്‍ശനമാണ് നറ്റ്വേക്കോ ഫാമിംഗ്. ഇദ്ദേഹം ഗണിതശാസ്ത്രജ്ഞന്‍ എന്നതിലുപരി സസ്യശാസ്ത്രജ്ഞന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍, കൃഷി വിദഗ്ധന്‍, എന്നീ നിലകളിലൊക്കെ ഒട്ടേറെ കണ്ടത്തലുകള്‍ നടത്തി.

ജൈവ വൈവിധ്യത്തെ സംരക്ഷിക്കുന്നതാണ് നാറ്റ്വേക്കോഫാമിംഗ്. ഓര്‍ഗാനിക് ഫാമിംഗ്, പ്രകൃതി സൗഹൃദ കൃഷി എന്നിവ പോലെ തന്നെ ഇതും കര്‍ഷകര്‍ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നു.

ചെടികളുടെ വളര്‍ച്ച

സൂര്യപ്രകാശത്തെ ചെടികളിലേക്ക് ആഗിരണം ചെയ്യിക്കുകയും, ഇതിന് ആവശ്യമായശേഷി ചെടിക്ക് ഉണ്ടാക്കിയെടുക്കുകയുമാണ് ആദ്യപടി. ചെടിയുടെ എല്ലാവിധ ആന്തരീക പ്രവര്‍ത്തനങ്ങളും നടക്കുന്നത് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തിലാണ്. നാറ്റ്വേക്കോ ഫാമിം ഗില്‍ ചെടികളുടെ വളര്‍ച്ചയെ അഞ്ചു ഘട്ടങ്ങളായി തിരിക്കുന്നു.

1. വളര്‍ച്ചയുടെ ആരംഭം (രണ്ടിലപ്രായം)
2. കരുത്തോടെയുള്ള വളര്‍ച്ച
3. പൂവിടല്‍ഘട്ടം
4. വിളവെടുപ്പ്
5. അനാരോഗ്യാവസ്ഥ.

മേല്‍പറഞ്ഞ എല്ലാഘട്ടങ്ങള്‍ക്കും ഏകദേശം ഒരേ കാലയളവാണുള്ളത്. കായ്പിടുത്തം കുറഞ്ഞ് ചെടി അനാരോഗ്യകരമായ അവസ്ഥയിലേക്ക് പോകുന്ന ഘട്ടത്തില്‍ യാതൊരുവിധ വളപ്രയോഗത്തിന്റെയും ആവശ്യമില്ല. ഈ ഘട്ടത്തില്‍ ജലസേചനം മാത്രം മതിയാവും. വിത്തുമുളച്ച് ആദ്യ 15–20 ദിവസം ചെടിയില്‍ പോഷണം ആഗിരണം ചെയ്യുന്ന വേരുകള്‍ വളരില്ല. ഈ സമയം വളപ്രയോഗത്തിന്റെ ആവശ്യമില്ല. അടുത്തഘട്ടത്തില്‍ പുതുനാമ്പുകള്‍ വളരുകയും ശിഖരങ്ങള്‍ ഉണ്ടാവുകയും ആദ്യ ഇലകള്‍ പൊഴിയുകയും ചെയ്യുന്നു. തുടര്‍ന്നുള്ള വളര്‍ച്ചാഘട്ടത്തില്‍ വേരുകള്‍ മണ്ണിലേക്ക് പടര്‍ന്നിറങ്ങും. ഈ അവസരത്തില്‍ ചെടിക്കാവശ്യമായ പോഷകങ്ങള്‍ മണ്ണില്‍ സമൃദ്ധമായിരിക്കണം. ഇത് ചെടിയുടെ കരുത്തറ്റ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്.

