സുന്ദരി നീയും സുന്ദരന്‍ ഞാനും

sthree2016dec17ya1

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം സൗന്ദര്യത്തോടെ ഇരിക്കാന്‍ പുരുഷനും ആഗ്രഹിക്കും. സാധാരണ എല്ലാ കണ്ണുകളും വധുവിലാണ് തങ്ങിനില്‍ക്കുക. അല്‍പമൊന്നു ശ്രമിച്ചാല്‍ വരനും തിളങ്ങാം… രാജകുമാരനെപ്പോലെ… എല്ലാവരുടെയും ആകര്‍ഷണകേന്ദ്രം ആകണമെങ്കില്‍ വരനും നല്ല ശരീരഘടനയോടെയും തിളങ്ങുന്ന ചര്‍മത്തോടെയും വേണം വിവാഹവേദിയില്‍ എത്താന്‍… ഇതാ, വിവാഹനാളുകളില്‍ തിളങ്ങാന്‍ വരനുള്ള മേക്കപ്പ് ടിപ്‌സ്…

ആത്മവിശ്വാസം മുറുകെപ്പിടിച്ച്

മിക്ക പുരുഷന്മാരും സൗന്ദര്യ സംരക്ഷണ കാര്യം വരുമ്പോള്‍ ലജ്ജിച്ചു പിന്മാറുന്നവരാണ്. എന്നാല്‍ ഒരാള്‍ ഏറ്റവും നന്നായി കാണപ്പെടുന്നുവെങ്കില്‍ അത് അവനില്‍ ആത്മവിശ്വാസം ഉണ്ടാക്കുമെന്ന വസ്തുത മറക്കരുത്.

ഭാര്യയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട, സ്വയംപ്രാപ്തനായ നന്നായി തയാറെടുപ്പുകളുള്ള ഒരാള്‍ക്ക് എപ്പോഴും കൂടെ വേണ്ട ഒരു ഗുണമാണ് ആത്മവിശ്വാസം.
നല്ല തയാറെടുപ്പിന്റെ ഭാഗമാണ് വസ്ത്രങ്ങള്‍. പക്ഷേ, എല്ലാം അതില്‍മാത്രം ഒതുങ്ങുന്നതല്ല. തയാറെടുപ്പില്‍ മുകളില്‍ മുതല്‍ താഴെവരെയുള്ള പരിചരണം ഉള്‍പ്പെടുന്നു.

വിവാഹത്തീയതി നേരത്തെ തീരുമാനിക്കുന്നതുകൊണ്ട് എല്ലാ സൂക്ഷ്മമായ പരിചരണത്തിനും വേണ്ടുവോളം സമയം ലഭ്യമാകുന്നുണ്ട്. അതുകൊണ്ടുതന്നെ അവസാന നിമിഷത്തിലെ തിരക്കിന്റെയും ആയാസത്തിന്റെയും പിരിമുറുക്കത്തിന്റെയും ബുദ്ധിമുട്ടുകളില്‍ ചെന്നു ചാടേണ്ട യാതൊരു ആവശ്യവുമില്ല. ഉന്മേഷവാനായി വെറുതെ കാണപ്പെടുകമാത്രമല്ല വേണ്ടത്. മറിച്ചു നിങ്ങള്‍ക്ക് അതു അനുഭവവേദ്യമാകുകയും വേണം.

മുടി സുന്ദരമാക്കാം

ആദ്യം മുടിയില്‍ നിന്നു തുടങ്ങാം. വിവാഹത്തീയതിയോടടുത്ത് മുടി മുറിക്കാം എന്നു ചിന്തിക്കരുത്.
വിവാഹത്തീയതിയുടെ രണ്ടാഴ്ച മുമ്പെങ്കിലും മുടി മുറിക്കണം. അങ്ങനെയായാല്‍ തീയതി എത്തുമ്പോഴേക്കും മുടി നല്ല പാകമായിരിക്കും. മുറിച്ച മുടി പഴയതുപോലെയെത്തുവാന്‍ ഈ സമയം വേണ്ടിവരും. എന്തെങ്കിലും കാരണവശാല്‍ മുടി വേഗം വളരുന്നതല്ലെങ്കില്‍ രണ്ടാഴ്ചയും കൂടി മുമ്പേ മുറിക്കണം. കൂടാതെ വിവാഹശേഷം പതിവുപോലെ മുടി വെട്ടുമ്പോള്‍ അധികം മുടി പോയതായി അനുഭവപ്പെടുകയില്ല.

