ജയിക്കുമെന്ന് പ്രവചിച്ച എല്ലാ ടീമുകളെയും തോല്‍പ്പിച്ചു! ഇനിയീ വഴിയ്ക്ക് കാണരുതെന്നും കിട്ടുന്ന ഭക്ഷണം കഴിച്ച് ഒതുങ്ങി കിടന്നോണമെന്നും ‘പ്രവചനക്കാരന് ‘ഫുട്‌ബോള്‍ ആരാധകരുടെ ഉപദേശം

അട്ടിമറികളുടെ തുടര്‍ച്ച കണ്ട ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പ് അതിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്നു. ഓരോ മത്സരത്തിലും അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലും കാര്യം ആരാധകര്‍ക്കായി ബാക്കിയാവുന്നതും ഈ ലോകകപ്പിന്റെ പതിവായിരുന്നു. തിരിച്ചടികളും ആകാംക്ഷകളും ഒരുപാടുണ്ടായ ഈ ലോകകപ്പിന്റെ ഫൈനലില്‍ എത്തി നില്‍ക്കുകയാണ് ഫ്രാന്‍സ്, ക്രൊയേഷ്യ എന്നീ രാജ്യങ്ങള്‍.

പതിനഞ്ചിനാണ് ഫൈനലെങ്കിലും ഇപ്പോഴേ വാതുവെപ്പുകാരും പ്രവചനക്കാരും സജീവമായിക്കഴിഞ്ഞു. പ്രവചനങ്ങളൊക്കെ ഇഷ്ടമാണെങ്കിലും അക്കില്ലസ് പൂച്ചയെ ആ വഴിക്കെങ്ങും കണ്ടുപോകരുത് എന്നാണ് ഫ്രാന്‍സ് ക്രൊയേഷ്യ ആരാധകരും ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരും പറയുന്നത്.

 

ആദ്യപ്രവചനങ്ങളൊഴിച്ചാല്‍ പിന്നീടുള്ള അക്കില്ലസിന്റെ പ്രവചനങ്ങളെല്ലാം പാളിയിരുന്നു. നൈജീരിയക്കെതിരെ അര്‍ജന്റീന തോല്‍ക്കുമെന്ന പ്രവചനത്തോടെയാണ് അക്കില്ലസ്, ഫുട്‌ബോള്‍ ആരാധകരുടെ ശത്രുവായത്. മത്സരത്തില്‍ അര്‍ജന്റീന ജയിച്ചതോടെ പൂച്ചക്ക് പൊങ്കാല പ്രവാഹമായിരുന്നു.

ജയിക്കുമെന്ന് പ്രവചിച്ച ടീമെല്ലാം തോറ്റതോടെ പൂച്ചയ്ക്ക് ഡിമാന്‍ഡും കുറഞ്ഞിരിക്കുകയാണ്. ഏറ്റവുമൊടുവില്‍ സെമിയില്‍ ബെല്‍ജിയം ഫ്രാന്‍സിനെ തോല്‍പ്പിക്കുമെന്നായിരുന്നു പ്രവചനം. അതും പാളി. ഇതോടെ ലോകകപ്പ് ഫൈനല്‍ പ്രവചനവുമായി ഈ വഴി വരരുത് എന്നായി ഫുട്‌ബോള്‍ ആരാധകര്‍.

ഉദ്ഘാടനമത്സരത്തില്‍ ഈജിപ്തിനെതിരെ സൗദി ജയിക്കുമെന്നും കോസ്റ്റാറിക്കക്കെതിരെ ബ്രസീല്‍ ജയിക്കുമെന്നും അക്കില്ലസ് പ്രവചിച്ചിരുന്നു. അതുരണ്ടും ശരിയാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ വച്ചുനടന്ന കോണ്‍ഫഡറേഷന്‍സ് കപ്പ് കൃത്യമായി പ്രവചിച്ചതോടെയാണ് അക്കില്ലസ് പൂച്ച പ്രശസ്തിയിലേക്കുയര്‍ന്നത്.

അതോടെ പോള്‍ നീരാളിയുടെ പിന്‍ഗാമിയായിപ്പോലും അക്കില്ലസ് അവരോധിക്കപ്പെട്ടു. ഏത് രാജ്യങ്ങള്‍ തമ്മിലാണോ മത്സരം, ആ രണ്ട് പതാകകളും ഉറപ്പിച്ച രണ്ട് പാത്രങ്ങളില്‍ ഭക്ഷണം വെക്കും. ഏത് രാജ്യത്തിന്റെ പതാകയുള്ള പാത്രത്തില്‍ നിന്നാണോ പൂച്ച ഭക്ഷണം കഴിക്കുന്നത്, ആ രാജ്യം ജയിക്കുമെന്നാണ് പ്രവചനം.

ഏതായാലും ഫ്രാന്‍സും ക്രൊയേഷ്യയും ഫൈനലിനൊരുങ്ങുകയാണ്. മുന്‍തൂക്കം ഫ്രാന്‍സിനാണെങ്കിലും ക്രൊയേഷ്യയെ നിസാരക്കാരായി കാണാനാകില്ല. ഇരുടീമുകളും ഒന്നിനൊന്ന് മികച്ചതായതിനാല്‍ അവര്‍ കളിച്ചുതന്നെ ജയിക്കട്ടേയെന്നും ഇത്തവണയെങ്കിലും ഉഡായിപ്പുമായി ആ വഴി എത്തരുതെന്നും പൂച്ചയോട് ആളുകള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. തരുന്ന ഭക്ഷണവും കഴിച്ച് ഒരിടത്ത് മര്യാദക്കിരുന്നോണം എന്നാണ് ആളുകളുടെ ഉപദേശം.

Related posts