ചെടികള്‍ കരുത്തോടെ വളരുന്നതിന് രണ്ടു കാര്യങ്ങള്‍ ചെയ്യ ണം. ചെടിയുടെ തണ്ടിന് മുകളിലെ ഭാഗങ്ങളില്‍ (മണ്ണിന് മുകള്‍ഭാഗം) ആവശ്യത്തിന് സൂര്യപ്രകാശം ഏല്‍ക്കുകയും എന്നാല്‍ ചെടിയുടെ ചുവട്ടില്‍ (തടം) സൂര്യപ്രകാശം ഒട്ടും ഏല്‍ക്കാതിരിക്കുകയും വേണം. മണ്ണില്‍ വസിക്കുന്ന കോടാനുകോടി സൂക്ഷ്മ ജീവികളുടെ സമ്പന്നതയാണ് കൃഷിയിടത്തെ ജീവനുള്ളതാക്കുന്നത്.

നമ്മുടെ ചുറ്റുവട്ടത്തുള്ള മണ്ണില്‍ ലയിച്ചു ചേരുന്ന ഏതു പാഴ്വസ്തുക്കളും കൃഷിസ്ഥല ത്ത് നിക്ഷേപിക്കുമ്പോള്‍ സൂക്ഷമജീവികളുടെ പ്രവര്‍ത്തനഫലമായി വിഘടിച്ച് മണ്ണില്‍ ലയിക്കുന്നു. ഇത് ചെടികളുടെ വളര്‍ച്ചക്ക് ആവശ്യമായ ഊര്‍ജ്ജം നല്‍കുന്നു. വേരുപടലങ്ങളില്‍ കാണപ്പെടുന്ന നാരുകള്‍ മണ്ണില്‍ നിന്ന് യഥേഷ്ടം മൂലകങ്ങളെ ആഗിരണം ചെയ്ത് ചെടിയെ കരുത്തോടെ വളര്‍ത്തുന്നു. വലിപ്പവും കരുത്തുമുള്ള ഇലകള്‍ കൂടുതല്‍ സൂര്യപ്രകാശത്തെ ആഗിരണം ചെയ്യുകയും പ്രകാശ സംശ്ലേഷണ പ്രവര്‍ത്തനങ്ങള്‍ കൂട്ടുക വഴി ഉത്പാദനം കൂട്ടുകയും ചെയ്യുന്നു. സൗരോര്‍ജത്തിന്റെ നേരിട്ടുള്ള ലഭ്യതയാണ് കൃഷിയുടെ വിജയത്തിനടിസ്ഥാനം. ഇലകളില്‍ പതിക്കുന്ന സൂര്യപ്രകാശം ആഗിരണം ചെയ്യുന്നതിനുള്ള കരുത്തുണ്ടാ ക്കിയെടുക്കുന്നത് ഏറെ പ്രധാന്യമര്‍ഹിക്കുന്നു.

ഓരോ ചെടിയും കൃത്യമായി വളരുന്നതിന് ചെടികള്‍ തമ്മിലുള്ള അകലം കൃത്യമായിരിക്കണം. ശിഖരങ്ങള്‍ വളരുമ്പോള്‍ ഇലകള്‍ വിസ്തൃതമാകും. സൂര്യപ്രകാശം ഇലകളില്‍ പൂര്‍ണമായും പതിക്കണം. സൂര്യപ്രകാശത്തെ കൂടുതല്‍ ആഗിരണം ചെയ്യാന്‍ ശേഷിയുണ്ടാകുന്നത് പൂര്‍ണ വളര്‍ച്ചയെത്തിയ ഇലകള്‍ക്കാണ്. കുരുന്നിലകളും പ്രായമായ ഇലകളും പൂര്‍ണമായും സൂര്യപ്രകാശം ആഗിരണം ചെയ്യാന്‍ ശേഷിയില്ലാത്തവയാണ്. പൂര്‍ണവളര്‍ച്ചയെത്തിയ ഇലകള്‍ക്ക് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ കൂടുതല്‍ പ്രകാശ സംശ്ലേഷണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും.