മുടി വളരെ മിനുക്കവും ഒതുക്കവും ആയിരിക്കണം. ആദ്യം മുടി ഷാംപു തേച്ച് നന്നായി കഴുകുക. പിന്നീട് കണ്ടീഷനര്‍ അല്ലെങ്കില്‍ ഹെയര്‍റിന്‍സ് എല്ലായിടവും തേയ്ക്കുക. രണ്ടു മിനിറ്റിനുശേഷം വെള്ളത്തില്‍ നന്നായി കഴുകുക.

എണ്ണമയവും സോപ്പിന്റെ അവശിഷ്ടങ്ങളും മുടിയില്‍ നിന്നു പോയെന്നു തോന്നുന്ന സമയം വരെ മുടി നന്നായി കഴുകണം.

മുടിയുടെ കുരുക്കഴിച്ച് അവയെ മിനുസമാക്കുകയെന്നുള്ളതാണ് ഹെയര്‍ – കണ്ടീഷണറിന്റെ പ്രധാന ജോലി. മുടിക്ക് ജീവനും ഉണര്‍വും ഇതേകുന്നു. നിങ്ങള്‍ ഷാംപു ചെയ്യുന്നതിന് അരമണിക്കൂര്‍ മുന്‍പ് മുട്ടയുടെ വെള്ളയും തലയില്‍ പുരട്ടാവുന്നതാണ്.

മുട്ടയുടെ വെള്ള ഒരു ഉത്തമ ക്ലെന്‍സറാണ്. അവയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ മുടിക്ക് ജീവന്‍ നല്‍കുന്നു. സമയമുണ്ടെങ്കില്‍ ആഴ്ചതോറുമുള്ള ഹെന്ന ട്രീറ്റ്‌മെന്റ് ചെയ്യാം. നിങ്ങളുടെ മുടി കൂടുതല്‍ എണ്ണമയം കാണിക്കുന്നുവെങ്കില്‍ വിവാഹത്തിന്റെയന്നു മുടി കഴുകുക. മുടി വരണ്ടതാണെങ്കില്‍ തലേദിവസം ഷാംപു ചെയ്യണം.

ഷേവ് ചെയ്യാന്‍ മടിക്കേണ്ട

ഏതൊരു ദിവസത്തെപ്പോലെയും തീര്‍ച്ചയായും ഷേവ് ചെയ്യണം. എന്നാല്‍ ഈ പ്രത്യേക ദിവസത്തിനായി റെഡിയാകുന്നതിനു തൊട്ടുമുന്‍പ് ഒരുവട്ടം കൂടി ഷേവ് ചെയ്താല്‍ കാഴ്ചയില്‍ ഉന്മേഷവും തെളിച്ചവുമുള്ളവന്‍ ആയിരിക്കും.

റേസര്‍ കൊണ്ടുള്ള ചെറിയ പോറലും മുറിവുകളും ഒഴിവാക്കാനായി ഷേവ് ചെയ്യുന്ന സമയത്ത് വളരെ ശ്രദ്ധിക്കണം. ഷേവിംഗ് ക്രീം തേയ്ക്കുന്നതിനു മുന്‍പ് മുഖം ആദ്യം ചൂടുവെള്ളത്തില്‍ കഴുകണം. താടിയുടെ രോമങ്ങളെ മൃദുവാക്കുവാനും ഷേവിങ് എളുപ്പമാക്കാനും ഇതു സഹായിക്കും. ആഫ്റ്റര്‍– ഷേവ് ലോഷന്‍ ഉപയോഗിച്ചാല്‍ നവോന്മേഷം ലഭിക്കും. ഒന്നോ രണ്ടോ സൗന്ദര്യവസ്തുക്കള്‍കൂടി ഇതിനു മുന്‍പ് ഉപയോഗിച്ചുനോക്കാം.

ഉദാഹരണത്തിന് നിങ്ങളുടെ ചര്‍മം സ്വാഭാവികമായും വരണ്ടതാണെങ്കില്‍ ആഫ്റ്റര്‍ ഷേവ് ലോഷന്‍ കൂടുതല്‍ വരള്‍ച്ചയ്ക്കു കാരണമാകും. അതുകൊണ്ടു മുഖം കഴുകിയതിനുശേഷം മൃദുവായ മോയ്‌സച്ചുറൈസര്‍ മുഖത്തു പുരട്ടാം. ഇനിയും നിങ്ങളുടെ ചര്‍മം എണ്ണമയം കാണിക്കുന്നുവെങ്കില്‍ ഒരു സ്കിന്‍ടോണിക് കം ആസ്ട്രിജന്റ് ഉപയോഗിക്കുക. ചര്‍മത്തിലെ സുഷിരങ്ങള്‍ അടയ്ക്കുവാനും ചര്‍മത്തിനെ ടോണ്‍ ചെയ്യുവാനും ഇതാവശ്യമാണ്.

