പത്തനംതിട്ട: നാളെ പന്പയില് ആഗോള അയ്യപ്പഭക്ത സംഗമത്തിനുവേണ്ടി ഒരുങ്ങിയിരിക്കുന്നത് മൂന്ന് ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 3,000 പ്രതിനിധികള്‍ക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പില്‍ നിന്ന് നാലടി ഉയരത്തില്‍ 2,400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോടു ചേര്‍ന്ന് ഗ്രീന്‍ റൂമുമുണ്ട്. മീഡിയ റൂമുള്‍പ്പെടെ പ്രധാന വേദിയോടു ചേര്‍ന്നാണ്.
പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് പന്തല്‍ നിര്‍മിച്ചത്. തറയില്‍ നിന്ന് ഒരടി ഉയരത്തില്‍ പ്ലൈവുഡിലാണ് പ്ലാറ്റ്ഫോം. ഹില്‍ടോപ്പില്‍ രണ്ട് പന്തലുണ്ട്. പാനല്‍ ചര്‍ച്ചയ്ക്കായി 4,500 ചരുരശ്രയടിയിലും ഭക്ഷണം കഴിക്കാനായി 7,000 ചതരുശ്രയടിയിലുമാണ് ഇവിടെ പന്തല്‍.
പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പ്രദര്‍ശനമേള സംഘടിപ്പിക്കാനായി 2,000 ചതുരശ്രയടിയില്‍ മറ്റൊരു പന്തലുമുണ്ട്.ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനാണ് നിര്‍മാണച്ചുമതല. മാലിന്യ നിര്‍മാര്‍ജനമടക്കം ഇവര്‍ നിര്‍വഹിക്കും. സംഗമത്തിനു ശേഷം പന്തല്‍ പൂര്‍ണമായും അഴിച്ചുമാറ്റും.
മൂന്ന് സമാന്തര സെക്ഷനുകള്‍ നടക്കും. ആദ്യ സെക്ഷന്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ചാണ്. ഹൈപവര്‍ കമ്മിറ്റി അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ ഇതില്‍ പങ്കെടുക്കും. അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി സംരക്ഷണം, തീര്‍ഥാടകരുടെ ക്ഷേമം തുടങ്ങിയ ദീര്‍ഘകാല പദ്ധതികളെക്കുറിച്ച് സെഷനില്‍ ചര്‍ച്ച ചെയ്യും. ആധുനിക സൗകര്യങ്ങള്‍ ഒരുക്കികൊണ്ട് ക്ഷേത്രത്തിന്റെ പാരമ്പര്യം നിലനിര്‍ത്തുന്ന സുസ്ഥിരമായ കാഴ്ചപ്പാട് രൂപപ്പെടുത്തുകയാണ് ലക്ഷ്യം.
രണ്ടാമത്തെ സെഷന് ആത്മീയ ടൂറിസം സര്‍ക്യൂട്ടുകള്‍ എന്ന വിഷയത്തെക്കുറിച്ചാണ്. കേരളത്തിലെ മറ്റ് സാംസ്കാരിക, ആത്മീയ കേന്ദ്രങ്ങളുമായി ശബരിമലയെ എങ്ങനെ ബന്ധിപ്പിക്കാം എന്ന് ഇതില്‍ ചര്‍ച്ച ചെയ്യും. ടൂറിസം-വ്യവസായ മേഖലയിലെ പ്രമുഖര്‍ തീര്‍ഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതിനും ചുറ്റുമുള്ള പ്രദേശങ്ങള്‍ക്ക് സാമൂഹിക-സാമ്പത്തിക നേട്ടങ്ങള്‍ നല്കുന്നതിനുമുള്ള വഴികള്‍ അവതരിപ്പിക്കും.
മൂന്നാമെത്ത സെഷന് ശബരിമലയിലെ തിരക്ക് നിയന്ത്രണവും സജ്ജീകരണങ്ങളും എന്ന വിഷയമാണ്. പ്രമുഖ പോലീസ് ഉദ്യോഗസ്ഥര്‍, ആരോഗ്യ വിദഗ്ധര്‍, സാങ്കേതിക പങ്കാളികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.രജിട്രഷന്‍ നടത്തിയവരുള്‍പ്പെടെ 3,000 മുതല്‍ പരമാവധി 3,500 പ്രതിനിധികളെ പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 16 രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉണ്ടാകും.
രാവിലെ ആറു മുതല്‍ ഒന്പതുവരെ രജിസ്ട്രേഷനും 9.30ന് ഉദ്ഘാടന സമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് സംഗമം ഉദ്ഘാടനം ചെയ്യും.ദേവസ്വം മന്ത്രി വി. എന്‍. വാസവന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ തമിഴ്നാട്ടില്‍ നിന്നുള്ള മന്ത്രിമാരായ പി. കെ. ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്, സംസ്ഥാന മന്ത്രിമാരായ കെ. രാജന്, റോഷി അഗസ്റ്റ്യന്‍, കെ. കൃഷ്ണന്‍കുട്ടി , കെ.ബി. ഗണേഷ് കുമാര്‍, വീണാ ജോര്‍ജ്, സജി ചെറിയാന്, എംഎല്‍എമാരായ കെ. യു. ജനീഷ്കുമാര്‍, പ്രമോദ് നാരായണ്‍, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, എസ്എന്‍ഡിപി, എന്‍എസ്എസ്, കെപിഎംഎസ് തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായര്‍, മുന്‍ ഡിജിപി ഡോ. ജേക്കബ് പുന്നൂസ് തുടങ്ങിയവരാണ് പ്രധാന വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. 4.30ഓടെ സംഗമം സമാപിക്കും. തുടര്‍ന്ന് പ്രതിനിധികള്‍ക്ക് ശബരിമല ദര്‍ശനത്തിനായി സൗകര്യമൊരുക്കും.സംഗമത്തിന്റെ സംഘാടനത്തിനായി ഏഴുകോടി രൂപയോളം ചെലവാണ് പ്രതീക്ഷിക്കുന്നത്. തുക സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് കണ്ടെത്തുന്നത്. മാസപൂജയുമായി ബന്ധപ്പെട്ട ശബരിമല തീര്‍ഥാടനത്തിന് യാതൊരു നിയന്ത്രണങ്ങളും സമ്മേളനത്തിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.