അധിക വിളവിനും കൂടുതല്‍ ഉത്പാദനമുണ്ടാവുന്നതിനും കൃഷിലാഭകരമാകുന്നതിനും മണ്ണിനെ ജീവസുറ്റതാക്കണം. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, ഓക്‌സിജന്‍, നൈട്രജന്‍, ധാതുസമ്പുഷ്ടമായ മണ്ണ്, ജലം ഇവ കൃത്യമാക്കിയെടുത്തുകൊണ്ട് കൃഷി ആദായകരമാക്കാം. മണ്ണിലെ ധാതുക്കളുടെ ലഭ്യതയും ജൈവാംശവും തുല്യമാക്കുകയാണ് കൃഷിയുടെ അടിസ്ഥാനം. ജൈവവസ്തുക്കള്‍ ജീര്‍ണിച്ച് മണ്ണില്‍ ലയിച്ചു ചേരുകയും, ധാതുക്കള്‍ വിഘടിച്ച് വാതകാവസ്ഥയില്‍ മണ്ണില്‍ ചേരുകയും ചെയ്യുമ്പോള്‍ ജൈവ വ്യവസ്ഥ സമ്പൂര്‍ണമാകുന്നു.

ചെടികളുടെ ഹരിതവര്‍ണവും കാര്‍ബോഹൈഡ്രേറ്റും സംയോജിച്ച് പ്രകൃതിദത്തമായ ഭക്ഷ്യ ശൃംഗല രൂപപ്പെടുന്നു. ജൈവാവശിഷ്ടങ്ങള്‍ അഴുകിച്ചേര്‍ന്ന് സൂക്ഷ്മ ജീവികളുടെ പ്രവര്‍ത്തനഫലമായി വ്യത്യസ്ഥങ്ങളായ മൂലകങ്ങളും സൂക്ഷ്മ മൂലകങ്ങളും മണ്ണിലും അന്തരീക്ഷത്തിലും ഉണ്ടാവുന്നു. ഈ പ്രക്രിയകളെല്ലാം തന്നെ പ്രകൃതിയില്‍ സ്വാഭാവികമായിനടക്കുന്ന താണ്. എന്നാല്‍ പ്രസ്തുത പ്രവര്‍ത്തനത്തെ വേഗത്തിലാക്കുന്നതിന് മനുഷ്യപ്രയത്‌നം ആവശ്യമാണ്. പകൃതിദത്തമായ എന്തിനെയും സംയോജിപ്പിച്ച് മണ്ണിന്റെ ജൈവഘടനയെ വളരെ വേഗത്തില്‍ പുഷ്ടിപ്പെടുത്തും.

നാറ്റ്വേക്കോ ഫാമിംഗ്
kar2016dec16ha2
ഒരുചെടി കരുത്തോടെ വളര്‍ന്ന് പൂവും കായുമൊക്കയായി നിറയുന്നതിന് 104 മൂലകങ്ങള്‍ ആവശ്യമാണെന്ന് നാറ്റ്വേക്കോ ഫാമിംഗ് പഠിപ്പിക്കുന്നു. ഇതില്‍ നാലു മൂലകങ്ങള്‍ ചെടി ഏറ്റവും കൂടുതലായി ആഗിരണം ചെയ്യുന്നു. കാര്‍ബണ്‍, ഓക്‌സിജന്‍, നൈട്രജന്‍, ഹൈഡ്രജന്‍ എന്നിവയാണ് ഇവ. അന്തരീക്ഷത്തില്‍ നിന്നാണ് ഈ മൂലകങ്ങള്‍ വലിച്ചെടുക്കുന്നത്. ശേഷിക്കുന്ന 100 മൂലകങ്ങള്‍ ചെടി മണ്ണില്‍ നിന്ന് സ്വീകരിക്കുന്നവയാണ്.

