തന്നെ കുടുക്കാന്‍ സിനിമാ രംഗത്തെ പ്രമുഖന്‍ ശ്രമിക്കുന്നു! സോഷ്യല്‍മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും അപവാദ പ്രചരണം നടത്തുന്നത് വിവാദ കേസില്‍ പ്രതിയായ നടന്‍; വെളിപ്പെടുത്തലുമായി എ വി ജോര്‍ജ്

മുന്‍ ആലുവ റൂറല്‍ എസ് പി എ.വി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബം രംഗത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ തന്നെ അന്യായമായി കുടുക്കാന്‍ സിനിമാ രംഗത്തെ ഒരു പ്രമുഖന്‍ ശ്രമിക്കുകയാണെന്ന് മുന്‍ ആലുവ റൂറല്‍ എസ്.പി എ.വി.ജോര്‍ജ്. തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ബോധപൂര്‍വമായ അപവാദ പ്രചാരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്തിടെ താന്‍ അന്വേഷിച്ച ഒരു വിവാദ കേസിലെ പ്രതിയായ പ്രമുഖ നടനാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. തനിക്കെതിരെ ചില സിനിമാക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിനിമാ രംഗത്തെ ചിലര്‍ തന്നെ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് കൃത്യമായ ഉറപ്പൊന്നുമില്ല. താന്‍ രൂപീകരിച്ച റൂറല്‍ ടൈഗര്‍ ഫോഴ്സിനെക്കുറിച്ച് മികച്ച അഭിപ്രായമായിരുന്നു ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. കഞ്ചാവ്, ലഹരി, മണല്‍ മാഫിയകള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കാന്‍ സംഘത്തിന് കഴിഞ്ഞിരുന്നു. വരാപ്പുഴ കേസിന് മുമ്പ് യാതൊരു വിധ ആരോപണങ്ങളും സംഘത്തിനെതിരെ ഉയര്‍ന്നിട്ടില്ലെന്നും എ.വി ജോര്‍ജ് പറഞ്ഞു.

എ.വി.ജോര്‍ജിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധവുമായി കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബവും ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ജോര്‍ജിനെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് രണ്ട് തവണ ചോദ്യം ചെയ്ത് വിട്ടയച്ചതെന്നും കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും പിടികൂടണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വരാന്‍ സി.ബി.ഐ അന്വേഷണം തന്നെ വേണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

 

 

Related posts