കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ആറു മാസത്തിനിടെ ഓണ്ലൈന് സാമ്പത്തിക തട്ടിപ്പില് നഷ്ടമായ 54.79 കോടി രൂപ തിരിച്ചു പിടിച്ച് സൈബര് ഓപ്പറേഷന്സ് വിഭാഗം. 2025 ജനുവരി ഒന്നു മുതല് ജൂണ് 30 വരെയുള്ള കണക്കാണിത്. ഈ ആറു മാസത്തിനിടയില് പണം നഷ്ടമായതു സംബന്ധിച്ച് 19,927 പരാതികളാണ് കേരള പോലീസിന്റെ സൈബര് സെക്യൂരിറ്റി വിഭാഗത്തിന് ലഭിച്ചത്.
351 കോടി രൂപയാണ് നഷ്ടമായത്. പരാതികളിലേറെയും മലപ്പുറം ജില്ലയില് നിന്നാണ്. ഇവിടെനിന്ന് 2,892 പരാതികളാണ് ഓണ്ലൈന് സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് ലഭിച്ചത്. പരാതികളില് രണ്ടാം സ്ഥാനം എറണാകുളം സിറ്റിയിലാണ്. 2,268 പരാതികളാണ് ഇവിടെനിന്നും റിപ്പോര്ട്ട് ചെയ്തത്. 2,226 പരാതികളുമായി പാലക്കാട് ജില്ല മൂന്നാം സ്ഥാനത്തുണ്ട്. കുറവ് പരാതികള് വയനാട് ജില്ലയില്നിന്നാണ് 137 പരാതികള് മാത്രമാണ് ഇവിടെനിന്ന് റിപ്പോര്ട്ട് ചെയ്തത്.
ട്രേഡിംഗ് കൊണ്ടുപോയത് 151 കോടി രൂപ
ഉള്ള സമ്പാദ്യം ഇരട്ടിയാക്കാനുള്ള ആര്ത്തിമൂലമാണ് പലരും ട്രേഡിംഗിലേക്ക് തിരിയുന്നത്. എന്നാല് കേരള പോലീസിന് ലഭിച്ച പരാതികളില് അധികവും ട്രേഡിംഗിലൂടെ പണം നഷ്ടമായതു സംബന്ധിച്ചുള്ളതാണ്. 151 കോടി രൂപയാണ് ട്രേഡിംഗിലൂടെ നഷ്ടമായത്. ഉന്നത ഉദ്യോഗത്തില്നിന്നു വിരമിച്ചവരും വിദ്യാസമ്പന്നരുമായിട്ടുള്ളവരാണ് തട്ടിപ്പിന് ഇരയായവരില് ഏറെയും. റിട്ട. ഓഫീസര്മാര്, ഡോക്ടര്മാര് എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. 40 മുതല് 60 വരെ പ്രായപരിധിയിലുള്ളവരാണ് ട്രേഡിംഗ് തട്ടിപ്പിന്റെ ഇരകള്.
ഗോള്ഡന് അവര് മുഖ്യം
ഓണ്ലൈന് സാമ്പത്തിക തട്ടിപ്പിന് ഇരയായാല് പണം നഷ്ടപ്പെട്ട സമയം മുതല് ഒരു മണിക്കൂറിനകം (GOLDEN HOUR) പരാതി റിപ്പോര്ട്ട് ചെയ്യുന്നതിലൂടെ നഷ്ടപ്പെട്ട തുക പൂര്ണമായും തിരികെ ലഭിക്കും. ഇത്തരത്തില് നഷ്ടമായ 10 ലക്ഷം രൂപ, 20 ലക്ഷം രൂപ എന്നിവ പോലീസ് തിരിച്ചുപിടിക്കുകയുണ്ടായി. ഓണ്ലൈന് സാമ്പത്തിക തട്ടിപ്പിന് ഇരയായാല് ഉടന് തന്നെ 1930 എന്ന സൗജന്യ നമ്പറില് ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികള് രജിസ്റ്റര് ചെയ്യാം.
സീമ മോഹന്ലാല്