മഞ്ജു വാര്യരെ അമ്മ വൈസ് പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിരുന്നു, അവസാന നിമിഷം അവര്‍ വിസമ്മതിച്ചു, ഉണ്ണി ശിവപാലിന് വേണ്ടി മുത്തുമണി മത്സരത്തില്‍ നിന്ന് പിന്മാറി, ബാബുരാജിന്റെ വെളിപ്പെടുത്തല്‍

താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റാകാന്‍ മഞ്ജു വാര്യരെ സമീപിച്ചിരുന്നതായി നടന്‍ ബാബുരാജിന്റെ വെളിപ്പെടുത്തല്‍. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബാബുരാജ് ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ജു വരുന്നതിനോട് എല്ലാവര്‍ക്കും താല്പര്യമായിരുന്നു. എന്നാല്‍ നടി തന്നെ ഇക്കാര്യത്തില്‍ താല്പര്യമില്ലെന്ന് അവസാന നിമിഷം വ്യക്തമാക്കുകയായിരുന്നു.

ബാബുരാജ് ചാനലിന് നല്കിയ അഭിമുഖത്തിലെ വാക്കുകള്‍ ഇങ്ങനെ- മഞ്ജു വാര്യരെ അമ്മ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍ അതിന് വിസമ്മതിക്കുകയായിരുന്നു.

നടിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ അമ്മ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. ആര്‍ക്കും മത്സരിക്കാവുന്നതാണ്. എന്നാല്‍ അമ്മ യോഗത്തില്‍ വന്ന് ഫോം ഫില്‍ ചെയ്യാനും വോട്ടു ചോദിക്കാനുമൊക്കെ പലര്‍ക്കും മടിയാണ്. അതൊക്കെ കുറച്ച് ബുദ്ധിമുട്ടുള്ള പണിയായത്‌കൊണ്ട് എല്ലാവരും പിന്മാറുകയാണ് പതിവ്.

ഉണ്ണി ശിവപാല്‍ മത്സരിക്കാന്‍ നോമിനേഷന്‍ നല്‍കിയിരുന്നു. എന്നാല്‍ മത്സരം വേണ്ടെന്നായിരുന്നു മധു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളുടെ അഭിപ്രായം. അതോടെ ഇലക്ഷന്‍ വേണ്ടെന്ന് വെച്ചു. താന്‍ പകുതി ആളുകളോടും വോട്ട് ചോദിച്ച് കഴിഞ്ഞ ശേഷമാണ് ഇലക്ഷന്‍ ഇല്ലെന്ന് തന്നെ മനസ്സിലായത്. ഉണ്ണി ശിവപാലിന് വേണ്ടി മുത്തുമണി മത്സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു.

തിലകന്‍ വിഷയവുമായി ബന്ധപ്പെട്ട് തന്നേയും സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. അച്ചടക്ക കമ്മിറ്റിയുടെ മുന്നില്‍ വിശദീകരണം നല്‍കിയില്ലെങ്കിലേ പുറത്താക്കാന്‍ സാധിക്കൂ. അന്ന് തന്നെ പുറത്താക്കുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്തു.

എല്ലാ നിയമങ്ങളും നടപ്പാക്കി പോകുന്ന ഒരു സംഘടന എന്നതിലുപരി ഒരു കൂട്ടായ്മയാണ് അമ്മ. അമ്മയെ ആവശ്യമില്ലാതെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ബാബുരാജ് ആവശ്യപ്പെട്ടു.

Related posts