ഇനി ഇതിനും രജിസ്‌ട്രേഷന്‍ നടത്തണോ? വിമര്‍ശകരെ പരിഹസിച്ച് കേരളപ്പിറവി ദിനത്തില്‍ നടി അമല പോളിന്റെ ബോട്ട് യാത്ര

കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയെന്ന തനിക്കെതിരെയുള്ള ആരോപണത്തെ പരിഹസിച്ച് നടി അമല പോള്‍. ഒരു ബോട്ടില്‍ പട്ടിക്കുഞ്ഞുമായി യാത്ര ചെയ്യുന്ന ഫോട്ടോ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു അമലയുടെ പരിഹാസം. ചിലപ്പോള്‍ നഗരജീവിതത്തിന്റെ കിറുക്കുകളില്‍ നിന്നും അനാവശ്യമായ ഊഹാപോഹങ്ങളിലും നിന്നും ഓടി രക്ഷപ്പെടണമെന്ന് തോന്നാറുണ്ട് എനിക്ക്. ഇപ്പോള്‍ ഒരു ബോട്ട് യാത്രയാണ് ഞാന്‍ തെരഞ്ഞെടുത്തത്.

ചുരുങ്ങിയത് നിയമം ലംഘിച്ചുവെന്ന ആരോപണങ്ങളെങ്കിലും ഉണ്ടാവില്ലല്ലോ. അല്ലെങ്കില്‍ എന്റെ അഭ്യുദയകാംക്ഷികളോട് ഒന്നുകൂടി ഉറപ്പാക്കേണ്ടതുണ്ടോ’-അമല ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. കേരളപ്പിറവി ആശംസകള്‍, ബോട്ട് റൈഡ്, നോ രജിസ്‌ട്രേഷന്‍ തുടങ്ങിയ ഹാഷ് ടാഗുകളും അമല ഉപയോഗിച്ചിട്ടുണ്ട്. അമല ഒരു കോടി രൂപ വിലവരുന്ന തന്റെ മെഴ്‌സിഡസ് എസ് ക്ലാസ് കാര്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് വലിയ വിവാദമായത്. ഇതുവഴി കേരള സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കേണ്ടിയിരുന്ന ഇരുപത് ലക്ഷം രൂപ നഷ്ടമായിരുന്നു. സുരേഷ് ഗോപി, ഫഹദ് ഫാസില്‍ തുടങ്ങിയവരും പോണ്ടിച്ചേരിയില്‍ വാഹനം രജിസ്‌ട്രേഷന്‍ നടത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു.

Related posts