ചെടിയുടെ വളര്‍ച്ചയില്‍ 98ശതമാനം ആദ്യത്തെ നാലു മൂലകങ്ങളാണ് ഇതില്‍ കാര്‍ബണ്‍ 48 ശതമാനം, ഓക്‌സിജന്‍ 44 ശതമാനം, നൈട്രജന്‍ രണ്ടു മുതല്‍ നാലു ശതമാനം വരേയും ഹൈഡ്രജന്‍ ആറു ശതമാനവും എന്ന് കണക്കാക്കുന്നു. 100 ശതമാനം വരുന്ന മറ്റു മൂലകങ്ങള്‍ രണ്ടു ശതമാനം മാത്രമാണ് ചെടി പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ മണ്ണിലൂടെ വലിച്ചെടുക്കുന്ന രണ്ടു ശതമാനം മൂലകങ്ങളാണ് ചെടിയുടെ വളര്‍ച്ച തന്നെ നിശ്ചയിക്കുന്നത്.

സാധാരണ കൃഷിരീതിയില്‍ രാസവള പ്രയോഗത്തിലൂടെ മൂലകങ്ങള്‍ ചെടിക്ക് ലഭ്യമാകുന്നു. എന്നാല്‍ നാറ്റ്വേക്കോ ഫാമിംഗില്‍ ചെടിക്ക് ലഭ്യമാക്കേണ്ട മുലകങ്ങള്‍ പ്രകൃതിയില്‍ നിന്ന് യഥേഷ്ഠം ലഭ്യമാക്കുന്നു. വ്യത്യസ്ഥ ചെടികളുടെ കരുന്ന് ഇലകള്‍, പ്രായമായ ഇലകള്‍, ശിഖരങ്ങള്‍, പൂവുകള്‍, തണ്ട്, വേര്, ഉണങ്ങിയ ഇലകള്‍, എന്നിവ മണ്ണില്‍ ചേര്‍ത്തു കൊടുക്കുമ്പോള്‍, സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനഫലമായി മൂലകങ്ങള്‍ ചെടിക്കു ലഭ്യമാകുന്നു.

ജലം

മണ്ണില്‍ സമൃദ്ധമായ മൂലകങ്ങളെ ലയിപ്പിച്ച് ജലത്തോടൊപ്പം വേരുകളിലൂടെ ചെടികള്‍ വലിച്ചെടുത്ത്, ചെടിയുടെ ഭാഗങ്ങളിലേക്ക് എത്തിക്കുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ ചെടിയെ തണുപ്പിക്കുന്നതിനും, പ്രകാശസംശ്ലേഷണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ജലം ചെടി പ്രയോജനപ്പെടുത്തുന്നത്.

നാറ്റ്വേക്കോ ഫാമിംഗില്‍ പക്ഷി മൃഗാദികളും മറ്റു ചെറു ജീവികളും മണ്ണിനെ ജീവനുള്ളതാക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്നുണ്ട്. എലിവര്‍ഗ ത്തില്‍പ്പെട്ട ജീവികള്‍ (മണ്ണില്‍ മാളങ്ങള്‍ ഉണ്ടാക്കുന്നവ) മണ്ണില്‍ മാളങ്ങള്‍ ഉണ്ടാവുന്നതിനും ജലാംശം പിടിച്ചു നിര്‍ത്തുന്നതിനുമുള്ള സാഹചര്യം ഉണ്ടാക്കുന്നു. മൃഗങ്ങള്‍ പച്ചിലകളും പുല്ലുകളും തിന്നുകയും, വിസര്‍ജ്യത്തിലൂടെ മണ്ണില്‍ ഒട്ടനവധി മൂലകങ്ങള്‍ ലഭ്യമാവുകയും ചെയ്യും. മൂത്രത്തിലൂടെ നെട്രെജന്‍, ആസിഡ്, ഉപ്പ്, എന്നിവയും വിസര്‍ജ്യത്തിലൂടെ പൊട്ടാസ്യം, നൈട്രജന്‍, സൂക്ഷ്മ മൂലകങ്ങള്‍, സൂക്ഷ്മജീവികള്‍ എന്നിവയും മണ്ണിനെ പരിപോക്ഷിപ്പിക്കുന്നു. മണ്ണിരകള്‍ മണ്ണിനടിയില്‍ നിന്നും ധാതുക്കള്‍ ഭൂമിയുടെ ഉപരിതലത്തിലെത്തിക്കുന്നു. ഇത് ചെടിയില്‍ മൂലകങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനും, മണ്ണില്‍ വായൂപ്രവാഹം ഉണ്ടാക്കുന്നതിനും എന്‍സൈമുകള്‍, മിത്രബാക്ടീരികള്‍ ഇവ ചെടിയുടെ വളര്‍ച്ചക്കും കാരണമാവുന്നു. പക്ഷികള്‍–ചെറുപ്രാണികളെയും കീടങ്ങളെയും ഭക്ഷണമാക്കുന്നതിനാല്‍ കീടബാധ കുറയുന്നു.

