കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും നിർമാതാവുമായ ശിവ.ആർ രചനയും സംവിധാനവും നിർവഹിക്കുന്ന ആലൻ എന്ന തമിഴ് ചിത്രത്തിന്റെ ഓഡിയോ, ട്രെയ്ലർ ലോഞ്ച് ചെന്നൈ പ്രസാദ് സ്റ്റുഡിയോയിൽ നടന്നു. നടനും സംവിധായകനുമായ ഭാഗ്യരാജാണ് പ്രകാശന കർമം നിർവ്വഹിച്ചത്. അണിയറ പ്രവർത്തകരും, നടീനടന്മാരും ചടങ്ങിൽ പങ്കെടുത്തു.
ത്രി എസ് പിക്ച്ചേഴ്സിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കേരളത്തിലും തമിഴ്നാട്ടിലുമായി ചിത്രം ഉടൻ തിയറ്ററിലെത്തും. നടനും നിർമാതാവുമായ വെട്രിയാണ് നായകനായി അഭിനയിക്കുന്നത്. അനു സിത്താരയാണ് നായികയായി എത്തുന്നത്.
ഹരീഷ് പേരടി ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജർമനിയിൽനിന്ന് തമിഴ് സിനിമയിൽ തിളങ്ങിയ മാധുര്യയും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മനോജ് കൃഷ്ണയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
ശങ്കർ മഹാദേവൻ ആലപിച്ച ഗാനങ്ങൾ ശ്രദ്ധേയമായിക്കഴിഞ്ഞു. കാമറ-വിന്ദൻ സ്റ്റാലിൻ, സംഗീതം-മനോജ് കൃഷ്ണ, ഗാനരചന-കാർത്തിക് നേത, ആലാപനം-ശങ്കർ മഹാദേവൻ, ചിന്മയി, നിഖിതഗാന്ധി, സീൻ റോൾഡൻ, മനോജ് കൃഷ്ണ, എഡിറ്റിംഗ്-കാശിവിശ്വനാഥൻ, പിആർഒ-അയ്മനം സാജൻ.

