ഡബ്ല്യു.സി. സിയിലെ പെണ്‍കുട്ടികള്‍ പറഞ്ഞതിലും കാര്യമില്ല എന്ന് പറയുന്നില്ല, പ്രശ്നങ്ങള്‍ പറയാനാണെങ്കില്‍ എനിക്കും ഒരുപാടുണ്ട്; വെളിപ്പെടുത്തലുമായി ബാബുരാജ്

അമ്മ-ഡബ്ല്യുസിസി വിഷയത്തില്‍ പുതിയ പ്രതികരണവുമായി നടന്‍ ബാബുരാജ് രംഗത്ത്. അമ്മ സംഘടനയെ കുറിച്ച് മോശമായി സംസാരിച്ചതിനാലാണ് ഡബ്ല്യു സിസി അംഗങ്ങളെ കുറിച്ച് താന്‍ അന്ന് അത്തരത്തില്‍ പ്രതികരിച്ചതെന്ന് ബാബുരാജ് വെളിപ്പെടുത്തി. ആ സംഘടനയിലെ പെണ്‍കുട്ടികളെല്ലാവരും തന്നെ വളരെ കഴിവുള്ളവരാണ്.

വനിതാ അംഗങ്ങള്‍ അമ്മയിലേക്ക് വീണ്ടും തിരിച്ചുവരണം എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. പത്മപ്രിയയൊക്കെ ഈ വിഷയത്തെ കുറിച്ച് പഠിച്ച് പറയുന്നത് കേട്ട് ഞാന്‍ ഞെട്ടിപ്പോയിരുന്നു. നോക്കു ഞാനൊരു വക്കീലാണ്. ഇത്രയ്ക്കും ആധികാരികമായി പത്മപ്രിയ പറയുന്നത് കേട്ടപ്പോള്‍ എനിക്ക് ആ കുട്ടിയോട് വളരെയധികം സ്‌നേഹം തോന്നി.

പ്രതികരിച്ചതിന്റെ പേരില്‍ അവര്‍ക്ക് അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റായ പ്രവണതയാണ്. പാര്‍വതി, പത്മപ്രിയ, രമ്യ തുടങ്ങി എല്ലാവരും തന്നെ മികച്ച അഭിനേത്രികളാണ്. അവര്‍ പറഞ്ഞതിലും കാര്യമില്ല എന്ന് പറയുന്നില്ല. പക്ഷേ അമ്മ എന്ന സംഘടനയെ കുറിച്ച് പറഞ്ഞതാണ് എനിക്ക് ഫീലായത്.

ഞാനൊക്കെ നാലഞ്ച് വട്ടം ആ സംഘടനയുടെ മീറ്റിങ്ങിന് പോയിട്ട് എന്നെ പുറത്തിറക്കി വിട്ടിട്ടുണ്ട്. അന്നൊക്കെ ഞാന്‍ ചെറിയ വേഷങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്ന സമയമായിരുന്നു. മെമ്പര്‍ അല്ലാത്തവര്‍ പുറത്ത് പോവൂ എന്ന് പറയുമ്പോള്‍ ഞാനും അബു സലീം തുടങ്ങിയവരും അന്ന് പുറത്ത് പോവുമായിരുന്നു- ബാബുരാജ് പറയുന്നു.

Related posts