സുപ്രീംകോടതിയിലേയ്‌ക്കൊന്നും പോയില്ല! ഹൈക്കോടതിയില്‍ തന്നെ, 25,000 രൂപയുടെ പിഴയടച്ച് ശോഭ സുരേന്ദ്രന്‍; ഇങ്ങനെയല്ലല്ലോ മുമ്പ് പറഞ്ഞിരുന്നതെന്ന് ട്രോളി സോഷ്യല്‍മീഡിയയും

ശബരിമല വിഷയത്തില്‍ അനാവശ്യ ഹര്‍ജി നല്‍കിയതിന് ഹൈക്കോടതി വിധിച്ച പിഴയൊടുക്കി തടിതപ്പിയിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ഹൈക്കോടതി പിഴ വിധിച്ചപ്പോള്‍, താന്‍ അത് ചെയ്യില്ലെന്നും ഹൈക്കോടതിയ്ക്ക് മുകളില്‍ കോടതിയുണ്ടെന്നുമാണ് ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നത്.

എന്നാല്‍ ഇപ്പോഴിതാ, പിഴ നല്‍കാന്‍ ഉദ്ദേശമില്ലെന്ന് മാധ്യമങ്ങളിലടക്കം അവകാശപ്പെട്ടിട്ടും ഒടുവില്‍ ഹൈക്കോടതിയില്‍ പിഴയായ 25,000 രൂപ അടച്ച് ശോഭ സുരേന്ദ്രന്‍ സംഭവം അവസാനിപ്പിച്ചിരിക്കുന്നു.

സമൂഹമാധ്യമങ്ങള്‍ ഇതിനകം തന്നെ ശോഭ സുരേന്ദ്രനെ ട്രോളി രംഗത്തെത്തി കഴിഞ്ഞു. വലിയ വാദങ്ങള്‍ ഉന്നയിച്ചിട്ട് ഇപ്പോള്‍ എന്തു പറ്റിയെന്ന ചോദ്യമാണ് സോഷ്യല്‍മീഡിയ പ്രധാനമായും ഉന്നയിക്കുന്നത്.

ശോഭയുടേത് വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടിയുള്ള ഹര്‍ജിയാണെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച്, ഇത്തരം അടിസ്ഥാനമില്ലാത്ത ഹര്‍ജികള്‍ തടയുന്നതിന് സമൂഹത്തിനുള്ള സന്ദേശമെന്ന നിലക്ക് 25,000 രൂപ പിഴയും ചുമത്തുകയായിരുന്നു. അനാവശ്യ വാദങ്ങള്‍ കോടതിയില്‍ ഉന്നയിക്കരുതെന്നും, ഇത് പരീക്ഷണത്തിനായി ഹര്‍ജികള്‍ നല്‍കാനുള്ള സ്ഥലമല്ലെന്നും ഡിവിഷന്‍ ബെഞ്ച് ശോഭയെ ഓര്‍മ്മിപ്പിച്ചിരുന്നു.

Related posts