കാറില്‍ സഞ്ചരിക്കവേ സരിത എസ് നായര്‍ക്ക് നേരെ ആക്രമണം ! ക്വട്ടേഷനെന്ന് സരിത; സിനിമാ സ്‌റ്റൈലിലുള്ള സംഭവം ഇങ്ങനെ…

കൊച്ചി: സോളാര്‍ നായിക സരിത എസ് നായര്‍ക്കെതിരേ അജ്ഞാത സംഘത്തിന്റെ ആക്രമണം. കൊച്ചി ചക്കരപ്പറമ്പ് ഭാഗത്ത് വെച്ച് കാറിന്റെ മുന്നിലും പിന്നിലുമായി ബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നെന്ന് സരിത പറയുന്നു. തനിക്കെതിരെ ആരോ നല്‍കിയ ക്വട്ടേഷനാണ് ആക്രണത്തിന് പിന്നിലെന്ന് സരിത ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് സരിത പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കി.

ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം. കാറിന് നേരെ രണ്ട് ബൈക്കുകളിലായി എത്തിയ മൂന്നംഗ സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്ന് സരിത പറയുന്നു. ബുള്ളറ്റിലെത്തിയ അക്രമികളില്‍ ഒരാള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഈ സമയം മറ്റൊരു ബൈക്കിലെത്തിയ സംഘം മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകര്‍ക്കുകയായിരുന്നെന്ന് സരിത പോലീസിനോട് പറഞ്ഞു. ആക്രമണത്തില്‍ കാറിന്റെ ഇടത് വശത്തെ ഗ്ലാസ് തകര്‍ന്നു.

സാരമായ കേടുപാടുകള്‍ പലഭാഗത്തുമുണ്ടായി. അക്രമികള്‍ തന്റെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് മുതിരാതെ നേരെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നുവെന്നും സരിത പറഞ്ഞു. ബുള്ളറ്റിലെത്തിയ ആള്‍ മുഖം മറച്ചിരുന്നില്ലെന്നും അയാളെ വ്യക്തമായി തിരിച്ചറിഞ്ഞെന്നും സരിത പൊലീസിന് മൊഴി നല്‍കി. ഉത്തര്‍പ്രദേശ് രജിസ്ട്രേഷനിലുള്ള ബുള്ളറ്റിന്റെ നമ്പര്‍ പൊലീസിന് കൈമാറിയതായി സരിത പറഞ്ഞു.

Related posts