കൃഷിസ്ഥലത്ത് തെക്കുവടക്ക് ദിശയില്‍ തടങ്ങളെടുത്ത് ചെടികള്‍ നടുമ്പോള്‍ കൂടുതല്‍ സൂര്യപ്രകാശത്തെ ഉള്‍ക്കൊള്ളുവാന്‍ ചെടികല്‍ക്കാവുന്നു. കരുത്തോടെ വളരുകയും ഉത്പാദനം കൂടുകയും ചെയ്യും. കൃഷിസ്ഥലത്തിന് കിഴക്കുഭാഗത്തുനിന്ന് താഴെക്ക് ചരിവ് ഉണ്ടാകുന്ന രീതിയില്‍ കൃഷിനടപ്പിലാക്കുന്നത് ജലസേചനം സൗകര്യപ്രദമാക്കി കുറഞ്ഞ ചെലവില്‍ നടപ്പാക്കാനുപകരിക്കുന്നു.

രണ്ടുരീതിയിലുള്ള വളക്കൂട്ടുകള്‍ അമൃത് ജാല്‍ (ജീവാമൃതം)
kar2016dec16ha3
ജലം, ശര്‍ക്കര, ചാണകം, ഗോമൂത്രം, ഇവയാണ് അമൃത് ജാലിന്റെ പ്രധാന ചേരുവകള്‍. സൂക്ഷ്മാണുക്കളെ വളര്‍ത്തിയെടുക്കുക എന്നതാണ് ഇതിന്റെ ദൗത്യം. മണ്ണിന്റെ രാസപ്രക്രിയയും ജീവാപചയപ്രവര്‍ത്തനങ്ങളും വര്‍ധിപ്പിക്കുകയും ജൈവ സമ്പുഷ്ടമാക്കുകയും ചെയ്യുന്നു. കുറഞ്ഞ ചെലവില്‍ ഈ വളക്കൂട്ടു നിര്‍മിക്കാം. ഒരു കിലോ പച്ചചാണകം, ഒരു ലിറ്റര്‍ ഗോമൂത്രം, 110 ലിറ്റര്‍ ജലം, അരക്കിലോ ശര്‍ക്കര എന്നിവയാണ് ചേവുകള്‍.

തയാറാക്കുന്ന വിധം

ഒരു ബക്കറ്റില്‍ ചാണകവും ഗോമൂത്രവും നന്നായി യോജിപ്പിക്കുക. ഇതിലേക്ക് അരക്കിലോ ശര്‍ക്കര നന്നായി ഇളക്കി ചേര്‍ക്കുക. ഇത് 10 ലിറ്റര്‍ ജലവുമായി നന്നായി കലര്‍ത്തി, ഘടികാരസൂചി കറങ്ങുന്ന ദിശയില്‍ 12 പ്രാവശ്യം നന്നായി ഇളക്കുക. എതിര്‍ ദിശയിലേക്കും ആവര്‍ത്തിക്കുക. തുടര്‍ന്ന് പാത്രം നന്നായി അടച്ചുവയ്ക്കുക. ദിവസം മൂന്നുപ്രാവശ്യം നേരത്തേ ചെയ്തതുപോലെ ഇളക്കുക. മൂന്ന് ദിവസം കഴിയുമ്പോള്‍ സൂക്ഷ്മാണുക്കള്‍ പെരുകും. നാലാം ദിവസം കൂട്ട് 100 ലിറ്റര്‍ ജലവുമായി കലര്‍ത്തി കൃഷിയിടത്തില്‍ ഉപയോഗിച്ചു തുടങ്ങാം. ഒരു സ്ക്വയര്‍ ഫീറ്റില്‍ ഒരു ലിറ്റര്‍ എന്ന കണക്കില്‍ കൃഷിയിടത്തില്‍ പ്രയോഗിക്കണം. മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്താനും ശ്രദ്ധിക്കണം. ആദ്യവര്‍ഷം 15 പ്രാവശ്യം ഈ കൂട്ട് കൃഷിയിടത്തില്‍ പ്രയോഗിക്കണം.

