കുപ്പിയില്‍ പെട്രോള്‍ കൊടുക്കില്ല! ബെക്കിന്റെ ടാങ്ക് ഊരിയെടുത്തു വന്ന് പെട്രോള്‍ വാങ്ങി യുവാക്കള്‍; പുതിയ ചലഞ്ച് സോഷ്യല്‍മീഡിയയില്‍ വൈറല്‍

ഇരുചക്ര വാഹനങ്ങള്‍ പലപ്പോഴും പെട്രോള്‍ തീര്‍ന്ന് വഴിയില്‍ കിടക്കുമ്പോള്‍ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട കുപ്പി തപ്പിയെടുത്ത് അതില്‍ പെട്രോള്‍ വാങ്ങിക്കൊണ്ട് വന്ന് ഇരുചക്രവാഹനം ഓടിക്കാത്ത മലയാളികള്‍ കുറവായിരിക്കും.

എന്നാല്‍ അടുത്തകാലത്ത് രണ്ട് പെണ്‍കുട്ടികളെ പെട്രോള്‍ ഒഴിച്ച് കൊന്നതോടെ ഇനി മുതല്‍ കുപ്പികളില്‍ പെട്രോള്‍ കൊടുക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. പണ്ട് ഇതുപോലെ ഷവര്‍മ്മ കഴിച്ച് യുവാവ് മരിച്ച ഉടനെ സര്‍ക്കാര്‍ ഷവര്‍മ്മ നിരോധിച്ചിരുന്നു.

ഏതായാലും കുപ്പികളില്‍ പെട്രോള്‍ കൊടുക്കാതായതോടെ വലഞ്ഞത് ബൈക്കില്‍ ചെത്തി നടക്കുന്ന പിളേളരാണ്. എന്തിനും ഏതിലും ‘ചലഞ്ച്’ നടക്കുന്ന കാലത്ത് കുറച്ച് യുവാക്കള്‍ പുതിയ ചലഞ്ചിന് തുടക്കമിട്ടിരിക്കുകയാണ് ഇപ്പോള്‍.

പെട്രോള്‍ ടാങ്കില്‍ പെട്രോള്‍ വാങ്ങുകയാണ് പുതിയ ചലഞ്ച്. പെട്രോള്‍ തീര്‍ന്ന ബൈക്കിന്റെ ടാങ്ക് ഊരി കൊണ്ട് വന്ന് പെട്രോളടിക്കുകയാണ് ചലഞ്ച്. യുവാക്കളുടെ ചലഞ്ച് വീഡിയോ ഏതായാലും വയറലായി.

പ്ലാസ്റ്റിക് കുപ്പികളില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്നാണ് എക്സ്പ്ലോസീവ് നിയമം. പ്രത്യേകം തയ്യാറാക്കിയ കന്നാസുകളില്‍ മാത്രമേ ഇന്ധനം നല്‍കാവൂവെന്നും ചട്ടം അനുശാസിക്കുന്നു. പല തവണയായി ഈ നിയമം നടപ്പിലാക്കാന്‍ നോക്കിയിരുന്നുവെങ്കിലും യാത്രക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. അതിനിടെയാണ് പെട്രോളൊഴിച്ച് കൊലപാതകങ്ങള്‍ നടന്നത്. ഇതോടെ സര്‍ക്കാര്‍ ചട്ടം കര്‍ശനമാക്കുകയായിരുന്നു.

Related posts