ചാരുംമൂട്: പതിമൂന്നു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ അനിതകുമാരി അങ്കണവാടി കെട്ടിടം യാഥാർഥ്യമാക്കി. ഐസിഡിസി ഭരണിക്കാവ് ബ്ലോക്കിലെ താമരക്കുളം നാലാം വാർഡ് പേരൂർ കാരാഴ്മ ആലുവിള നഗറിലെ 118-ാം നമ്പർ അങ്കണവാടിക്കാണ് സ്വന്തമായി കെട്ടിടം യാഥാർഥ്യമാകുന്നത്. വർഷങ്ങളായി വാർഡിന്റെ വിവിധ ഭാഗങ്ങളിൽ വാടകക്കെട്ടിടങ്ങളിലാണ് അങ്കണവാടി പ്രവർത്തിച്ചത്.
2013ൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അങ്കണവാടി അധ്യാപികയായ അനിത സ്വന്തമായി സ്ഥലം കണ്ടെത്തുന്നതിന് ഇറങ്ങിത്തിരിക്കുന്നത്.കല്ലട ഇറിഗേഷന്റെ കനാൽ കടന്നുപോകുന്ന ഭാഗത്ത് വെറുതെ കിടക്കുന്ന സ്ഥലം അങ്കണ വാടിക്ക് കെട്ടിടം നിർമിക്കാൻ വേണ്ടി പതിച്ചുനൽകണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ടു.
ഭൂമി നൽകുന്നതിനാവശ്യമായ അനുമതി മുഖ്യമന്ത്രി നൽകി. അഞ്ചു സെന്റ് ഭൂമി അനുദിക്കുകയായിരുന്നു. എന്നാൽ, ഭൂമി അളക്കാൻ സ്ഥലത്ത് എത്തിയ റവന്യു ഉദ്യോഗസ്ഥരെ ഒരു സംഘം ചെറുപ്പക്കാർ തടഞ്ഞു.തുടർന്ന് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം നൂറനാട് പോലീസ് എത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തി.
പിന്നീട് അയൽവാസി അങ്കണ വാടിക്ക് ലഭിച്ച സ്ഥലത്തിലൂടെയാണ് വീട്ടിലേക്കുള്ള വഴി എന്ന് കാണിച്ച് കേസ് കൊടുത്തു. ഒടുവിൽ നിയമപോരാട്ടത്തിലും വിധി അനിതയ്ക്ക് സഹായമായി. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വികസ ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച ഹൈടക് അങ്കണവാടിയാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. ഈ മാസം ഉദ്ഘാടനം നടത്താനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് അനിത പറഞ്ഞു.