കോളിസ്റ്റിന്‍ ആന്റിബയോട്ടിക് കുത്തിവെച്ച കോഴിയുടെ ഇറച്ചി കഴിക്കുന്ന മനുഷ്യരില്‍ മരുന്നുകളും ചികിത്സകളും വേണ്ടത്ര ഫലം ചെയ്യുന്നില്ല! ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞതിതൊക്കെ

ലോകത്ത് പലയിടത്തും ആളുകള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു ഭക്ഷ്യ വിഭവമായി മാറിയിരിക്കുകയാണ് ബ്രോയിലര്‍ ചിക്കന്‍. മലയാളികളും ഇക്കൂട്ടത്തില്‍ പെടും. എന്നാല്‍ ഇത്തരം ഇറച്ചിയുടെ അമിതോപയോഗം വരുത്തി വയ്ക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുകയാണ് പതിവ്. അക്കൂട്ടത്തിലൊരു പ്രശ്‌നമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്ത് വരുന്നത്.

ബ്രോയിലര്‍ കോഴികള്‍ അതിവേഗത്തില്‍ വളരാന്‍ വന്‍ തോതില്‍ ഉപയോഗിച്ചു വരുന്ന കോളിസ്റ്റിന്‍ ആന്റിബയോട്ടിക് രാജ്യത്ത് നിരോധിച്ചേക്കും എന്ന വാര്‍ത്തയാണിത്. ഈ മരുന്ന് ധാരാളമായി ഉപയോഗിക്കുന്ന കോഴികളെ ഭക്ഷിക്കുന്ന മനുഷ്യരില്‍ മരുന്നുകളും ചികിത്സകളും വേണ്ട രീതിയില്‍ ഫലം ചെയ്യുന്നില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്.

കോളിസ്റ്റിന്‍ ആന്റിബയോട്ടിക് കുത്തിവെച്ച കോഴിയുടെ ഇറച്ചി കഴിക്കുന്ന മനുഷ്യരില്‍ പലരോഗങ്ങള്‍ക്കും ചികിത്സ ഫലപ്രദമാകുന്നില്ലെന്ന് പൊതുജനാരോഗ്യ പ്രവര്‍ത്തകരും പറയുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ത്യയില്‍ നടത്തിയ അന്വേഷണത്തില്‍ കോഴിയില്‍ അതിശക്തമായ ആന്റിബയോട്ടിക് സാന്നിധ്യം കണ്ടെത്തിയിരുന്നു. കോഴിയിറച്ചി ഉത്പന്നങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന മക്ഡോംണാള്‍ഡ്, പിസ്സ ഹട്ട്, കെ.എഫ്.സി എന്നീ കമ്പനികളുടെ ചിക്കന്‍ വിഭവങ്ങളില്‍ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തിരുന്നു.

Related posts