പുരാതന മായന്‍ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി ! കൊട്ടാരത്തിന് ആയിരത്തിലേറെ വര്‍ഷം പഴക്കം; പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍…

ഒരു സഹസ്രാബ്ദത്തിലേറെ പഴക്കമുള്ള മായന്‍ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങള്‍ മെക്‌സിക്കോയില്‍ കണ്ടെത്തി. കാന്‍കൂണിലെ ടൂറിസ്റ്റ് ഹോട്ട്സ്പോട്ടിന് 100 മൈല്‍ പടിഞ്ഞാറുള്ള ഒരു പുരാതന നഗരത്തില്‍ നിന്നാണിത് കണ്ടെത്തിയിരിക്കുന്നത്. 55 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയും ആറ് മീറ്റര്‍ ഉയരവുമുള്ള കുലുബയിലെ ഈ കെട്ടിടത്തില്‍ ആറ് മുറികളാണുള്ളതെന്ന് മെക്‌സിക്കോയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപ്പോളജി ആന്‍ഡ് ഹിസ്റ്ററി വ്യക്തമാക്കുന്നു.

ഒരു വലിയ കെട്ടിട സമുച്ചയത്തിന്റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. അതില്‍ രണ്ട് റെസിഡന്‍ഷ്യല്‍ റൂമുകള്‍, ഒരു ബലിപീഠം, ഒരു വലിയ റൗണ്ട് ഓവന്‍ എന്നിവ ഉള്‍പ്പെടുന്നു. പുരാവസ്തു ഗവേഷകര്‍ ഒരു ശ്മശാന സ്ഥലത്തുനിന്ന് ചില അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. അസ്ഥികളുടെ ഫോറന്‍സിക് വിശകലനം മായന്‍ നിവാസികളെക്കുറിച്ച് കൂടുതല്‍ സൂചനകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. മായന്‍ നാഗരികതയുടെ രണ്ട് ഓവര്‍ലാപ്പിംഗ് കാലഘട്ടങ്ങളില്‍, AD600 -നും AD900 -നും ഇടയിലുള്ള ക്ലാസിക്കല്‍ കാലഘട്ടത്തിലും, AD 850 -നും AD 1050 -നും ഇടയിലുള്ള ടെര്‍മിനല്‍ ക്ലാസിക്കലിലും ഈ കൊട്ടാരം ഉപയോഗിച്ചിരുന്നുവെന്ന് സൈറ്റിലെ പ്രധാന പുരാവസ്തു ഗവേഷകരിലൊരാളായ ആല്‍ഫ്രെഡോ ബാരെറ റൂബിയോ പറഞ്ഞു.

”യുക്കാറ്റിന്റെ വടക്കുകിഴക്കന്‍ ഭാഗമായ ഈ പ്രദേശത്തിന്റെ വാസ്തുവിദ്യാ സവിശേഷതകളെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ കുറച്ച് മാത്രമേ അറിയൂ. അതിനാല്‍ ഞങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്, സാംസ്‌കാരിക പൈതൃകത്തിന്റെ സംരക്ഷണവും പുനരുദ്ധാരണവും പിന്നെ കുലുബയുടെ വാസ്തുവിദ്യയെക്കുറിച്ചുള്ള പഠനവുമാണ്” അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടേയുള്ളൂ. സൈറ്റില്‍നിന്നും വലിയൊരു ഭാഗം കണ്ടെത്തിയതേയുള്ളൂ. പ്രവര്‍ത്തനം തുടര്‍ന്നാല്‍ ആളുകള്‍ അങ്ങോട്ട് ആകര്‍ഷിക്കപ്പെടുമെന്നും ആ പ്രദേശത്തേക്ക് അത് കാണാനായി ആളുകളെത്തുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.ഈ സ്ഥലം സംരക്ഷിക്കുന്നതിനായി വിവിധങ്ങളായ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിച്ചുവരികയാണിപ്പോള്‍.

Related posts