കൊച്ചി: എറണാകുളം കതൃക്കടവിലെ ഇടശേരി ബാറിനു മുന്നില്‍ വെടിവയ്പ്. സംഭവത്തില്‍ ബാര്‍ മാനേജർ ഉൾപ്പെടെ മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് കാറില്‍ രക്ഷപ്പെട്ട നാലംഗ അക്രമി സംഘത്തിൽ ഒരാൾ കസ്റ്റഡിയിലായതായി സൂചന.
മറ്റ് പ്രതികളെ കണ്ടെത്തുന്നതിനായി എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രതികളെക്കുറിച്ച് പോലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. പ്രതികൾ മൂവാറ്റുപുഴ സ്വദേശികളാണെന്നും സൂചനയുണ്ട്. കസ്റ്റഡിയിലുള്ള ആളെ വിശദമായി ചോദ്യംചെയ്തു വരുന്നു. സംഭവത്തിന് ശേഷം ഇയാളാണ് കാർ ഓടിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30നായിരുന്നു സംഭവം.
വെടിവയ്പ്പില്‍ ബാര്‍ മാനേജര്‍ കോട്ടയം കാഞ്ഞിരപ്പള്ളി ഉള്ളാട്ടില്‍ ജിതിന് ജോര്‍ജ് (25), ബാര്‍ ജീവനക്കാരും എറണാകുളം സ്വദേശികളായ സുജിന്‍ ജോണ്‍ (30), അഖില്‍ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെടിയുണ്ട സുജിന്റെ വയറിലും അഖിലിന്റെ ഇടതു കാലിന്റെ തുടയിലുമാണ് തറച്ചുകയറിയത്. സംഭവസ്ഥലത്തുനിന്ന് ഒരു വെടിയുണ്ട പോലീസ് കണ്ടെടുത്തു. അക്രമി സംഘം സഞ്ചരിച്ച കെഎല്‍ 51 ബി 2194 നമ്പര്‍ ഫോര്‍ഡ് ഫിഗോ കാര്‍ മൂവാറ്റുപുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇന്ന് രാവിലെ കണ്ടെത്തി.
ബാറില്‍നിന്ന് മദ്യപിച്ചശേഷം പുറത്തിറങ്ങി നാലംഗ സംഘം വാക്കേറ്റത്തിലേര്‍പ്പെട്ടു. ബാറിനു മുന്നില്‍ റോഡില്‍ വച്ച് വഴക്കു കൂടുന്നതുകണ്ട് ബാര്‍ മാനേജര്‍ ജിതിന് ഇത് ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായ സംഘം ജിതിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഇതുകണ്ട് തടസം പിടിക്കാനെത്തിയ ബാര്‍ ജീവനക്കാരായ സുജിനെയും അഖിലിനെയും പ്രതികളിലൊരാള്‍ കൈയിലുണ്ടായിരുന്ന കൈത്തോക്കു കൊണ്ട് പലതവണ വെടിവയ്ക്കുകയായിരുന്നു. വെടിയുണ്ട തുളച്ചുകയറിയ ഇരുവരും ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നും ഇരുവരും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
പ്രതികള്‍ മൂവാറ്റുപുഴയില്‍ നിന്നെടുത്ത റെന്റ് എ കാറിലാണ് എത്തിയതായി പോലീസിന് ഇന്നലെ തന്നെ വിവരം ലഭിച്ചിരുന്നു. ഈ വാഹനം തിരിച്ചു മൂവാറ്റുപുഴയിലേക്ക് പോയതായും പോലീസ് സ്ഥിരീകരിച്ചിരുന്നു. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
കരുതിക്കൂട്ടിയുള്ള വധശ്രമം, ആയുധം കൈവശം വയ്ക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചു.
സ്വന്തം ലേഖിക