കുംബ്ലെ വേതന വർധനവ് ആവശ്യപ്പെടുന്നത് കോഹ്‌ലിയുടെ പേര് ഉപയോഗിച്ചെന്ന് ബിസിസിഐ

anilkumbley-lന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പേര് ഉപയോഗിച്ചാണ് കോച്ച് അനിൽ കുംബ്ലെ വേതന വർധനവ് ആവശ്യപ്പെടുന്നതെന്ന് മുതിർന്ന ബിസിസിഐ അംഗത്തിന്‍റെ വെളിപ്പെടുത്തൽ. വേതന വർധനവ് എന്ന ആവശ്യത്തിന് ബലം ലഭിക്കുന്നതിനാണ് കുംബ്ലെ കോഹ്‌ലിയുടെ പേര് ഉപയോഗിക്കുന്നത്. എന്നാൽ കോഹ്‌ലി ഇക്കാര്യങ്ങളൊന്നും വ്യക്തിപരമായി അറിഞ്ഞിട്ടുമില്ല. മൂന്ന് ഫോർമാറ്റുകളിലും ക്യാപ്റ്റന്‍റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്ന കോഹ്‌ലിക്ക് പ്രത്യേക പരിഗണന നൽകണമെന്നാണ് കുംബ്ലെ പറയുന്നത്.

എന്നാൽ ഇക്കാര്യം താൻ കോഹ്‌ലിയുമായി ഒന്ന്, രണ്ടു തവണ സംസാരിച്ചുവെന്നും അദ്ദേഹം ഇങ്ങനെയൊരു കാര്യം ആവശ്യപ്പെട്ടില്ലെന്നുമാണ് മുതിർന്ന ബിസിസിഐ അംഗം പറയുന്നത്. എല്ലാ കളിക്കാരെയും ഒരു പോലെ കാണണമെന്നും ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്ന കളിക്കാർക്ക് പ്രത്യേക പരിഗണന നൽകണമെന്നും കോഹ്‌ലി ആവശ്യപ്പെട്ടിരുന്നുവെന്നും ബിസിസിഐ അംഗം പറഞ്ഞു.

വേതന വർധനവും ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പങ്കെടുക്കണമെന്ന കുംബ്ലെയുടെ പരസ്യ നിലപാടും ബിസിസിഐയെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പുതിയ കോച്ചിനെ തേടി ബിസിസിഐ പരസ്യം നൽകുകയും ചെയ്തു. ചാന്പ്യൻസ് ട്രോഫിയോടെ കുംബ്ലെയുടെ കരാർ അവസാനിക്കുകയാണ്. ഇതോടെയാണ് ബോർഡ് പരസ്യം നൽകിയതെന്നാണ് ബിസിസിഐയുടെ വിശദീകരണം. പക്ഷേ, കുബ്ലെയോടുള്ള അനിഷ്ടമാണ് തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.

കോച്ചിനായി പരസ്യം നൽകിയത് നടപടി ക്രമങ്ങളുടെ ഭാഗമായി മാത്രമാണെന്നായിരുന്നു ഇതേക്കുറിച്ച് ക്യാപ്റ്റൻ വിരാട് കോഹ്‌ലി പ്രതികരിച്ചത്.

Related posts