മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ഒഴിഞ്ഞ വയറുമായി പഠിക്കാനിരിക്കുന്ന എനിക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നു, പൊരുതി നേടിയതാണ്; ഡോക്ടറേറ്റ് നേടിയത് കോപ്പിയടിച്ചാണോ എന്ന അനില്‍ അക്കരെ എംഎല്‍എയുടെ ചോദ്യത്തിന് പി.കെ.ബിജുവിന്റെ ഉത്തരമിങ്ങനെ

ഡോക്ടറേറ്റ് നേടിയത് കോപ്പി അടിച്ചാണോ എന്ന് ചോദ്യമുയര്‍ത്തിയ വടക്കാഞ്ചേരി എം.എല്‍.എ അനില്‍ അക്കരയ്ക്ക് മറുപടിയുമായി ആലത്തൂര്‍ ലോക്‌സഭ മണ്ഡലം സിറ്റിങ് എം.പിയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ ഡോ.പി.കെ ബിജു. നമ്മുടെയൊക്കെ വിദ്യാഭ്യാസം പഠിച്ചു നേടിയതാണെന്നും പൊരുതി നേടിയതാണെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ബിജു പറഞ്ഞു.

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ രീതിയെ വിമര്‍ശിച്ച ദീപ നിശാന്തിന് മറുപടിയെന്നോണം ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് കോണ്‍ഗ്രസ്സ് എം.എല്‍.എ അനില്‍ അക്കര പികെ ബിജുവിനോട് ഈ ചോദ്യം ഉന്നയിച്ചത്. അതിന് മറുപടിയായാണ് ബിജു താന്‍ ിതുവരെ എത്തിയതിനെക്കുറിച്ച് വിവരിച്ചത്.

ബിജുവിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

കഴിഞ്ഞ ദിവസം നെന്മാറയില്‍ വോട്ടഭ്യര്‍ത്ഥനയുമായി ചെന്നപ്പോഴാണ് ടൗണില്‍ ചെരുപ്പ് തുന്നുന്ന കുമാരേട്ടനെ കാണാനിടയായത് കൈ കൊടുത്തപ്പോള്‍ തന്നെ കുമാരേട്ടന്‍ ചോദിച്ചത് പഠനത്തേക്കുറിച്ചായിരുന്നു. പഠനം ജീവിതാവസാനം വരെ തുടരുന്നതാണെന്നും മറുപടി നല്‍കി.

എനിക്ക് ഒരു മകളുണ്ട്, അഖില എന്നാണ് പേര്, നിങ്ങള്‍ പഠിച്ച എം.ജി യൂണിവേഴ്സിറ്റിയില്‍ തന്നെയാണ് പഠിക്കുന്നത് നിങ്ങളെ പോലെ അവളേയും ഡോക്ടറേറ്റ് എടുപ്പിക്കണം. മകളുടെ ടീച്ചര്‍മാര്‍ ബിജുവിനെ കുറിച്ച് പറയാറുണ്ട് സഹായങ്ങള്‍ ചെയ്തു തരണമെന്നായി അദ്ദേഹം.

എല്ലാ സഹായവുമുണ്ടാവുമെന്ന് പറഞ്ഞ് മടങ്ങുമ്പോള്‍ മനസ്സില്‍ മുഴുവന്‍ എന്റെ അച്ഛന്‍ മാത്രമായിരുന്നു…മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ ഒഴിഞ്ഞ വയറുമായി പഠിക്കാനിരിക്കുന്ന എനിക്ക് കൂട്ടായി അച്ഛനുണ്ടായിരുന്നു, പകലന്തിയോളം പാടത്ത് പണിയെടുത്തുണ്ടാക്കുന്ന ചെറിയ പൈസ പഠനത്തിനായി ചെലവാക്കുന്ന അച്ഛന്‍

ആ അച്ഛനായിരുന്നു തെരുവില്‍ ചെരുപ്പ് തുന്നുന്നുണ്ടായിരുന്നത്. ഇത്തരം അനേകായിരം രക്ഷിതാക്കളുടെ ചോരയും നീരുമാണ് ഞങ്ങളുടെയൊക്കെ വിദ്യാഭ്യാസം.

പഠിച്ചു നേടിയതാണ്, പൊരുതി നേടിയതാണ്, തലമുറകള്‍ പകര്‍ന്നു നല്‍കിയതാണ്, അതാണ് നമ്മുടെയൊക്കെ വിദ്യാഭ്യാസം.

Related posts