ഏരിയ-51, അമേരിക്കയുടെ നിഗൂഢലോകം; അന്യഗ്രഹജീവികളുടെ ആവാസകേന്ദ്രം; ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയിട്ടില്ലെന്നു വാദിക്കുന്നവര്‍ കൈചൂണ്ടുന്നതിവിടേക്ക്

area22മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ട് നാലുവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇക്കാര്യത്തില്‍ പലര്‍ക്കും ഇപ്പോഴും സംശയമുണ്ട്. അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ അമേരിക്കന്‍ പതാക പാറിപ്പറന്നതും ചന്ദ്രനില്‍ ഇറങ്ങിയ 12 പേരും അമേരിക്കക്കാരായിരുന്നതുമാണ് ആളുകളുടെ സംശയം വര്‍ദ്ധിപ്പിക്കുന്നത്. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ലെങ്കില്‍ ആ ദൃശ്യങ്ങള്‍ എവിടെ വച്ചു ചിത്രീകരിച്ചു എന്ന ചോദ്യം ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് ‘ഏരിയ-51’.

ലോകത്തെ ഏറ്റവും ദുരൂഹത നിറഞ്ഞ സ്ഥലമാണ് ഏരിയ-51. അമേരിക്കയുടെ രഹസ്യ ശാസ്ത്രപരീക്ഷണങ്ങളുടെയെല്ലാം കേന്ദ്രം. പടിഞ്ഞാറന്‍ അമേരിക്കയിലെ നെവാഡയിലാണ് ഈ അജ്ഞാത കേന്ദ്രം സ്ഥിതിചെയ്യുന്നത്. 1955ലാണ് അമേരിക്കന്‍ വ്യോമസേന ഇവിടെ
സൈനീകകേന്ദ്രം  ആരംഭിക്കുന്നത്. പിന്നീട് അക്ഷരാര്‍ഥത്തില്‍ ഇതൊരു പരീക്ഷണ ശാലയായി മാറുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിനു പോലും അനുവാദമില്ലാതെ ഇവിടേക്കു പ്രവേശനമില്ല. ഏരിയ-51ന്റെ  നിയന്ത്രണം കൈയ്യാളുന്നത് ഉന്നതരായ ശാസ്ത്രജ്ഞരാണ്. ഏരിയ-51ന്റെ ഏഴയലത്തു പോലും പൊതുജനങ്ങള്‍ക്കു പ്രവേശനമില്ല.

ഒരു ഉപഗ്രഹ ചിത്രമല്ലാതെ ഈ സ്ഥലത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന മറ്റു ചിത്രങ്ങളൊന്നും ലഭ്യമല്ല എന്നതു തന്നെ ഈ പ്രദേശത്തിന്റെ നിഗൂഢതയ്ക്കു തെളിവാണ്. ഏരിയ-51നെ ചൂഴ്ന്നു നില്‍ക്കുന്ന ഏറ്റവും വലിയ അഭ്യൂഹം അന്യഗ്രഹ ജീവികള്‍ ഇവിടെ വന്നിറങ്ങിയിട്ടുണ്ടെന്നതാണ്. ഇവിടെ വന്നിറങ്ങിയ അന്യഗ്രഹജീവികളെ ശാസ്ത്രജ്ഞര്‍ തടവിലാക്കിയെന്നും അവരെ വച്ച് പരീക്ഷണങ്ങള്‍ നടത്തുന്നുണ്ടെന്നും കഥകളുണ്ട്. കൂടാതെ ഇവര്‍ വന്നിറങ്ങിയ പറക്കും തളികകളും ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.

ഇത്തവണത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരവേളയില്‍ ഡെമോക്രാറ്റിക്  സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റന്‍ നടത്തിയ പ്രഖ്യാപനവും ശ്രദ്ധേയമായി. താന്‍ വിജയിക്കുകയാണെങ്കില്‍ അന്യഗ്രഹജീവികളെ സംബന്ധിച്ചുള്ള ഫയലുകള്‍ പൊതുജനത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു ഹില്ലരിയുടെ പ്രഖ്യാപനം. എന്നാല്‍ ഹില്ലരി പരാജയമടഞ്ഞതോടെ അന്യഗ്രഹജീവികളില്‍ തല്‍പരരായിരുന്നവരുടെ പ്രതീക്ഷ വൃഥാവിലായി. ഏരിയ-51ലെ അന്യഗ്രഹജീവികളുടെ സാന്നിദ്ധ്യം സംബന്ധിച്ച രേഖകള്‍ പുറത്തുകൊണ്ടുവരാന്‍ പല സംഘടനകളും ശ്രമിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടന്നിട്ടില്ല. അമേരിക്കയുടെ കൈവശമുള്ള രഹസ്യായുധങ്ങളുടെ പരീക്ഷണവേദിയും ഇവിടമാണ്.

റഷ്യയുമായി ശീതയുദ്ധം നില നിന്ന കാലത്താണ് ഏരിയ-51 കേന്ദ്രമാക്കിയുള്ള പരീക്ഷണങ്ങള്‍ അമേരിക്ക കൂടുതല്‍ ഊര്‍ജിതമാക്കിയത്. റഷ്യ മനുഷ്യനെ ആദ്യമായി ബഹിരാകാശത്തെത്തിച്ചപ്പോള്‍ മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിക്കുന്നത് തങ്ങളായിരിക്കുമെന്നായിരുന്നു അമേരിക്കയുടെ പ്രഖ്യാപനം. അതിന്റെ ഭാഗമായാണ് നീല്‍ ആംസ്‌ട്രോംങും എഡ്വിന്‍ ആള്‍ഡ്രിനും മൈക്കള്‍ കോളിന്‍സും ചന്ദ്രനിലെത്തുന്നത്. പിന്നാലെ പല വര്‍ഷങ്ങളിലായി ഒമ്പത് പേര്‍ കൂടി ചന്ദ്രനിലെത്തി. എന്നാല്‍ നാം കാണുന്ന ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളെല്ലാം ഏരിയാ-51ല്‍ പ്രത്യേകം തയ്യാറാക്കിയ സെറ്റില്‍ ചിത്രീകരിച്ചതാണെന്നാണ്  വിമര്‍ശകര്‍ പറയുന്നത്. 1980നു ശേഷം ആരും ചന്ദ്രനിലേക്ക് പോയിട്ടില്ലെന്നതും വിമര്‍ശകരുടെ വാക്കിന് ബലമേകുന്നു. എന്തായാലും ഏരിയ-51 എന്ന രഹസ്യകേന്ദ്രത്തില്‍ എന്തൊക്കെയോ ദുരൂഹതകളുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. ഏരിയാ-51ല്‍ അന്യഗ്രഹജീവികളുണ്ടെന്ന വിശ്വസിക്കുന്ന ധാരാളം ആളുകള്‍ ലോകത്തെമ്പാടുമുണ്ട്. അവരുടെ സംശയത്തിന് തീര്‍പ്പുണ്ടാകാന്‍ നിലവിലെ സാഹചര്യത്തില്‍ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടിവരും.

Related posts