അമൃത് മിട്ടി

ജൈവവസ്തുക്കളെ മണ്ണില്‍ വിഘടിപ്പിച്ചു ചേര്‍ക്കുകയും ചെടിയുടെ വേരുകള്‍ക്ക് ആഗിരണം ചെയ്യാന്‍ പാകത്തിന് അവയെ മാറ്റിയെടുക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് അമൃത് മിട്ടി. ഒട്ടനവധി മൂലകങ്ങളെ വിഘടിപ്പിച്ച് ചെടിക്ക് ലഭ്യമാക്കുകയും ചെയ്യുന്നു. അമൃത് മിട്ടി തയാറാക്കുന്നതിന് 12 ഃ 5 സ്ഥലം ആവശ്യമാണ്.

ആവശ്യമായ വസ്തുക്കള്‍

400 ലിറ്റര്‍ അമൃത്ജാല്‍, ജൈവവസ്തുക്കള്‍ (ഉണങ്ങിയ പച്ച ഇലകള്‍, ചെടിയുടെ അവശിഷ്ടങ്ങള്‍, വൈക്കോല്‍ മുതലായവ) 85 കിലോ. മണ്ണ് 45 കിലോ, മണല്‍ 10 കിലോ വിത്തുകള്‍ 300 ഗ്രാം.

തയാറാക്കുന്ന വിധം

85 കിലോ ജൈവവസ്തുക്കള്‍ വെട്ടിനുറുക്കുക, ഇത് 24 മണിക്കൂര്‍ അമൃത് ജാലില്‍ മുക്കിവെയ്ക്കുക. നേരത്തേ തയാറാക്കിയ സ്ഥലത്ത് ഇവ വിരിച്ചിടുക. ഇതിനുമുകളില്‍ കാല്‍ ഇഞ്ച് ഘനത്തില്‍ മണ്ണു വിതറുക. ഈ രീതി ആറു പ്രാവശ്യം ആവര്‍ത്തിക്കുക. ബെഡ്ഡിന്റെ ആറു ലയറിനു മുകളില്‍ ഘനം കുറച്ച് മണല്‍ വിതറുക.

