ന്യൂഡൽഹി: ഇന്ത്യയിലെ മുസ് ലിംകൾ പീഡനം അനുഭവിക്കുന്നുവെന്ന, ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ പ്രസ്താവന ഇന്ത്യ തള്ളി.
പ്രസ്താവന അപലപനീയമാണെന്നു വിശേഷിപ്പിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയം, സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥ ഖമേനി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. വിദേശകാര്യ വക്താവ് രൺധീർ ജെയ്സ്വാൾ സോഷ്യൽ മീഡിയയിലൂടെയും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പങ്കുവച്ചു.
മ്യാൻമറിലും ഗാസയിലും ഇന്ത്യയിലും മറ്റേതൊരു പ്രദേശത്തും മുസ് ലിംകൾ അനുഭവിക്കുന്ന പീഡനങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്ന തരത്തിലുള്ള ആഹ്വാനമായിരുന്നു ആയത്തുള്ള ഖമേനി എക്സിൽ പോസ്റ്റ് ചെയ്തത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അസ്വീകാര്യമായ പ്രസ്താവനയാണിതെന്ന് ഇന്ത്യ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.