കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന് ലാല്‍ സംവിധാനം ചെയ്ത് ഓമം റിലീസായി തീയേറ്ററുകളിലെത്തിയ എആര്‍എം(അജയന്റെ രണ്ടാം മോഷണം) എന്ന ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്ത്.
ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈലില്‍ കാണുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് സംവിധായകന് ജിതിന് തന്നെയാണ് വ്യാജപതിപ്പ് പുറത്തിറങ്ങിയ വിവരം പങ്കുവെച്ചിട്ടുള്ളത്. സംഭവത്തില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് പോലീസില്‍ പരാതി നല്‍കും.
ഹൃദയ ഭേദകം, വേറെ ഒന്നും പറയാനില്ല. ടെലിഗ്രാം വഴി എആര്‍എം കാണേണ്ടവര്‍ കാണട്ടെ അല്ലാതെ എന്ത് പറയാനാ എന്നാണ് ദൃശ്യങ്ങള്‍ പങ്കുവെച്ച് ജിതിന് ലാല്‍ കുറിച്ചിട്ടുള്ളത്.
കഴിഞ്ഞ 12ന് ആണ് ചിത്രം റിലീസ് ചെയ്തത്. ഇതിനു പിന്നാലെ അഞ്ചോളെ ടെലിഗ്രാം ഗ്രൂപ്പുകളില്‍ ചിത്രത്തിന്റെ വ്യാജപതിപ്പ് എത്തിയതായി വിവരം ലഭിച്ചിരുന്നു. കഴിയുന്നവിധത്തില്‍ തടയാന്‍ ശ്രമിച്ചിരുന്നു. ആരോ കരുതിക്കൂട്ടി ചെയ്തതാണെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞത്.
ഇതിനുപിന്നാലെ ഒരു സുഹൃത്താണ് ജനശദാബ്ദി എക്സ്പ്രസില്‍ ഇരുന്ന് ഒരാള്‍ മൊബൈലില്‍ ചിത്രം കാണുന്ന ദൃശ്യം തനിക്ക് അയച്ചുതന്നത്. എട്ട് വര്‍ഷത്തെ പ്രയത്നത്തിന്റെ ഫലമാണ് ചിത്രം. ഇപ്പോള്‍ നടക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്നും ജിതിന് ലാല്‍ പറഞ്ഞു.