മുപ്പതു ദിവസം കഴിഞ്ഞ് രണ്ടിഞ്ചു ഘനത്തില്‍ മണ്ണ് വിരിക്കുക. അമൃത് ജാല്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് ഇടക്ക് തളിച്ചു കൊടുക്കുക. ആയുര്‍വേദവിധി പ്രകാരമുള്ള ആറു രസങ്ങളോടുകൂടിയ വിത്തുകള്‍ തയാറാക്കിയ തടത്തില്‍ വിതറണം. മധുരം, എരിവ്, ചവര്‍പ്പ്, കുത്തല്‍, കയ്പ്, ഉപ്പു രസം ഇവ യഥാക്രമം പയര്‍ വര്‍ഗത്തിനുള്ള വിത്തുകള്‍, മുളക്, പാവല്‍, ടൊമാറ്റോ, ആര്യവേപ്പിന്‍ കുരു, ചീരയരി, എന്നിവയാകാം. അമൃത് ജാല്‍ ലായനികൊണ്ട് ബെഡ് നന്നായി നനയ്ക്കുക. അമൃത്ജാലില്‍ നനച്ചെടുത്ത ജൈവവസ്തുക്കള്‍ ബെഡില്‍ പുതയിടുക. ഈര്‍പ്പം നഷ്ടപ്പെടാത്ത വിധത്തില്‍ ബെഡ്ഡുകല്‍ നനയ്ക്കുക. വിത്തുകള്‍ മുളക്കുന്ന സമയം പുതമാറ്റുക. വിത്ത് മുളച്ച് 42 ദിവസം കഴിഞ്ഞ് വളര്‍ന്നു വരുന്ന ചെടിയുടെ മുകളില്‍ നിന്ന് താഴെക്ക് 25 ശതമാനം മുറിച്ചെടുക്കുക. ഇത് നേരത്തെ കൂട്ടിയിട്ടിരിക്കുന്ന ചപ്പ് ചവറുകളുമായി കലര്‍ത്തുക തുടര്‍ന്ന് 63–ാം ദിവസം പൂവിടല്‍ ഘട്ടത്തില്‍ ചെടികള്‍ മുറിച്ച് നേരത്തേയുള്ള ജൈവവസ്തുക്കളുമായി കലര്‍ത്തി ഇവ അമൃത് ജാലില്‍ നനച്ച് നാലു മണിക്കൂര്‍ വയ്ക്കണം. ഈ ജൈവ വേസ്റ്റുകള്‍ നേരത്തേയുള്ള ബെഡ്ഡില്‍ ചേര്‍ത്ത് ആഴ്ചയില്‍ ഒരുപ്രാവശ്യം വീതം ഇളക്കിക്കൊടുക്കുക. 140–150 ദിവസം കഴിയുമ്പോള്‍ കൃഷിയിടത്തില്‍ ഉപയോഗിക്കത്തക്കവണ്ണം അമൃത് മിട്ടി തയാറായിരിക്കും. ഒരു സ്ക്വയര്‍ഫീറ്റ് സ്ഥലത്ത് രണ്ടു കിലോ അമൃത് മീട്ടി ഉപയോഗിക്കാം.

ആദ്യം ബെഡ്ഡില്‍ വിതച്ച വിത്തുകള്‍ മുളച്ചു വരുമ്പോള്‍ മുറിച്ചെടുത്ത് ജൈവവേസ്റ്റില്‍ ചേര്‍ത്തു കൊടുക്കുന്ന പ്രക്രിയകൊണ്ട് ചെടിയുടെ ഇളം നാമ്പുകളില്‍ അടങ്ങിയിരിക്കുന്ന സിങ്ക് ഫോസ്‌ഫേറ്റ്, ബോറോണ്‍, മോളിബിനം എന്നീ മൂലകങ്ങള്‍ വേസ്റ്റില്‍ ലയിച്ചു ചേരുന്നു. തുടര്‍ന്ന് ചെടി വീണ്ടും വളര്‍ച്ച പ്രാപിക്കുമ്പോള്‍ രണ്ടാമതും മുറിച്ചെടുത്ത് ജൈവവേസ്റ്റുമായി കലര്‍ത്തുമ്പോള്‍ പൊട്ടാസ്യം, നൈട്രജന്‍ എന്നിവയും തുടര്‍ന്ന് 63–ാം ദിവസം ചെടികള്‍ മുറിച്ചെടുത്ത് വേസ്റ്റുമായി കലര്‍ത്തുമ്പോള്‍ കാല്‍സ്യം, സിലിക്ക, അയേണ്‍, മാഗനീസ് എന്നീ മൂലകങ്ങളും ലഭ്യമാകുന്നു. നാറ്റ്വേക്കോ ഫാമിംഗിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വളക്കൂട്ടുകള്‍ കൃഷിയിടത്തില്‍ ഉപയോഗിച്ചാല്‍ ശുദ്ധ ഭക്ഷണ സംസ്കാരത്തെ തിരികെ കൊണ്ടുവരാന്‍ നമുക്കു സാധിക്കും.

ഫോണ്‍: ഹരിഹരന്‍–9048002625.

Related posts