പല്ലുകള്‍ക്കു തിളക്കം

കാപ്പി, ചായ, മദ്യം, പുകവലി ഇവയുടെ ഉപയോഗം മൂലം പല്ലുകളില്‍ കറ പുരളാനും ചര്‍മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടാനും സാധ്യതയേറെയാണ്. വിവാഹത്തിനു രണ്ടു മാസം മുമ്പെങ്കിലും ഇത്തരം ശീലങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക. ഒരു ഡെന്റിസ്റ്റിന്റെ സഹായത്തോടെ പല്ലുകള്‍ ക്ലീന്‍ ചെയ്യാം. വായ്‌നാറ്റം ഉണ്ടെങ്കില്‍ അക്കാര്യത്തെക്കുറിച്ചും ഡെന്റിസ്റ്റിനോടു പറയാന്‍ മടിക്കരുത്.

സംരക്ഷിക്കാം പുറമേ നിന്നും
sthree2016dec17ya2
കണ്ണാടിയുടെ മുന്‍പില്‍ നീണ്ടസമയം സ്വയം നോക്കി നില്‍ക്കുക. നിങ്ങളുടെ കണ്ണുകള്‍ മങ്ങിയും തളര്‍ന്നുമാണ് കാണുന്നതെങ്കില്‍ ഐ–ലോഷന്റെ ഏതാനും തുള്ളികള്‍ കണ്ണില്‍ ഒഴിക്കണം. സമയമുണ്ടെങ്കില്‍ റോസ് വാട്ടറില്‍ മുക്കിയ പഞ്ഞിക്കഷണങ്ങള്‍ കണ്ണിനു മുകളില്‍ വയ്ക്കാം. കിടന്നുകൊണ്ട് പത്തുമിനിറ്റ് വിശ്രമിക്കുക. അതിനുശേഷം സാധാരണയെടുക്കുന്നതിലും കൂടുതല്‍ സമയം എടുത്തുകൊണ്ടു നന്നായി തേച്ചു കുളിക്കണം.

കൈകള്‍ക്കും കാലുകള്‍ക്കും പ്രത്യേകം ശ്രദ്ധ നല്‍കണം. ഉപ്പൂറ്റിയിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യുന്നതിനായി പ്യൂമിക്‌സ്‌റ്റോണ്‍ കൊണ്ടു നന്നായി ഉരസണം. കുളിച്ചതിനുശേഷം ശരീരം മുഴുവന്‍ കാലുകളില്‍ വരെ ടാല്‍കം പൗഡര്‍ ഇടണം.

ഹാന്‍ഡ് ലോഷന്‍ കൈകളില്‍ പുരട്ടാം. ഇത് എല്ലായിടവും പ്രത്യേകിച്ചു നഖങ്ങളെ വളരെ മിനുസമുള്ളതാക്കുന്നു. ഈര്‍പ്പമുള്ള ടൗവ്വല്‍ ഉപയോഗിച്ചു തുടച്ചു മാറ്റുക. ചര്‍മത്തിനെ വളരെയധികം വരണ്ടതാക്കുന്ന സോപ്പിന്റെയും വെള്ളത്തിന്റെയും ഫലമില്ലാതാക്കും. വിവാഹദിവസത്തിനു മുമ്പ് പല പുരുഷന്മാരും പാര്‍ലറുകളില്‍ പോയി മാനിക്യൂറും പെഡിക്യൂറും ചെയ്യാറുണ്ട്. മാനിക്യൂര്‍ ചെയ്ത വിരലുകള്‍ തയാറെടുപ്പിനെ കൂടുതല്‍ ഭംഗിയുള്ളതാക്കുന്നു.

ഫേസ് മസാജ് ചെയ്യുന്നതിലൂടെ ചര്‍മോപരിതലത്തിലെ രക്തചംക്രമണം വര്‍ധിപ്പിക്കുകയും മുഖം കൂടുതല്‍ മനോഹരമാക്കുകയും ഉന്മേഷം പ്രദാനം ചെയ്യുകയും ചെയ്യും. ഫേഷ്യലിന്റെ ഭാഗമായ ഫേഷ്യല്‍മാസ്ക് ചര്‍മത്തിലെ മൃതമായ എപ്പിത്തീലിയന്‍ കോശങ്ങളെ നീക്കം ചെയ്യുകയും ചര്‍മം ശുചിത്വമുള്ളതും തിളക്കമാര്‍ന്നതുമാക്കുകയും ചെയ്യും.

