സര്‍ക്കാര്‍ അവസരം തന്നാല്‍ പെട്രോള്‍ വില 35 നും 40 നും ഇടയിലാക്കും! ഇന്ധന വിലവര്‍ധനവ് മോദി സര്‍ക്കാരിന്റെ ഇമേജ് നശിപ്പിക്കുന്നു; ബാബാ രാംദേവിന്റെ പ്രസ്താവന ശ്രദ്ധേയമാവുന്നു

സര്‍ക്കാര്‍ തനിക്ക് അവസരം തന്നാല്‍ പെട്രോള്‍ 35- 40 രൂപയ്ക്കകത്ത് ലഭ്യമാക്കുമെന്ന് യോഗാ ഗുരുവും ബിസിനസുകാരനുമായ ബാബാ രാംദേവ്. പെട്രോള്‍ വില വര്‍ധനവ് മോദി സര്‍ക്കാരിനെ മോശമായി ബാധിച്ചുവെന്നും രാംദേവ് പറഞ്ഞു. എന്‍ ഡി ടി വിയുടെ യൂത്ത് കോണ്‍ക്‌ളേവില്‍ സംസാരിക്കുകയായിരുന്നു രാംദേവ്.

എനിക്ക് സര്‍ക്കാര്‍ ഒരു അവസരം തന്നാല്‍ 35 – 40 രൂപക്ക് ഉള്ളില്‍ പെട്രോള്‍ ലഭ്യമാക്കും. പെട്രോളിന് മേല്‍ നിലവിലുള്ള 28 ശതമാനം നികുതി എടുത്ത് മാറ്റി ജി. എസ്. ടി. യില്‍ ഉള്‍പ്പെടുത്തണമെന്നും ബാബാ രാംദേവ് പറഞ്ഞു. നിരാശയാണ് ഇന്ത്യയിലെ യുവത്വത്തിന്റെ പ്രശ്‌നം. അവര്‍ക്ക് അവസരങ്ങളില്ല എന്നാണ് അവര്‍ കരുതുന്നത്. അത് ശരിയല്ല. ആരുടെയും സഹായമില്ലാതെയാണ് ഞാന്‍ പതഞ്ജലി പോലൊരു ബിസിനസ്സ് കെട്ടി പൊക്കിയത്.

ഞാന്‍ പണത്തിന് പുറകേ പോവാറില്ല. പണം എന്നെ തേടിവരികയാണ്. മോദിയെ വിമര്‍ശിക്കുന്നവര്‍ക്ക് അതിനുള്ള അവകാശമുണ്ട്. പക്ഷേ മോദി മികച്ച ഭരണമാണ് കാഴ്ച്ചവെക്കുന്നത്. ശുചിത്വ ഭാരത മിഷന്‍ പോലുള്ള പദ്ധതികള്‍ കൊണ്ടു വന്നു. റാഫേല്‍ കരാര്‍ മാറ്റി നിര്‍ത്തിയാല്‍ വലിയ അഴിമതികള്‍ക്കും ഇടം കൊടുത്തില്ലെന്ന് രാംദേവ് പറഞ്ഞു. രാഷ്ട്രീയത്തിലേക്കില്ല. ഒരു പാര്‍ട്ടിക്കൊപ്പവും നില്‍ക്കാതെ എല്ലാ പാര്‍ട്ടികളെയും പിന്‍താങ്ങുമെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.

Related posts