തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ടുള്ള ബന്ധുവീട്ടില്‍നിന്നും അറസ്റ്റ് ചെയ്ത് ശ്രീതുവിനെ ബാലരാമപുരത്തെത്തിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്റെ സഹോദരന് ഹരികുമാര്‍ റിമാന്റിലാണ്.
ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇരുവരുടെയും വാട്ട്സ് ആപ്പ് ചാറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ശ്രീതുവിന്റെ അറിവോടെയാണ് ഹരികുമാര്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.
ഇതേ തുടര്‍ന്നാണ് ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശ്രീതു പാലക്കാട്ടാണ് താമസിച്ച് വന്നിരുന്നത്.പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തവെ തിരുവനന്തപുരം റൂറല്‍ എസ്പി സുദര്‍ശനനോട് കുട്ടിയെ കൊലപ്പെടുത്തിയത് ശ്രീതുവാണെന്ന് ഹരികുമാര്‍ വെളിപ്പെടുത്തിയിരുന്നു.
വാട്ട്സ് ആപ്പ് ചാറ്റുകളുടെ ഫോറന്‍സിക് പരിശോധന ഫലത്തില്‍ ശ്രീതുവിന്റെ പങ്ക് വെളിപ്പെട്ടതോടെയാണ് അറസ്റ്റിലേക്ക് കടന്നത്.ഹരികുമാറും ശ്രീതുവും സഹോദരങ്ങളാണെങ്കിലും ഇരുവരും തമ്മില്‍ വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്ന് ഫോലീസ് കണ്ടെത്തി. ഇവരുടെ ബന്ധത്തിന് കുട്ടി തടസ്സമാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.
ശ്രീതുവിനെ വിശദമായി പോലീസ് ചോദ്യം ചെയ്യുകയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും. നിലവില്‍ രണ്ടാം പ്രതിയായാണ് ശ്രീതുവിനെ കേസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശ്രീതുവും ഹരികുമാറും കൂട്ടായാണ് കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.