തിരൂർ: പടിഞ്ഞാറേക്കരയിൽ നിന്നു തമിഴ്നാട് കുളച്ചൽ സ്വദേശികൾ കടലിൽ പോയി മീൻ പിടിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ തിരൂർ കൂട്ടായി സ്വദേശി മരിച്ച കേസിൽ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച രണ്ടു പേർ പിടിയിൽ. പൊന്നാനി സ്വദേശികളായ ഈസ്പാനകത്ത് റഹീം (40), ആലിമാക്കാനകത്ത് ഹംസ (58) എന്നിവരാണ് പിടിയിലായത്.
2000ത്തിലാണ് കേസിനാസ്പദമായ സംഭവം.തമിഴ്നാട് സ്വദേശികൾ മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ടു ഇരു പ്രദേശവാസികൾ ചേരിതിരിഞ്ഞു തർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് പൊന്നാനിയിൽ നിന്നു ഒരു സംഘം ആളുകൾ പടിഞ്ഞാറേക്കരയിൽ വരികയും കുളച്ചൽ സ്വദേശികളും കൂട്ടായി സ്വദേശികളുമായി സംഘർഷം ഉണ്ടാവുകയും സംഘർഷത്തിൽ കൂട്ടായി സ്വദേശി ഹമീദ് മരണപ്പെടുകയും ചെയ്തു.
കേസിൽ കോടതി പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച പ്രതികളിൽ രണ്ടു പേരെ പൊന്നാനി ഹാർബറിൽ നിന്നു തിരൂർ സർക്കിൾ ഇൻസ്പെക്ടർ പത്മരാജൻ, എസ്.ഐ കെ.കെ ജിനേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്.
പ്രതികൾക്കെതിരെ രണ്ടു വാറണ്ട് ഉള്ളതായി പോലീസ് പറഞ്ഞു. പോലീസ് സംഘത്തിൽ എസ്.സി.പി.ഒ സി. ഷിബു, സിപിഒ അനീഷ് പീറ്റർ, അനൂപ്, ലക്ഷ്മണൻ, അഭിമന്യു എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.