വിയര്‍പ്പുനാറ്റത്തോടു ബൈ പറയാം

അമിതവിയര്‍പ്പുമൂലം വിഷമിക്കുന്നവരുണ്ടാകാം. വേനല്‍ക്കാലത്താണ് വിവാഹം നടക്കുന്നതെങ്കില്‍ ഒരു ആന്റി പെര്‍സ്പിറന്റിന്റെ സഹായം തേടണം. ചര്‍മത്തിന്റെ ഉപരിതലത്തിലേക്കുള്ള വിയര്‍പ്പുകണികകളുടെ വരവിനെ ആന്റി പെര്‍സ്പിറന്റ് താല്‍ക്കാലികമായി കുറയ്ക്കുന്നു. മിക്ക ആന്റിപെര്‍സ്പിറന്റുകളും ഡിയോഡറന്റുകളാണ്. ഇതു രണ്ടു ജോലിയും നിര്‍വഹിക്കും. ഒരു കവചംപോലെ പ്രവര്‍ത്തിക്കുവാനായി ഏതെങ്കിലും ആഗിരണശേഷിയുള്ള വസ്തുക്കള്‍കൊണ്ടു നിര്‍മിച്ച കൈയുള്ള തരം ബനിയനും ഈ അവസരത്തില്‍ ധരിക്കാം.

പെര്‍ഫ്യൂമിനു പകരം കൊളാജന്‍ ഉപയോഗിക്കുക. കാരണം, കൊളാജന്റെ പരിമളം മൃദുവും അതോടൊപ്പം സൂക്ഷ്മവുമാണ്. നല്ല ബ്രാന്‍ഡ് തെരഞ്ഞെടുക്കണം. കാരണം വൈകുന്നേരം വരെ അതു നിങ്ങളെ ഉന്മേഷവാനാക്കും.

വിവാഹവസ്ത്രം തെരഞ്ഞെടുക്കുമ്പോള്‍

ആഴ്ചകളോളം സമയമെടുത്ത്, വസ്ത്രങ്ങള്‍ തിരയുകയും പാകം തിട്ടപ്പെടുത്തുകയും വേണം. ഏറ്റവും നന്നായി ഇണങ്ങുന്ന വസ്ത്രമാണു തെരഞ്ഞെടുത്തതെന്ന് ഉറപ്പു വരുത്തണം. അവസാന നിമിഷത്തിന്റെ ധൃതിയില്‍ പാകമല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുവാനുള്ള സാധ്യത ഒഴിവാക്കുവാനാണ് ഇങ്ങനെ ചെയ്യുന്നത്. പാകമല്ലാത്ത വസ്ത്രധാരണം നിങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കും.

ഹൈന്ദവ വിവാഹങ്ങളില്‍ ഷര്‍ട്ടും മുണ്ടുമാണ് വരന്‍ ധരിക്കുന്നത്. വധുവിന്റെ സാരിയുടെ നിറം വരന്റെ കസവുമുണ്ടില്‍ മോട്ടിഫ്‌സ് ആക്കി മാറ്റുന്നതും ലേറ്റസ്റ്റ് സ്‌റ്റൈലാണ്. ഉത്തരേന്ത്യന്‍ വസ്ത്രങ്ങളായ ഷെര്‍വാണി, സില്‍ക് ധോത്തി, ഷോര്‍ട്ട് കുര്‍ത്ത, കുര്‍ത്ത– പൈജാമ എന്നിവയെല്ലാം ഇന്ന് കേരളീയ വിവാഹങ്ങളില്‍ വരന്മാര്‍ അണിയുന്നുണ്ട്. െ്രെകസ്തവ വിവാഹങ്ങള്‍ക്കു ഫോര്‍മല്‍ സ്യൂട്ടും ഇന്‍ഡോ വെസ്‌റ്റേണ്‍ ബ്രൊക്കേഡ് സ്യൂട്ടും തന്നെയാണു പ്രിയം.

വസ്ത്രത്തിന് ഇണങ്ങുന്ന ചെരുപ്പുകളും ഷൂസുകളും തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

–സീമ
വിവരങ്ങള്‍ക്കു കടപ്പാട്
ഷഹ്നാസ് ഹുസൈന്‍ ബ്യൂട്ടി ബുക്ക്

Related posts